മുണ്ടക്കയത്ത് കിടപ്പാടമില്ലാതായത് നൂറോളംപേർക്ക്

മുണ്ടക്കയം മുറികല്ലുംപുറത്ത് പ്രളയത്തിൽ പൂർണമായി തകർന്ന വീട്ടിൽനിന്ന്‌ ആകെ കിട്ടിയ പെട്ടിക്കുള്ളിലെ വസ്ത്രങ്ങൾ ഉണക്കിയെടുക്കുന്ന വെള്ളക്കല്ലിൽ രേഷ്മ 

മുണ്ടക്കയം: മലവെള്ളപ്പാച്ചിലിൽ മണിമലയാർ കരകവിയുന്നത് മുണ്ടക്കയത്ത് ആറ്റുതീരത്ത് താമസിക്കുന്നവർ പലവട്ടം കണ്ടിട്ടുണ്ട്. പക്ഷേ ഇത്തവണ മിനിറ്റുകൾ കൊണ്ട് ഉയർന്ന വെള്ളം പ്രദേശത്തെ മുഴുവൻ നാമാവശേഷമാക്കുമെന്ന് ഇവർ കരുതിയില്ല. മുണ്ടക്കയം പഞ്ചായത്തിൽമാത്രം നൂറിലേറെ വീടുകളാണ് പൂർണമായി തകർന്നത്. ഭാഗികമായി തകർന്നതും വാസയോഗ്യമല്ലാത്തതും ഇനിയും തിട്ടപ്പെടുത്താനുണ്ട്. 

പതിറ്റാണ്ടുകൾക്ക് മുൻപ് മണിമലയാറിന്റെ തീരത്തെ മുറികല്ലുംപുറത്ത് താമസമാക്കിയവരുടെ 52 വീടുകൾ നാമാവശേഷമായി. അവശേഷിക്കുന്ന വീടുകളിൽ ഇനി വാസം സാധ്യമല്ല. റേഷൻകാർഡും തിരിച്ചറിയൽ രേഖകളുമടക്കം പൂർണമായി നഷ്ടമായതോടെ ഇനി എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നാണ് ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ചേദിക്കുന്നത്. മുണ്ടക്കയം ബൈപ്പാസ് മുതൽ ആറു കിലോമീറ്ററോളമുള്ള ആറ്റുതീരത്തെ അറുപതോളം വീടുകളാണ് തകർന്നു കിടക്കുന്നത്.

21 വാർഡുകളിലെ ആയിരത്തോളം പേരെ മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് സ്‌കൂൾ, സി.എം.എസ്.ഹൈസ്‌കൂൾ, വട്ടക്കാവ് സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ, ഹാരിസൺ ആശുപത്രി കെട്ടിടം, ആഴമല അങ്കണവാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ബന്ധുവീടുകളിൽ അഭയം തേടിയവരും നിരവധിയാണ്. ഇത്രയും കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നതാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. പഞ്ചായത്തിന്റെ പുനർനിർമാണത്തിന് പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.

error: Content is protected !!