വിശ്രമകേന്ദ്രം നിർമാണത്തിന്എതിരേ പള്ളിക്കമ്മിറ്റി
മുണ്ടക്കയം: ബൈപ്പാസ് റോഡിൽ ടൂറിസംവകുപ്പ് നിർമിക്കുന്ന വിശ്രമകേന്ദ്രത്തിെൻറ നിർമാണത്തിൽ പ്രതിഷേധവുമായി പള്ളിക്കമ്മിറ്റി.
പഞ്ചായത്തുമായി സഹകരിച്ച് ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിപ്രകാരം, കോഫി ഷോപ്പും, ടോയ്‌ലറ്റ് സൗകര്യവും കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത്തിനുള്ള സൗകര്യത്തോടുകൂടിയ ആധുനികരീതിയിലുള്ള വിശ്രമകേന്ദ്രമാണ് വിനോദസഞ്ചാര വകുപ്പ് ഇവിടെ നിർമിക്കുന്നത്.
ബൈപ്പാസ് റോഡിൽ നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിനെതിരേയാണ് മുണ്ടക്കയം സെന്റ് മേരീസ് ഇടവക കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ എതിർപ്പ് അറിയിച്ചത്. പള്ളിയുടെ മുൻഭാഗത്തായി ശുചിമുറിയോടുകൂടിയ വിശ്രമകേന്ദ്രം വരുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധം അറിയിച്ചതിനെത്തുടർന്ന് നിർമാണം താത്കാലികമായി നിർത്തി.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റിയുമായി ചർച്ച നടത്തി. താത്‌കാലികമായി നിർമാണജോലികൾ നിർത്തിവെയ്‌ക്കാനും പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്ത് തീരുമാനമെടുക്കാമെന്നും ഇവർ അറിയിച്ചു.ആധുനികരീതിയിൽ നിർമിക്കുന്ന മന്ദിരം ഒരുതരത്തിലും പൊതുജനങ്ങൾക്കോ, പള്ളിക്കോ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും ഭരണസമിതി പറയുന്നു.