പേമാരിയിൽ ഇരുളിലാണ്ടത് ഈ ദേശങ്ങൾ
കൂട്ടിക്കൽ
തകർന്ന നിലയിലാണു കൂട്ടിക്കൽ. പ്ലാപ്പള്ളി, കാവാലി, മൂപ്പൻമല, കൊടുങ്ങ, വല്യേന്ത ഭാഗങ്ങളിൽ 8 ഉരുൾ പൊട്ടി. കൂട്ടിക്കൽ ടൗണും ഏന്തയാർ, ഇളംകാട് പ്രദേശങ്ങളും തകർന്നു. 682 പേർ ക്യാംപിലാണ്. ഇങ്ങോട്ടുള്ള 5 റോഡുകളും 2 പാലങ്ങളും തകർന്നു. 50 ഏക്കറിലെ കൃഷി നശിച്ചു. 68 കടകൾ തകർന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷാഹുൽ ഹമീദ് പറഞ്ഞു. ഏന്തയാർ ടൗണിനെയും ഇടുക്കി ജില്ലയിലെ മുക്കുളത്തെയും ബന്ധിപ്പിക്കുന്ന പാലം തകർന്നു. ഇതോടെ ഇടുക്കി ജില്ലയുമായുള്ള ബന്ധം ഇല്ലാതായി. ഇളംകാടിനെ മ്ലാക്കരയുമായി ബന്ധിപ്പിക്കുന്ന 2 നടപ്പാലങ്ങളും തകർന്നു.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി തകർന്നടിഞ്ഞു. 422 വീടുകൾ ഭാഗികമായി തകർന്നു. കാഞ്ഞിരപ്പള്ളി ടൗണിൽ 80 കടകളിൽ 6 കോടി രൂപയുടെ നഷ്ടം. 35 ഹെക്ടറോളം സ്ഥലത്തു കൃഷിനാശം. 300 വൈദ്യുത പോസ്റ്റുകൾ വീണു. 4 പാലങ്ങൾക്കു കേടുപാടുണ്ടായി. 5 റോഡുകൾ തകർന്നു. നൂറുകണക്കിനു വാഹനങ്ങൾ നശിച്ചു. കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം എന്നിവിടങ്ങളിലെ സർവീസ് സെന്ററുകളിൽ 58 വാഹനങ്ങൾ നന്നാക്കാനെത്തി. 70 വാഹനങ്ങൾ കൂടി എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മണിമല
മണിമല പഞ്ചായത്തിലെ തീരദേശമേഖല തകർന്നു. 5 വാർഡുകളാണു മണിമലയാറിന്റെ തീരത്തുള്ളത്. ഇവിടെയാണു നാശനഷ്ടങ്ങൾ ഏറെയും. ഗ്രാമീണറോഡുകൾ 16 കിലോമീറ്റർ തകർന്നു. 3 കലുങ്ക്, 500 മീറ്റർ സംരക്ഷണഭിത്തി, 2 അങ്കണവാടി എന്നിവ തകർന്നു. മണിമല, വെള്ളാവൂർ പഞ്ചായത്തുകളിലായി 220 കടകളിൽ വെള്ളം കയറി. പഞ്ചായത്തിൽ 10 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. 70 വീടുകളിൽ വെള്ളം കയറി നാശമുണ്ടായി. 102 വൈദ്യുതത്തൂണുകൾ ഒടിഞ്ഞു. 7.5 ലക്ഷം രൂപയുടെ കൃഷിനാശം.
എരുമേലി
എരുമേലി പട്ടണത്തിലും വെള്ളപ്പൊക്കം. കരിങ്കല്ലുമ്മൂഴി, കെഎസ്ആർടിസി, വലിയമ്പലം, സെന്റ് തോമസ് സ്കൂൾ പടി, കൊരട്ടി എന്നിവിടങ്ങളിലേക്കു മണിമലയാർ, വലിയതോട് എന്നിവിടങ്ങളിൽ നിന്നു വെള്ളം കയറി. 37 കടകളിൽ വെള്ളം കയറി. പഴയിടം, കടവനാൽക്കടവ്, ഓരുങ്കൽ പാലങ്ങളിൽ വെള്ളം കയറി.
