ജലബോംബായി മലയോരം, ലഭിച്ചത് 138% അധികമഴ;
‘
പത്തനംതിട്ട∙ അറബിക്കടലിലെ ന്യൂനമർദത്തിൽനിന്നു രൂപപ്പെട്ട കനത്ത മഴയുടെ പിടിയിൽനിന്നു കേരളത്തിന് തൽക്കാലം മോചനം. എന്നാൽ ബുധനാഴ്ച മുതൽ തുലാവർഷത്തിനു മുന്നോടിയായുള്ള മഴ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 23 വരെ ഈ മഴ തുടരും. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കാം. ഈ മാസം അവസാനത്തോടെ തുലാവർഷം എത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം ഒക്ടോബർ 1 മുതൽ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. കണക്കനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ പട്ടികയിൽ. ഒക്ടോബർ മുതലുള്ള മഴ തുലാമഴയായാണ് കണക്കാക്കുന്നത്. എന്നാൽ കാലവർഷം ഇതുവരെയും പൂർണമായും പിൻവാങ്ങിയിട്ടില്ല. ഈ മാസം അവസാനത്തോടെ കാലവർഷം തുലാമഴയ്ക്കു വഴിമാറും.
∙ പെട്ടെന്ന് ഉയർന്ന് ജലനിരപ്പ്
ഡാം തുറന്നു വിട്ടതല്ല., മഞ്ഞുതടാകം ഇടിഞ്ഞു വീണതുമല്ല. അഞ്ച് മണിക്കൂറിൽ കൊണ്ട് ജലനിരപ്പ് ഉയർന്നത് ഏഴു മീറ്റർ. കോട്ടയം ജില്ലയിൽ മണിമലയാർ കടന്നു വരുന്ന പുല്ലകയാർ ജലമാപിനിയിൽ കേന്ദ്ര ജലകമ്മിഷൻ രേഖപ്പെടുത്തിയ കണക്കാണിത്. 1099 (1924) മുതൽ ഇതുവരെ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനും 3 മീറ്റർ മുകളിലൂടെ ചരിത്രത്തിലാദ്യമായി മണിമലയാർ ഒഴുകി. പുല്ലകയാറിൽ കഴിഞ്ഞ ഓഗസ്റ്റിൽ 98 മീറ്റർ (സമുദ്രനിരപ്പ് ഉയരം) ജലനിരപ്പെത്തിയിരുന്നു. ഇത് 101 മീറ്ററായി.
കല്ലൂപ്പാറയിൽ 2008ലെ പ്രളയത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ ഒരു മീറ്റർ മുകളിലൂടെ ഒഴുകിയപ്പോൾ മണിമലയാറ്റിലെ വെള്ളത്തിന്റെ ഉയരം 9 മീറ്റർ, ഏകദേശം ആറ് ആൾ പൊക്കം. മാണിക്കൽ മാപിനിയിൽ ജലനിരപ്പ് 78.94 മീറ്ററായി ഉയർന്നു. കഴിഞ്ഞ വർഷത്തെ 78.17 മീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
∙ ഇരുപതിലേറെ വാട്ടർ ഷെഡുകൾ; മണ്ണിടിച്ചിലിന്റെ എണ്ണമെടുക്കുമോ?
അതിശക്തവും അസാധാരവുമായ മഴ. ഇതുവരെ കണ്ടിട്ടില്ലാത്ത കരുത്ത്. നാലു മാസത്തെ മൺസൂൺ ഉള്ളിലേറി നിൽക്കുന്ന മണ്ണിന് ന്യൂനമർദ തീവ്രമഴയുടെ ഔദാര്യം കൂടി താങ്ങാനുള്ള കരുത്തില്ലായിരുന്നു. സംഭരിച്ച ജലം പെയ്തുവീണ മഴയ്ക്കൊപ്പം ചേർന്നപ്പോൾ ഉരുളുകൾ ഒന്നിനു പിറകെ ഒന്നായി പൊട്ടിക്കൊണ്ടിരുന്നു.
കാഞ്ഞിരപ്പള്ളി മുതൽ പീരുമേട് വരെയുള്ള ഹൈറേഞ്ച് കവാടത്തിൽ ഏകദേശം ഇരുപതിലേറെ മൈക്രോ നീർത്തടങ്ങളിൽ (വാട്ടർ ഷെഡ്) അതിതീവ്രമഴ പെയ്തതായി ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് എത്ര മണ്ണിടിച്ചിലുകൾക്ക് കാരണമായി എന്നറിയാൻ തൽക്കാലം മാർഗമില്ല. ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രവും മറ്റും പഠനം നടത്തുമോ? കൃഷി വകുപ്പിനോ റവന്യൂ വകുപ്പിനോ ഈ ദൗത്യം ഏറ്റെടുക്കാം. ഭാവി ദുരന്ത സാധ്യതകൾ തടയാൻ ഈ ഡേറ്റ സഹായിക്കും.
