യൂറിയ അമിത അളവിൽ വിറ്റ കടയ്ക്കെതിരേ നടപടി
കാഞ്ഞിരപ്പള്ളി: സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന യൂറിയ അനധികൃതമായി വൻതോതിൽ വിറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് വളക്കടയിലെ വളം വില്പനാനുമതി കൃഷിവകുപ്പ് താത്കാലികമായി വിലക്കി. കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന കടയ്ക്കെതിരേയാണ് നടപടി.
കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിലാണ് ടൺകണക്കിന് യൂറിയ വിറ്റതായി കണ്ടെത്തിയത്. വില്പന നടത്തിയതിന്റെ രേഖകൾ 21 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് കടയുടമയ്ക്ക് നിർദേശം നൽകിയതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ഒരുകടയിൽ മാത്രം വൻ തോതിൽ യൂറിയ കടത്തുന്നതായി പരാതി ഉയർന്നതോടെയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയത്. കൃഷിയാവശ്യത്തിന് യൂറിയ ഒരുകിലോയ്ക്ക് 5.70 രൂപയും വ്യാവസായിക ആവശ്യത്തിനാണെങ്കിൽ കിലോയ്ക്ക് 30 രൂപയുമാണ് വില.
കാർഷികാവശ്യത്തിനായി യൂറിയ, പൊട്ടാഷ്, ഫോസ്‌ഫറസ് എന്നീ മൂന്ന് വളങ്ങളാണ് കർഷകർ സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ, യൂറിയ മാത്രം കടയിൽനിന്ന് വൻതോതിൽ വിറ്റഴിച്ചതോടെയാണ് കൃഷിവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നതും അന്വേഷണം ആരംഭിച്ചതും.
ടൺകണക്കിന് യൂറിയ കാഞ്ഞിരപ്പള്ളിയിലെ കടയിൽനിന്ന് മറ്റ് ജില്ലയിലേക്കും പ്രദേശങ്ങളിലേക്കുമായി വിറ്റിരിക്കുന്നത്. കർഷകരുടെ ആധാർ കാർഡ് നമ്പരും വിരലടയാളവും നൽകിയാൽ മാത്രമേ സബ്‌സിഡി ലഭ്യമാകുകയുള്ളൂ. ഇത്തരത്തിൽ വിവിധ ആധാർകാർഡ് നമ്പറും വിരലടയാളങ്ങളും ഉപയോഗിച്ചാണ് യൂറിയ വിറ്റിരിക്കുന്നത്. കൃഷിഭൂമിയുടെ അളവിന് ആനുപാതികമായി നിശ്ചിത അളവിലാണ് കർഷകർക്ക് യൂറിയ വിതരണം ചെയ്യുന്നത്.