കോവിഡ് ദുരന്തം : കോട്ടയം ജില്ലയിൽ പൂട്ടിയത് നൂറിലേറെ വ്യാപാരസ്ഥാപനങ്ങൾ
കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് കോട്ടയം ജില്ലയിലെ വ്യാപാരമേഖല. ജില്ലയിൽ മൂപ്പതിനായിരത്തിലധികം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. ഒരുലക്ഷത്തിലധികം പേർ വിവിധ സ്ഥാപനങ്ങളിലായി തൊഴിലെടുക്കുന്നുണ്ട്. വിവിധ മേഖലകളിലായി നൂറിലധികം സ്ഥാപനങ്ങൾ ഇതുവരെ പൂട്ടി.
ആഭരണശാലകൾ, മൊബൈൽ, ഇലക്ട്രോണിക്സ്, വീട്ടുപകരണ സ്ഥാപനങ്ങൾ, വസ്ത്രശാലകൾ, നിർമാണസാമഗ്രി കടകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും നിലനില്പിനെയും കോവിഡ് നിയന്ത്രങ്ങൾ ബാധിച്ചു. ദിവസവും കടതുറക്കാൻ കഴിയാത്തത് കടകളിൽ തിരക്കുവർധിക്കാൻ കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു.
കാർഷികമേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽപേർ തൊഴിലെടുക്കുന്നിയിടമാണ് വ്യാപാരമേഖല. ചെറുകിട വ്യാപാര മേഖലയെ നിയന്ത്രണങ്ങൾ കൂടുതൽ ബാധിച്ചു. കോവിഡിനൊപ്പം ഓൺലൈൻ വ്യാപാരമേഖലയുടെ കടന്നുകയറ്റവും കച്ചവടം കുറച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കാൻ കഴിയാതായതോടെ നിരവധിപേരുടെ വരുമാനവും മുടങ്ങി. നിലവിൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കഴിയുമെങ്കിലും അശാസ്ത്രീയമായ നിയന്ത്രണങ്ങൾ പ്രവർത്തനത്തെ ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു.
ജില്ലയിൽ പതിനായിരത്തോളംപേർക്ക് തൊഴിൽ നൽകുന്ന വസ്ത്രവ്യാപാരമേഖലയിൽ വൻ സാമ്പത്തിക നഷ്ടമാണ് രണ്ടാം കോവിഡ് തരംഗം നൽകിയത്. ഈസ്റ്റർ, വിഷു, റംസാൻ ഉത്സവ വിപണിയും നഷ്ടമായി. ഇവ മുന്നിൽകണ്ട് എടുത്ത സ്റ്റോക്ക് സ്ഥാപന ഉടമകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബാങ്ക് വായ്പയിലും പലിശയ്ക്ക് പണമെടുത്തുമാണ് പലരും കച്ചവടം നടത്തുന്നത്. തൊഴിലാളി വേതനം, കെട്ടിട വാടക, വൈദ്യുതിപ്പണം തുടങ്ങിയവ കട അടച്ചിട്ടിരുന്നപ്പോഴും നൽകേണ്ടിവന്നു. ഓണവിപണിയാണ് ഇനി മുൻപിലുള്ള പ്രതീക്ഷ. കോവിഡ് വ്യാപന സാഹചര്യമുണ്ടായാൽ മേഖലയ്ക്ക് തിരിച്ചടിയാകും.