ജനങ്ങൾക്കൊപ്പം പൂർണമനസ്സോടെ
മണിമല: ആരോഗ്യപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കോവിഡ് കാലത്ത് നാട് മുമ്പോട്ടുപോയത്. രോഗികളെയും ഗർഭിണികളെയും ആവശ്യഘട്ടത്തിൽ സഹായിച്ചതടക്കം ഒട്ടേറെ അവിസ്മരണീയ സംഭവങ്ങളാണ് ഓരോ അംഗങ്ങളും പറയുന്നത്.
മണിമല പഞ്ചായത്ത് പതിനഞ്ചാം വാർഡംഗമായ അതുലാദാസിനാണ് ഗർഭിണിയെ സഹായിച്ച ഓർമ പങ്കിടാനുള്ളത്. തന്റെ വാർഡിൽപ്പെട്ട യുവതി വീട്ടിൽ പ്രസവിച്ചതായി അറിഞ്ഞു. ഉടനെതന്നെ വീട്ടിലെത്തി സമീപത്തെ നഴ്‌സിനെ വിളിച്ചുവരുത്തി. അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൂന്ന് സന്നദ്ധപ്രവർത്തകരും ഇവരെ സഹായിക്കാൻ കൂടി. ആശുപത്രിയിലെത്തിയ ഇവർക്ക് ആവശ്യമായ വസ്തുക്കൾ ഒരു കട ഉടമയെ വിളിച്ചുവരുത്തി വാങ്ങിനൽകി തിരികെ വീട്ടിലെത്തുമ്പോൾ രാത്രി പത്തുമണി. ഇത് ഒരു സംഭവമല്ല. രോഗികളിൽ പലരിലും സമാനമായ രീതിയിൽ വൈദ്യസഹായം എത്തിച്ച് രക്ഷപ്പെടുത്തി.
വാർഡിലെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ്, പച്ചക്കറി, പലവ്യഞ്ജനം, മരുന്ന് എന്നിവ ആർ.ആർ.ടി.ഗ്രൂപ്പിലെ സന്നദ്ധസേവകരെ ഉപയോഗിച്ച് വിതരണംചെയ്തു. സമൂഹ അടുക്കളയിൽനിന്ന് ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകി. സാമ്പത്തികമായി പിന്നാക്കംനിന്ന കുടുംബത്തിലെ കുട്ടിക്ക് പഠനസൗകര്യത്തിന് സ്മാർട്ട് ഫോൺ നൽകി.
ആറാം വാർഡംഗം വി.കെ.ബാബുവിന്റെ വാർഡിൽ അറുപതോളം കോവിഡ് ബാധിതർവരെ ഉണ്ടായിരുന്നു. അതിനാൽ വാർഡിൽ മാത്രമായി ആംബുലൻസ് സൗകര്യമൊരുക്കി രോഗികളെ ആശുപത്രികളിലെത്തിക്കാൻ മുൻഗണന നൽകി. വാർഡിലെ രോഗികൾക്ക് ഡി.വൈ.എഫ്.ഐ.യുടെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണമെത്തിച്ചുനൽകി. കോവിഡ് വ്യാപനം തടയാൻ ജാഗ്രതാ സമിതികൾ പ്രവർത്തിച്ചു. മരുന്ന് ഭക്ഷ്യക്കിറ്റ് എന്നിവ കൃത്യ സമയങ്ങളിലെത്തിച്ചു.
ഒൻപതാം വാർഡംഗം പി.ജി.പ്രകാശ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ പോകാൻ വാഹന സൗകര്യം ഏർപ്പാടാക്കി. കോവിഡ് ബാധിതരായ എല്ലാവർക്കും ഭക്ഷ്യക്കിറ്റ് നൽകി. കോവിഡ് രോഗികൾക്ക് മരുന്ന്, വയോജനങ്ങൾക്ക് സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം എന്നിവ നൽകി. രോഗികളെ സഹായിക്കാൻ പി.പി.ഇ. കിറ്റ് ധരിച്ച വൊളന്റിയർമാരുടെ സേവനവും നൽകി. രോഗികളുമായി ഫോണിൽ ബന്ധപ്പെട്ട് സാന്ത്വന പരിചരണവും നടത്തി.
തുടർച്ചയായി മൂന്നുതവണ പഞ്ചായത്തംഗമായ പി.കെ.ജമീല പതിനൊന്നാം വാർഡിൽ പ്രവർത്തകയാണ്. ഈ വാർഡിൽ കോവിഡ് ബാധിതർ കുറവായിരുന്നെങ്കിലും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ഹരിതകർമ സേനയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി. ഹോമിയോ മരുന്ന് മിക്ക വീടുകളിലും പഞ്ചായത്തംഗം നേരിട്ടെത്തിച്ചു.