99നെയും തോൽപിച്ച മണിമലയാർ കലി; 5 മണിക്കൂറിൽ ജലനിരപ്പ് ഉയർന്നത് 7 മീറ്റർ

മണിമലയാറിൽ 5 മണിക്കൂറിൽ ജലനിരപ്പ് ഉയർന്നത് 7 മീറ്റർ. മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിലെ ജലമാപിനിയിൽ ശനിയാഴ്ച രേഖപ്പെടുത്തിയ കണക്കാണിത്.കൊല്ലവർഷം 1099 (1924) മുതൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി ജലനിരപ്പിനും 3 മീറ്റർ മുകളിലൂടെ ചരിത്രത്തിലാദ്യമായി മണിമലയാർ ഒഴുകി. നാലു മാസത്തെ മഴയിൽ മണ്ണിൽ സംഭരിക്കപ്പെട്ട ജലത്തോടൊപ്പം ന്യൂനമർദ തീവ്രമഴ കൂടി വന്നതോടെ മണ്ണിന്റെ കരുത്ത് കുതിർന്നുപൊട്ടി. ഉരുളുകൾ ഒന്നിനു പിറകെ ഒന്നായി പൊട്ടിക്കൊണ്ടിരുന്നു .

കാഞ്ഞിരപ്പള്ളി മുതൽ പീരുമേട് വരെയുള്ള ഹൈറേഞ്ച് കവാടത്തിൽ ഏകദേശം ഇരുപതിലേറെ മൈക്രോ നീർത്തടങ്ങളിൽ (വാട്ടർ ഷെഡ്) അതിതീവ്രമഴ പെയ്തതായി ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.  പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പീരുമേട്, ഇടുക്കി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടം പരിശോധിച്ചാൽ ഇതിലേറെയും 15 മുതൽ 20 വരെ ഡിഗ്രി ചെരിവുള്ള മലയോരമാണെന്നു മനസ്സിലാകും. 

10 സെന്റിമീറ്ററിലധികം മഴ അഞ്ചോ പത്തോ മണിക്കൂർ പെയ്തിറങ്ങിയാൽ ഈ പ്രദേശത്തെ മണ്ണ് ദുർബലമാകും. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ശനിയാഴ്ച ഇത്രയും മഴ പെയ്തത്.  ഒന്നോ രണ്ടോ ഇടുക്കി ഡാം ചേരുന്നത്ര വെള്ളത്തെയാവണം ഭൂമി ശനിയാഴ്ച താങ്ങേണ്ടി വന്നത്. മണ്ണോ പാറയോ ഇളക്കിയ സ്ഥലത്തുകൂടി ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെടുന്ന മഴ മറ്റൊരു ചെരിവിലൂടെയാവും ഉരുളായി പുറത്തേക്കു വരുന്നത്. അണക്കെട്ടുകളില്ലാത്ത നദികളാണ് മണിമലയും മീനച്ചിലും.

പ്രളയം തൊടാതെ ചെറുവള്ളി

എരുമേലി ∙ മലവെള്ളം ഉയർന്നെങ്കിലും ചെറുവള്ളി എസ്റ്റേറ്റിനെ പ്രളയം ബാധിച്ചില്ല. ഭൂപ്രകൃതിയിലെ ഈ മേന്മ ഭാവിയിൽ നിർദിഷ്ട ശബരി വിമാനത്താവളത്തിനുള്ള അനുമതി ലഭിക്കാൻ സഹായമാകും. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്.  മണിമല, എരുമേലി, വെള്ളാവൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായെങ്കിലും ചെറുവള്ളി എസ്റ്റേറ്റിന്റെ ഒരു ഭാഗത്തു പോലും വെള്ളപ്പൊക്കമുണ്ടായില്ല. 24 മൊട്ടക്കുന്നുകൾ അടങ്ങുന്ന പ്രദേശമാണ് ചെറുവള്ളി എസ്റ്റേറ്റ്. കൊച്ചു കൈത്തോടുകളുടെ സാന്നിധ്യവും വെള്ളം ഉയരുന്നതിനെ നിയന്ത്രിക്കുന്നു. 

വലിയ മലകൾ ഇല്ലാത്തതിനാൽ ഉരുൾ പൊട്ടലും ഉണ്ടായില്ല. എസ്റ്റേറ്റിനു ചുറ്റും ഒഴുകുന്ന മണിമലയാറ്റിലേക്കു വെള്ളം കൈത്തോടുകൾ വഴി എത്തുന്നതിനാൽ മലവെള്ളപ്പാച്ചിലും ഇല്ല. മണിമല, മൂങ്ങാനി, എരുമേലി ബസ് സ്റ്റാൻഡ്, കൊരട്ടി, കണ്ണിമല റോഡ്, വിഴിക്കിത്തോട്,കുറുവാമൂഴി തുടങ്ങി ചെറുവള്ളി എസ്റ്റേറ്റിനോട് 10 കിലോമീറ്ററിൽ താഴെ ചുറ്റിക്കിടക്കുന്ന പ്രദേശങ്ങൾ അപ്പാടെ വെള്ളത്തിനടിയിലായിരുന്നു.

error: Content is protected !!