എരുമേലിയിൽ മണിമലയാറ്റിൽ കണ്ടെത്തിയ മൃതദേഹം കൊക്കയാറിൽ ഒഴുക്കിൽപെട്ട കാണാതായ ആൻസിയുടെതാണെന്ന് തിരിച്ചറിഞ്ഞു .
കാഞ്ഞിരപ്പള്ളി : എരുമേലി കൊരട്ടിയാറ്റിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കൊക്കയാറിൽ നിന്നും ഒഴുക്കിൽ പെട്ട് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചേംപ്ലാനിയിൽ സാബുവിന്റെ ഭാര്യ ആൻസി (49 യുടെതാണന്ന് തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, അണിഞ്ഞിരുന്ന വസ്ത്രവും, മാലയും കണ്ട് ഭർത്താവ് സാബു തിരിച്ചറിയുകയായിരുന്നു.
മണിമലയാറ്റിൽ കൊരട്ടിക്കും ഓരുങ്കൽ കടവിനും ഇടയിൽ വാഴക്കാല പ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസിയ്ക്കായി തെരച്ചിൽ നടന്നു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രളയത്തെ തുടർന്ന് ആറ്റു തീരങ്ങളിൽ അടിഞ്ഞു കൂടിയ ആക്രി വസ്തുക്കൾ ശേഖരിക്കാൻ എത്തിയ ആളാണ് അഴുകിയ നില യിലുള്ള മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ, സമീപമുള്ള പുരയിടത്തിന്റെ ഉടമയായ കൊക്കപുഴയിൽ ജോസഫ് മാത്യുവിനെ വിവരമറിയിച്ചു. തുടർന്ന് ജോസഫ് എരുമേലി പോലീസിൽ അറിയിക്കുകയായിരുന്നു. ആറുമണിയോടെ എരുമേലി പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ആറ്റു തീരത്തെ ചെടികളിൽ തങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്.