∙ പീരുമേട് എന്ന ചിറാപുഞ്ചി
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര അതിർത്തി കേന്ദ്രീകരിച്ച് ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 24 മണിക്കൂറിനുള്ളിൽ 300 മില്ലീമീറ്റർ (30 സെ.മീ). പീരുമേടിനു താഴെ കാഞ്ഞിരപ്പള്ളിയിൽ 270 മില്ലീമീറ്റർ. പൂഞ്ഞാറിലും ഇടുക്കിയിലും 160. ഇത് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഔദ്യോഗിക മഴക്കണക്കാണ്. 100 മില്ലിമീറ്ററിലും അധികം മഴ ഈ പ്രദേശത്തെ പല സ്വകാര്യ മഴ മാപിനികളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും സീതത്തോട്ടിലും 100 മില്ലിമീറ്ററിലും അധികമാണ് മഴ.
∙ ജലബോംബായി മലയോരം
പൂഞ്ഞാർ–കാഞ്ഞിരപ്പള്ളി–പീരുമേട്–ഇടുക്കി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടം പരിശോധിച്ചാൽ ഇതിലേറെയും 15 മുതൽ 20 വരെ ഡിഗ്രി ചെരിവുള്ള മലയോരമാണെന്നു മനസ്സിലാകും. 100 മില്ലിമീറ്ററിലധികം മഴ അഞ്ചോ പത്തോ മണിക്കൂർ കൊണ്ട് പെയ്തിറങ്ങിയാൽ ഈ പ്രദേശത്തെ മണ്ണ് ദുർബലമാകും. നിർമാണത്തിനും ഖനനത്തിനും വെട്ടി നിരത്തിയ പ്രദേശമാണെങ്കിൽ ഇടിച്ചിൽ സാധ്യത ഏറെയാണ്. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ശനിയാഴ്ച ഇത്രയും മഴ പെയ്തത്. ഇത് ‘ജലബോംബ്’ അല്ലെങ്കിൽ പിന്നെയെന്താണ്. ഒന്നോ രണ്ടോ ഇടുക്കി ഡാം ചേരുന്നത്ര വെള്ളത്തെയാവണം ദുർബലമായ ഭൂമി ശനിയാഴ്ച താങ്ങേണ്ടി വന്നത്.
∙ ഒരുവശം തുരന്നാൽ മറുവശം ഇടിയും
മണ്ണോ പാറയോ ഇളക്കിയ സ്ഥലത്തുകൂടി ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെടുന്ന മഴ മറ്റൊരു ചെരിവിലൂടെയാവും ഉരുളായി പുറത്തേക്കു വരുന്നതെന്ന പ്രത്യേകതയുമുണ്ട്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ടൗണുകളിൽ വെള്ളം കയറാനുള്ള കാരണം കനത്ത മഴയെ തുടർന്നുണ്ടായ ഉരുളും മലവെള്ളപ്പാച്ചിലുമാണ്.
∙ അണക്കെട്ടില്ലാ നദികൾ
അണക്കെട്ടുകളില്ലാത്ത നദികളാണ് മണിമലയും മീനച്ചിലും. കേരളത്തിൽ ഏറ്റവും വിശാലമായ മഴപ്രദേശമുള്ള നദികളിലൊന്നാണ് മീനച്ചിൽ. വാഗമൺകുന്ന് ഉൾപ്പെടെ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ ചെരിവിൽ പെയ്യുന്ന മഴയത്രയും ഒഴുകുന്നത് മീനച്ചിലിലൂടെയാണ്. പാലായിലും മറ്റും വെള്ളം കയറാൻ ഇതു കാരണമായി.
∙ കാലാവസ്ഥാ മാറ്റം മല(ഴ) കയറുമ്പോൾ
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറുമെന്നു കരുതിയ സ്ഥാനത്താണ് കേരളത്തിലെ ആദ്യ ജനപഥങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറിയത്. കുന്നിൽ ഉയർന്നു നിൽക്കുന്ന നഗരത്തിൽ വെള്ളം കയറുന്നതുപോലെ അസംഭവ്യമായ കാര്യമാണത്. പക്ഷേ ഇതൊക്കെയാണ് വരാൻ പോകുന്നതെന്ന് ആഗോളതാപനം നമ്മെ പഠിപ്പിക്കുന്നു.