അകക്കണ്ണിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതി നേടിയത് മിന്നും വിജയങ്ങൾ
കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്റെ വെളിച്ചത്തിൽ ശാരീരിക പരിമിതികളെ തോൽപിച്ച് എസ്.എൽ.സി.സി. പരീക്ഷയിൽ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾ നേടിയത് മികച്ച വിജയം. നെയ്യാറ്റിൻകര കോഹിനൂർ എ.എസ്. ആദിത്യൻ, കാരിക്കോട് നടുവീട്ടിൽ അമ്മു ബിജു, മണിമല ആലപ്ര വെച്ചുകുന്നേൽതടത്തിൽ അഖില എസ്.ലക്ഷ്മി എന്നിവരാണ് മികച്ച വിജയം നേടിയത്. അമ്മു ബിജുവിന് ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചു. അഖില എസ്.ലക്ഷ്മി ഏഴ് എപ്ലസും മൂന്ന് എ ഗ്രേഡും നേടി. ആദിത്യന് മൂന്ന് എ പ്ലസ്, ഒരു എ, ഒരു ബി പ്ലസ്, ഒരു ബി, മൂന്ന് സി പ്ലസ്, ഒരു സി എന്നിങ്ങനെയാണ് ഗ്രേഡ്.
ഒന്നുമുതൽ ഏഴുവരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും ഹൈസ്‌കൂൾ പഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലുമായിരുന്നു. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത്. സ്‌കൂളുകൾ അടച്ചിട്ടതോടെ വിക്ടേഴ്സ് ചാനലിലൂടെയും സ്‌കൂളിൽനിന്ന് നൽകിയ ഓൺലൈൻ ക്ലാസുകളും കേട്ടാണ് ഇത്തവണ പഠിച്ചത്. പഠനത്തിൽ മാത്രമല്ല സ്‌പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
അസീസി സിസ്‌റ്റേഴ്സ് ഓഫ് മേരി ഇമാകുലേറ്റ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് അസീസി സ്‌കൂളിന്റെ പ്രവർത്തനം. ഭാഗികമായും പൂർണമായിട്ടും കാഴ്ചപരിമിതിയുള്ളവരാണ് സ്‌കൂളിൽ പഠിക്കുന്നത്. പ്രഥമധ്യാപിക സിസ്റ്റർ ചൈതന്യയുടെ നേതൃത്വത്തിൽ ഇരുപത് ജീവനക്കാരും സ്‌കൂളിലുണ്ട്. പാഠ്യ വിഷയങ്ങൾക്ക് പുറമേ സംഗീതം, കരകൗശല നിർമാണം, സംഗീത ഉപകരണ പഠനം തുടങ്ങിയവയ്ക്കും പ്രത്യേക പരിശീലനം അസീസി സ്‌കൂളിൽ നൽകുന്നുണ്ട്.