അഞ്ചുസെന്റിൽ നാനൂറിലേറെ സസ്യങ്ങളുമായി വിദ്യാവനം

ചിറക്കടവ്: എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസിൽ ഓക്‌സിജൻ ബാങ്കായി വിദ്യാവനം ഒരുക്കും. വനംവകുപ്പിന്റെയും സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ അഞ്ചുസെന്റ് സ്ഥലത്ത് വലിയ മരങ്ങൾ ഉൾപ്പെടെ നാനൂറിലേറെ സസ്യങ്ങളാണ് നട്ടുവളർത്തുന്നതെന്ന് പ്രഥമാധ്യാപകൻ കെ.ലാൽ പറഞ്ഞു. ജില്ലയിൽ വിദ്യാവനം സ്ഥാപിക്കുന്ന രണ്ടാമത്തെ സ്‌കൂളാണ് എസ്.ആർ.വി. മുൻവർഷം കോട്ടയം നവോദയ സ്‌കൂളിൽ കൃത്രിമവനം ഒരുക്കിയിരുന്നു. വനംവകുപ്പ് തയ്യാറാക്കിയ തൈകളാണ് ഉപയോഗിക്കുന്നത്. 

ഇവയുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലാണ്. മൂന്നുവർഷത്തേക്ക് ജലസേചനമുൾപ്പെടെ പരിപാലനം ഇവർ നടത്തും. എസ്.ആർ.വി.സ്‌കൂളിന് മുൻവശം കുളം ഉള്ളതിനാൽ സമൃദ്ധമായി വെള്ളം ലഭിക്കും. വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച 11.30-ന് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിക്കും. സോഷ്യൽ ഫോറസ്ട്രി എ.ജി.എഫ്. ഡോ. ജി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. 

സ്വാഭാവിക വനത്തിലേതുപോലെ തട്ടുകളായി സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയാണ് രീതി. നാട്ടിൻപുറത്ത് അപ്രത്യക്ഷമാകുന്ന കമ്പകം പോലുള്ള മരങ്ങൾ ഇതിലുണ്ടാവും. 

പരിമിതമായ സ്ഥലം നിറയെ ഓക്‌സിജൻ പ്രദാനം ചെയ്യുന്ന സസ്യങ്ങൾ നിറയ്ക്കും. ശാസ്ത്രീയമായ രീതിയാണിതെന്ന് നേതൃത്വം നൽകുന്ന പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി.ജയൻ പറഞ്ഞു.

error: Content is protected !!