1957-ന്റെ ആവർത്തനം

 

: മണിമലയാറ്റിലും അതിന്റെ വൃഷ്ടിപ്രദേശങ്ങളിലും തീരങ്ങളിലും ഉണ്ടായത് 64 വർഷത്തിനിടെയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. 2018-ലെ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞെങ്കിലും തീരത്ത് ഇത്രയേറെ വെള്ളം പൊങ്ങിയിരുന്നില്ല. 1957-ലുണ്ടായ വെള്ളപ്പൊക്കമാണ് ഇപ്പോഴുണ്ടായതിന് സമാനമെന്ന് മുതിർന്ന പൗരൻമാർ ഒാർക്കുന്നു. 

അന്ന് മൂന്നുദിവസംനീണ്ട വെള്ളപ്പൊക്കത്തിൽ കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല, കോട്ടാങ്ങൽ, ചുങ്കപ്പാറ, മല്ലപ്പള്ളി പ്രദേശങ്ങൾ മുങ്ങിപ്പോയിരുന്നു. ’57-ൽ കൂട്ടിക്കലെ ഉറുമ്പിക്കരയിലാണ് ഉരുൾപൊട്ടിയത്. അതിനടുത്തുള്ള പ്ലാപ്പള്ളിയിലും കാവാലിയിലും ഇത്തവണ ഉരുൾപൊട്ടി. സമീപപ്രദേശങ്ങളിൽ എട്ട് ചെറിയ ഉരുളുകളും.

കൂമ്പാരമേഘങ്ങൾ പെയ്തിറങ്ങി…

16-ന് രാവിലെ എട്ടുമുതൽ 17-ന് രാവിലെ എട്ടുവരെയുള്ള കണക്കുപ്രകാരം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ 266 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. തൊട്ടുമേലേയുള്ള പീരുമേട് സ്റ്റേഷൻ പരിധിയിൽ 292 മില്ലീമീറ്ററും. 24 മണിക്കൂറിനിടെ ഇത്രയേറെ മഴ ഒരുപ്രദേശം കേന്ദ്രീകരിച്ചുണ്ടാകുന്നത് കൂമ്പാരമേഘത്തിന്റെ സാന്നിധ്യം മൂലമാകാം. 17 കിലോമീറ്റർവരെ ഉയരത്തിൽ ഒന്നിനുമീതെ മറ്റൊന്നായി അട്ടിയട്ടിയായി മേഘങ്ങൾ ഉരുണ്ടുകൂടുകയും അത് ചെറിയ സമയപരിധിയിൽ പെയ്തുതീരുകയും ചെയ്യുന്ന സ്ഥിതിയാണിത്.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ ദേശം. തൊട്ടടുത്ത കൊക്കയാർ ഇടുക്കി ജില്ലയിൽ പീരുമേട് സ്റ്റേഷന്റെ പരിധിയിലും. രണ്ട് പ്രദേശങ്ങളും അഞ്ച് കിലോമീറ്റർ പരിധിയിലാണുള്ളത്.

പുല്ലകയാർ കൂലംകുത്തി മണിമലയാറ്റിലെത്തി

കൊക്കയാർ-കൂട്ടിക്കൽ പഞ്ചായത്തുകളുടെ അതിരിലൂടെയാണ് പുല്ലകയാർ ഒഴുകുന്നത്. മണിമലയാറിന്റെ പ്രധാന കൈവഴിയാണിത്. രണ്ട്‌ പഞ്ചായത്തുകളിലുമുണ്ടായ ഉരുൾപൊട്ടലിലെ വെള്ളവും മണ്ണും പുല്ലകയാറ്റിലൂടെ മണിമലയാറ്റിലെത്തിയതോടെ ഒഴുക്ക് വിസ്ഫോടന സ്വഭാവത്തിലേക്ക് മാറി. ശനിയാഴ്ച ഉച്ചയായപ്പോൾ തന്നെ തീരങ്ങളിലേക്ക് അതിശക്തമായിട്ടാണ് വെള്ളം ഇരച്ച് കയറിയത്.

കാഞ്ഞിരപ്പള്ളി മുങ്ങുന്നത് ആദ്യം

കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങുന്നത് ഇതാദ്യമാണ്. മണിമലയിൽ മൂങ്ങാനി ജങ്ഷനിൽ രണ്ടുനില വീടുകൾവരെ മുങ്ങിപ്പോയത് ഇതാദ്യമെന്ന് പ്രദേശവാസിയായ കളരിക്കൽ അനിൽകുമാർ പറയുന്നു. 1964-െല വെള്ളപ്പൊക്കത്തിൽ കോട്ടാങ്ങൽ മുങ്ങിയപ്പോൾ അച്ഛൻ നാരായണപിള്ള വള്ളത്തിൽ ക്ഷേത്രവളപ്പിലേക്ക് കൊണ്ടുപോയത് മണിമലയാറിനുവേണ്ടി നിയമപോരാട്ടങ്ങൾ നടത്തിയിട്ടുള്ള കോട്ടാങ്ങൽ ഗോപിനാഥ പിള്ള ഒാർത്തെടുത്തു.

2018-നെക്കാൾ 15 അടി ഉയർന്നു

2018-നെ അപേക്ഷിച്ച് കോട്ടാങ്ങൽ ദേശത്ത് 15 അടിയോളം കൂടുതൽ ഇത്തവണ വെള്ളമുയർന്നു. പ്രളയം അടയാളപ്പെടുത്തിയ ഇടങ്ങളിൽനിന്നുള്ള കണക്കാണിത്. മണിമലയാറിന് കുറുകെ ചെറുവള്ളിയിലെ ചെറിയ പാലവും വെള്ളാവൂർ ആശ്രമംപടിയിലെ തൂക്കുപാലവും ഒലിച്ചുപോയി.

24 മണിക്കൂറിനിടെ കാഞ്ഞിരപ്പള്ളിയിൽ 266 മില്ലീമീറ്ററും പീരുമേട്ടിൽ 292 മില്ലീമീറ്ററും മഴ

 അതിതീവ്ര മഴതന്നെ 

205 മില്ലീമിറ്ററിൽ കൂടുതൽ പെയ്താൽ അതിതീവ്ര മഴയാണ്. 14 കിലോമീറ്ററും അതിനും മേലെയുമൊക്കെയായി അട്ടിയട്ടിയായി മേഘങ്ങൾ ഒരുപ്രദേശത്ത് ഉരുണ്ടുകൂടുകയും അവിടെ പെയ്തുതീരുകയുമാണ് ചെയ്യുന്നത്. കൂമ്പാരമേഘം എന്നും ഇതിനെ വിളിക്കാം. അറബിക്കടലിലെ ചൂടിന്റെ വർധനയാണ് ഇതിനെല്ലാം കാരണം. 29 ഡിഗ്രിവരെയാണ് ഇപ്പോൾ താപനിലയുള്ളത്. സാധാരണ ഇത് 26-27 വരെയാണ്.

കാഞ്ഞിരപ്പള്ളി, പീരുമേട് പ്രദേശങ്ങളിൽ കുറേ ദിവസങ്ങളായി കാര്യമായ ഇടവേളയില്ലാതെ തുടർച്ചയായി പെയ്ത മഴയിൽ മണ്ണ് ദുർബലമാകുകയും ചെയ്തിട്ടുണ്ടാകാം. അതിനുമേൽ അതിതീവ്ര മഴ പെയ്തിറങ്ങിയതാകാം ഉരുൾപൊട്ടലിന് കാരണം.

error: Content is protected !!