കുറുവാമൂഴിയിൽ 13 വീട് പൂർണമായും നശിച്ചു; കടകളിൽ വെള്ളം കയറി വൻ നാശം
എരുമേലി-കാഞ്ഞിരപ്പള്ളി റോഡ് അടച്ചു
കാഞ്ഞിരപ്പള്ളി: മഴയിലും മഴവെള്ളപാച്ചിലിലും മേഖലയിലെ നിരവധി വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകൾ വെള്ളം കയറി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽ വിഴിക്കിത്തോട്-കുറുവാമൂഴി റോഡരികിൽ മണിമലയാറിന്റെ തീരത്തുള്ള 13 വീട് പൂർണമായി തകർന്നു. കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ ഭാഗത്ത് നാല് വീട് തകർന്നു.
കുറുവാമൂഴി തേനാക്കരയിൽ വിജയൻ, പടിഞ്ഞാറ്റേൽ കൃഷ്ണസ്വാമി, അജോ ചിറയിൽ, ഉമ്മനത്തുംചിറ സുരേഷ്, തേനാക്കരയിൽ കുഞ്ഞുമോൻ, ചരളയിൽ സന്തോഷ്, പ്ലാത്തോട്ടംപാറമ്പ് ശബരിമുത്തു, ഓലിക്കൽ ചന്ദ്രശേഖരൻ, സരസമ്മ നടയ്ക്കവയലിൽ, ഉമ്മനത്തുംചിറ ബാബു, ഉമ്മനത്തുംചിറ തങ്കമ്മ, കരോട്ട്തുടിയിൽ ഷാജി എന്നിവരുടെ വീടുകൾ പൂർണമായും മഴവെള്ളപ്പാച്ചിലിൽ തകർന്നു. കുറുവാമൂഴി ഭാഗത്തെ 19 കുടുംബങ്ങളെ രണ്ട് ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ ചീങ്കല്ലേൽ ശശിധരൻ, വാഴക്കാലായിൽ നെസീമ, പ്രദേശവാസികളായ ലൈല, വിജയമ്മ എന്നിവരുടെ വീടുകൾ തകർന്നു.
അഭയഭവനിൽ വെള്ളം കയറി
ചിറ്റാർ പുഴയരോത്ത് അഞ്ചിലിപ്പയിലെ അഭയഭവനിൽ പൂർണമായും വെള്ളം കയറി. 24 അന്തേവാസികളെ സമീപത്തെ സെന്റ് പയസ് പള്ളിയുടെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന അഭയഭവനിലെ കട്ടിലുകളും കിടക്കകളും മറ്റ് ഉപകരണങ്ങളും നശിച്ചു.
റോഡ് അടച്ചു
കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ 26-ാം മൈലിലെ പാലം തകർന്ന് വഴി അടച്ചു. വെള്ളം കയറി പാലത്തിന്റെ ഒരുവശത്തെ കൈവരി പൂർണമായും തകർന്നു. സംരക്ഷണഭിത്തിക്കും ബലക്ഷയമുണ്ടായി. അപകടാവസ്ഥയിലായതിനെ തുടർന്ന് രാവിലെ 11-ഓടെ റോഡ് അടച്ചു. ചിറ്റാർപുഴയ്ക്ക് കുറുകെയുള്ള അഞ്ചിലിപ്പപാലം, വിഴിക്കിത്തോട് കടവിനാൽകടവ് പാലം എന്നിവയ്ക്കും വെള്ളം കുത്തിയൊഴുകി നാശമുണ്ടായി. കരിമ്പുകയം പാലത്തിന്റെ കൈവരികൾക്ക് നാശം സംഭവിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. അക്കരപ്പള്ളിക്ക് സമീപം നിർമാണത്തിലിരിക്കുന്ന പാലവും അപകടത്തിൽ തകർന്നു.
വ്യാപാരികൾക്ക് കോടികളുടെ നഷ്ടം
പട്ടണത്തിലടക്കമുള്ള കടകളിൽ ചെളിയും മണ്ണും കയറി വൻ നാശനഷ്ടം. നൂറിലേറെ കടകളിൽ വെള്ളം കയറി നാശമുണ്ടായി. ശനിയാഴ്ച ആയിരുന്നതിനാൽ പച്ചക്കറി, പലചരക്ക് കടകളിൽ വിൽപ്പനയ്ക്കായി ഇറക്കിയ സാധനങ്ങൾ പൂർണമായും നശിച്ചു.
ബസ്‌സ്റ്റാൻഡിന് സമീപമുള്ള എൻ.എസ്.എ. പച്ചക്കറിക്കടയിലെ പച്ചക്കറികൾ പൂർണമായും നശിച്ചു. കല്ലറയ്ക്കൽ ഏജൻസിയിൽ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വളം, കൃഷിക്ക് ആവശ്യമായ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. നിരവധി ചെരിപ്പുകടകൾ, വസ്ത്രശാലകൾ, ഇലക്ട്രോണിക് കടകൾ, മൊബൈൽ ഷോപ്പ്, കണ്ണാടിക്കട തുടങ്ങിയ സ്ഥാപനങ്ങളിൽ വെള്ളം കയറി നാശമുണ്ടായി. ഞായറാഴ്ച രാവിലെയാണ് വ്യാപാരികൾ കടകളിലെ ചെളി നീക്കിയത്.