വാക്‌സിനേഷന്‍: സ്ലോട്ട്‌ കിട്ടാതെ ആയിരങ്ങള്‍

വാക്‌സിനേഷന്‍ നടപടികള്‍ വിജയകരമെന്നു കോട്ടയം: ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴും ആദ്യ ഘട്ട വാക്‌സിനേഷനു സ്ലോട്ട്‌ ലഭിക്കാതെയും രണ്ടാം ഘട്ട വാക്‌സിനേഷനുള്ള സന്ദേശം ലഭിക്കാതെയും പതിനായിരങ്ങള്‍. പിറ്റേന്നുള്ള വാക്‌സിനേഷനായി തലേദിവസം വൈകിട്ട്‌ ഏഴിനു സ്ലോട്ട്‌ ബുക്ക്‌ ചെയ്യാനുള്ള സംവിധാനത്തിനെതിരേ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു 15 ദിവസത്തെ സ്ലോട്ട്‌ ഒന്നിച്ച്‌ അനുവദിച്ച്‌ പുനക്രമീകരണം നടത്തിയിരുന്നു. തുടര്‍ന്ന്‌ ശനിയാഴ്‌ച ഒരിക്കല്‍ കൂടി അവസരം നല്‍കി. എന്നാല്‍, അറിയിപ്പു ലഭിച്ച സമയത്തു ഓണ്‍ലൈനിനു മുന്നില്‍ കാത്തിരുന്ന ഭൂരിപക്ഷത്തിനും സ്ലോട്ട്‌ ലഭിച്ചില്ല. 


പതിവുപോലെ ഒ.ടി.പി. ലഭിച്ച്‌ സൈറ്റില്‍ കയറി തെരച്ചില്‍ നടത്തുമ്പോഴേയ്‌ക്കും സ്ലോട്ടുകള്‍ നിറഞ്ഞു. സ്‌ട്ടോട്ടുണ്ടെന്നു കണ്ടു ബുക്ക്‌ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ സ്ലോട്ട്‌ നിറഞ്ഞുവെന്ന സന്ദേശം ലഭിച്ചു നിരാശരായവരും ഏറെ. ഇതോടെ, വ്യാപക ആക്ഷേപവും പരാതിയുമാണ്‌ ഉയരുന്നത്‌.കലക്‌ടറുടെ ഓഫീഷ്യല്‍ ഫേസ്‌ബുക്ക്‌ പേജില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച അറിയിപ്പിനു താഴെയായി അഞ്ഞൂറിലേറെ പരാതികളാണ്‌ ഇതോടകം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. 


കാത്തിരുന്നിട്ടു സ്ലോട്ട്‌ ലഭിക്കാത്തതും രണ്ടാം ഘട്ട വാക്‌സിനേഷന്‍ നീണ്ടു പോകുന്നതുമായി ബന്ധപ്പെട്ട പരാതികളുമാണ്‌ ഏറെ. ഒരു മാസത്തിലേറെയായി ശ്രമിക്കുന്നുവെന്നും ഇതുവരെ സ്ലോട്ട്‌ ലഭിക്കുന്നില്ലെന്നും സംവിധാനത്തില്‍ മാറ്റമുണ്ടാകണമെന്നുള്ള കമന്റുകളാണേറെ. 
മറ്റു ജില്ലകളിലൊന്നുമില്ലാത്ത പ്രശ്‌നം ഇവിടെ മാത്രമാണെന്ന ആക്ഷേപവും കമന്റുകളായി വന്നിട്ടുണ്ട്‌. എന്നാല്‍, ഇതിനൊന്നും പ്രതികരണമുണ്ടായിട്ടുമില്ല. ചുരുക്കം ചിലര്‍ മാത്രമാണ്‌ അനുകൂലിച്ചു മറുപടി നല്‍കിയിരിക്കുന്നത്‌. രണ്ടാം ഘട്ട വാക്‌സിനേഷനായി കാത്തിരിക്കുന്ന വയോധികരുടെ അവസ്‌ഥയും ദുരിതത്തിലാണ്‌. കോവിഷീല്‍ഡ്‌ വാക്‌സിന്‍ ആദ്യ ഡോസ്‌ എടുത്തു 84 ദിവസം കഴിയുമ്പോള്‍ രണ്ടാം ഘട്ടം എന്നാണു നിര്‍ദേശം. നിലവില്‍, ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യാതെ മൊബൈലില്‍ സന്ദേശം വരുന്നവര്‍ക്കാണ്‌ രണ്ടാം ഡോസ്‌ നല്‍കുന്നത്‌. ആദ്യ ഡോസ്‌ എടുത്തു 100 ദിവസം കഴിഞ്ഞവര്‍ പോലും ഇപ്പോഴും കാത്തിരിക്കുകയാണ്‌. 
രണ്ടാം ഡോസ്‌ എടുക്കുന്നതിനുള്ള സമയമായെന്ന സന്ദേശം കൃത്യമായി ലഭിക്കുന്നുണ്ട്‌. എന്നാല്‍, എന്ന്‌, എവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശം മാത്രം ലഭിക്കുന്നില്ല.ഇത്തരക്കാര്‍ അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ പഞ്ചായത്ത്‌ മെമ്പറെയോ ആശാ വര്‍ക്കറെയോ വിളിക്കാന്‍ ആവശ്യപ്പെടും. ഇവരെ വിളിക്കുമ്പോള്‍ ഇവരും കൈമലര്‍ത്തുകയാണത്രേ.  
പഞ്ചായത്ത്‌ അടിസ്‌ഥാനത്തില്‍ വാക്‌സില്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണു ഭൂരിഭാഗത്തിന്റെയും ആവശ്യം.

error: Content is protected !!