അറക്കുളം
അറക്കുളം പഞ്ചായത്തിൽ ശനിയാഴ്ചത്തെ മലവെള്ളപ്പാച്ചിലിൽ 104 വീടുകൾ തകർന്നു. 23 വീടുകൾ പൂർണമായും 81 വീടുകൾ ഭാഗികമായും തകർന്നതായാണു പ്രാഥമിക വിലയിരുത്തൽ. വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ഒന്നുമില്ലാത്ത കാഴ്ചയാണ്. അറക്കുളം പഞ്ചായത്തിൽ മാത്രം 3 മണിക്കൂറിനിടെ 40 ഉരുളുകളാണു പൊട്ടിയത്. ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടായതു പതിപ്പള്ളിയിലും എടാട്ടുമാണ്. മൂലമറ്റം-ആശ്രമം, മൂലമറ്റം-പതിപ്പള്ളി, മൂലമറ്റം-എടാട്, കാഞ്ഞാർ-പുള്ളിക്കാനം റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇലപ്പള്ളി സിഎസ്ഐ പള്ളി, മൂലമറ്റം സെന്റ് തോമസ് മാർത്തോമ്മാ പള്ളി എന്നിവയുടെ സംരക്ഷണഭിത്തി തകർന്നു. ആശ്രമം സെന്റ് ആന്റണീസ് പള്ളിയുടെ സമീപം ഉരുൾപൊട്ടി. താഴ്‌വാരം കോളനിയിലെ 23 വീടുകൾ വെള്ളം കയറി ദുർബലമായി.
കൊക്കയാർ
7 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണിപ്പോഴും ഇവിടം. പൂവഞ്ചി, മാക്കോച്ചി പ്രദേശങ്ങളിലായി ഒരു ഡസനോളം വലിയ ഉരുൾപൊട്ടലുകളും ഒട്ടേറെ ചെറു ഉരുൾപൊട്ടലുകളും ഉണ്ടായി. ഉരുൾപൊട്ടലുകൾ പഞ്ചായത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ചു. 95 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. പൂവഞ്ചിയിൽ ഉരുൾപൊട്ടൽ ഉണ്ടായിടത്തെ 6 വീടുകളുടെ അടയാളം പോലും ബാക്കിയില്ല. 8 ക്യാംപുകളിലായി 293 കുട്ടികളാണു പഞ്ചായത്തിൽ പുനരധിവാസം കാത്തിരിക്കുന്നത്. 189 സ്ത്രീകളും 225 പുരുഷൻമാരും വീടുകൾ നഷ്ടപ്പെട്ട് ക്യാംപുകളിലുണ്ട്. കൃഷിനാശത്തിന്റെ കണക്ക് റവന്യു അധികൃതർ എടുത്തുകൊണ്ടിരിക്കുകയാണ്. വെള്ളപ്പാച്ചിലിൽ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്താനുണ്ട്.
മുണ്ടക്കയം
ദുരന്തം മുണ്ടക്കയത്തെ തൂത്തെറിഞ്ഞു. 106 വീടുകൾ നശിച്ചു. കോസ്‌വേ പാലം തകർച്ചയിൽ. വെള്ളനാടി പാലം ഒലിച്ചുപോയി. 16 വ്യാപാരസ്ഥാപനങ്ങൾ നശിച്ചു. 2 കടകൾ ഇടിഞ്ഞുവീണു. വെള്ളനാടി ആറ്റുവക്കത്ത് 51 വീടുകൾ നശിച്ചു. ഒരാഴ്ച മുൻപ് 3 ലക്ഷം രൂപ വിനിയോഗിച്ച് കോസ്‍വേയിൽ നിർമിച്ച കൈവരികൾ പൂർണമായും തകർന്നു. പാലത്തിനു സമീപമുള്ള ഹൈഡ്രോളജി വകുപ്പിന്റെ കെട്ടിടം തകർന്നു. ബൈപാസ് റോഡിൽ ഒരു മീറ്റർ പൊക്കത്തിൽ മണ്ണും മണലും അടിഞ്ഞു. വെള്ളനാടി എസ്റ്റേറ്റിനു സമീപമുള്ള ചെറിയ പാലം പൂർണമായും ഒലിച്ചുപോയി. അവശേഷിക്കുന്നതു തൂണുകൾ മാത്രം.