കൂട്ടിക്കലിൽ തിരച്ചിൽ പൂർത്തിയായി; കൊക്കയാറിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തി; ആകെ മരണം 22

 സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒമ്പത് പേരുമാണ് മരിച്ചത്. ഉരുൾപൊട്ടൽ നാശംവിതച്ച കോട്ടയം കൂട്ടിക്കലില്‍നിന്ന് എട്ടു മൃതദേഹങ്ങളാണ് ഇന്നു കണ്ടെടുത്തത്. മൂന്നു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (48), മാർട്ടിന്റെ ഭാര്യ സിനി (45), അമ്മ ക്ലാരമ്മ ജോസഫ് (65), മക്കളായ സാന്ദ്ര (14), സോന (12), സ്നേഹ (10) എന്നിങ്ങനെ ഒരു കുടുംബത്തിലെ ആറു പേരാണ് മരിച്ചത്. ഏന്തയാർ സ്വദേശിനി സിസിലി (50)യും മരിച്ചു.

ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (48) എന്നിവരുടെയും മൃതദേഹം ലഭിച്ചു. കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു. ഏന്തയാറിൽ ഓട്ടോ ഡ്രൈവറായ ഷാലറ്റ് ഓലിക്കൽ (29), കുവപ്പള്ളിയില്‍ രാജമ്മ (65) എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവർ ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം. 

ഇടുക്കി പീരുമേട് കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ നാല് മൃതദേഹങ്ങളും കുട്ടികളുടെതാണ്. സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ (7), മകൾ അംന (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ (8), അഹിയാൻ (4), ഷാജി ചിറയില്‍ (55) എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും കിട്ടിയിട്ടില്ല. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപ്പെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44)യുടെ മൃതദേഹവും ലഭിച്ചു. ഇതുകൂടാതെ തൊടുപുഴയ്ക്കടുത്ത് കാർ ഒഴുക്കിൽപ്പെട്ട് നിഖിൽ, നിമ എന്നിവർ ഇന്നലെ മരിച്ചിരുന്നു. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി.

അതിനിടെ സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!