ഹൈവേക്ക് വഴിപിഴച്ചു; ചിറക്കടവ് മുങ്ങി
ചിറക്കടവ്: പൊൻകുന്നം മുതൽ തെക്കേത്തുകവല വരെ ചിറക്കടവിലെ അഞ്ചുകിലോമീറ്റർ ദൂരം വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിച്ചത് പുഴയിൽ നിന്നല്ല. അശാസ്ത്രീയമായി നിർമാണം പൂർത്തിയാക്കിയ പൊൻകുന്നം-പുനലൂർ ഹൈവേയുടെ ബാക്കിപത്രമാണ് വെള്ളപ്പൊക്കം.
മറ്റത്തിൽപ്പടിയിൽ താഴത്തുചേമ്പാറയിൽ സാജന്റെ പലചരക്കുകട പൂർണമായും വെള്ളത്തിലായത് വേണ്ടരീതിയിൽ ഓടയില്ലാത്തതുമൂലം. സമീപത്തെ പഞ്ചായത്ത് റോഡിലൂടെ പടിഞ്ഞാറുള്ള കുന്നിൻപ്രദേശത്തുനിന്നുൾപ്പെടെയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ഹൈവേ വന്നതോടെ മാർഗമില്ലാതായി.
അതുമുഴുവൻ സാജന്റെ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി. ലക്ഷങ്ങളുടെ നഷ്ടമാണ് പലചരക്ക് സാധനങ്ങളും കാറ്ററിങ് യൂണിറ്റിന്റെ ഭാഗമായുള്ള പന്തൽ അലങ്കാര ഇനങ്ങളും നശിച്ചതുമൂലമുണ്ടായത്.
ഓടയുടെ മുകളിൽ ടൈൽപാകി നടപ്പാതയുണ്ടാക്കിയപ്പോൾ വെള്ളം ഓടയിലേക്കെത്താനുള്ള വഴികളടഞ്ഞതും ഭൂരിഭാഗം പ്രദേശത്തും പ്രശ്‌നമായി. തെക്കേത്തുകവലയിലെ കടകളിലെല്ലാം വെള്ളം കയറിയത് ഈ പ്രശ്‌നം മൂലം. പലയിടവും പുഴയ്ക്കുസമാനമായി മാറി റോഡ്. റോഡരികിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി നാശമുണ്ട്.
നിർദേശങ്ങൾ അവഗണിച്ചു
റോഡ് നിർമാണത്തിന്റെ ഘട്ടങ്ങളിൽ ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങൾ അധികൃതരുടെ അറിയിച്ചിരുന്നു. ചിറക്കടവ് നിവാസികളായ രണ്ടായിരത്തിലേറെപ്പേർ അംഗങ്ങളായുള്ള എന്റെ നാട് ചിറക്കടവ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. പക്ഷേ, അതൊന്നും പരിഗണിക്കാതെ നിർമാണം നടന്നു. അതിന്റെ ദുഷ്‌ഫലമാണ് നാട്ടുകാർ അനുഭവിക്കുന്നത്. ഇനിയെങ്കിലും ജനപ്രതിനിധികളും ഹൈവേ അധികാരികളും പ്രശ്‌നത്തിന്റെ രൂക്ഷത മനസ്സിലാക്കണമെന്ന് മനോജ് പൊൻകുന്നം, സതീഷ്ചന്ദ്രൻ, സി.ജെ.മുരളീധരൻ, സൂരജ് കണ്ണൻ, ആനന്ദ് ജി.നായർ, പി.എസ്.ബിജു തുടങ്ങിയവർ പറഞ്ഞു.