ദുരന്തഭൂമിയായി കൂട്ടിക്കൽ

മുണ്ടക്കയം: സ്വപ്നങ്ങൾ തകർന്നടിഞ്ഞ തീരാവ്യഥയിലാണ് മുണ്ടക്കയത്തെയും കൂട്ടിക്കലിലെയും കുടുംബങ്ങൾ. മനുഷ്യായുസ്സിന്റെ കഠിനാധ്വാനത്താൽ പടുത്തുയർത്തിയ വീടുകൾ ക്ഷണനേരം കൊണ്ടാണ് ഒഴുകിയെത്തിയ വെള്ളം തുടച്ചുനീക്കിയത്. 

മണിമലയാറിന്റെ തീരമായ മുണ്ടക്കയം കല്ലേപാലത്തിന് സമീപത്തെ ഇരുപതിലധികം വീടും മുപ്പത്തിയഞ്ചാം മൈലിൽ ദേശീയപാതയോട് ചേർന്ന ആറ്റുതീരത്തെ ഇരുപതുവീടും മുറികല്ലുംപുറത്തെ 47 വീടും പുത്തൻചന്തയിലെ നാല് കച്ചവടസ്ഥാപനവും അഞ്ചുവീടും കൂട്ടിക്കൽ ചപ്പാത്തിലെ മുപ്പതിലധികം വീടുകളുമാണ് ഭാഗികമായും പൂർണമായും നശിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ നടുക്കത്തിലാണ് മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം നിവാസികൾ. 

2018-ൽ സംസ്ഥാനമാകെ ദുരന്തം പെയ്തിറങ്ങിയപ്പോഴും വലിയ നഷ്ടങ്ങൾ ഇവിടങ്ങളിൽ ഉണ്ടായില്ല. മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ തോടുകളും പുഴകളും മിനിറ്റുകൾക്കുള്ളിൽ കരകവിഞ്ഞു. കൊക്കയാറും പുല്ലകയാറും മണിക്കൽതോടും മണിമലയാറ്റിൽ എത്തിയതോടെ ദേശീയപാതയിലെ കല്ലേപ്പാലത്തിന്റെ ഏതാണ്ട് അടുത്തുവരെ വെള്ളം കയറി. നിരവധി വീടുകൾ മലവെള്ളം കവർന്നു. 

കൂട്ടിക്കൽ ടൗൺ മുഴുവനും ക്ഷണനേരംകൊണ്ട് വെള്ളത്തിനടിയിലായി. ടൗണിലെ കടകൾക്കും വീടുകൾക്കും മുകളിലൂടെ വെള്ളം പരന്നൊഴുകി. വാഹനങ്ങൾ ഒഴുകിപ്പോയി. രണ്ടടിയിലേറെ ഉയരത്തിൽ ചെളിനിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലും മുണ്ടക്കയം കോസ്‌വേയിലും ഒഴുകിയെത്തിയ വൻമരങ്ങൾ തങ്ങിനിന്നു. പാലങ്ങൾക്ക് ബലക്ഷയം ഉണ്ടായി. ചപ്പാത്തിന് സമീപം റോഡ് പൂർണമായും തകർന്നു.

error: Content is protected !!