കാറ്ററിങ് മേഖലയിലെ പ്രതിസന്ധി: സമരം
കാറ്ററിങ് മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ജൂലായ് ആറിന് പകൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുപ്പുസമരം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം നിർവഹിക്കും. 14 ജില്ലകളിലെയും ബിവറേജസ് കോർപ്പറേഷന്റെ പ്രധാന വിൽപ്പനകേന്ദ്രങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ എ.കെ.സി.എ. പ്രവർത്തകർ നിൽപ്പുസമരവും നടത്തും.
നൂറുകണക്കിന് ആളുകൾ പോലീസ് സാന്നിധ്യത്തിൽപോലും കോവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് മുന്നിൽ വരി നിൽക്കുമ്പോൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണവിതരണം നടത്താൻ സർക്കാർ അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള പ്രതിഷേധമാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു.
ഓഡിറ്റോറിയങ്ങളുടെ വലുപ്പത്തിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങുകൾക്ക് കാറ്ററിങ് നടത്താൻ അനുവദിക്കുക, കുറഞ്ഞ പലിശനിരക്കിൽ ലോൺ അനുവദിക്കുക, ലോണിന്റെ തിരിച്ചടവിന് ആറുമാസത്തെ ഇളവ് അനുവദിക്കുക, കാറ്ററിങ് തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, വൈദ്യുതി കുടിശ്ശിക തവണ വ്യവസ്ഥയിൽ അടയ്ക്കാനുള്ള അവസരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് നേതാക്കളായ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ, കോട്ടയം ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, മേഖലാ പ്രസിഡന്റ് കുര്യൻ വർക്കി, സെക്രട്ടറി ബിനോയി എബ്രഹാം എന്നിവർ പറഞ്ഞു.
കോട്ടയം ജില്ലയിൽ നാഗമ്പടം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, പാലാ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, എരുമേലി, ചങ്ങനാശ്ശേരി, കറുകച്ചാൽ എന്നിവിടങ്ങളിലെ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് മുന്നിലാണ് സമരം നടക്കുക.