“റെയിൻബോ 2021 ” – പ്രളയബാധിതർക്ക് പുനരധിവാസ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : പ്രളയദുരന്തത്തിൽ സർവ്വതും നഷ്ട്ടപെട്ടവരുടെ കണ്ണീരൊപ്പുവാൻ കാഞ്ഞിരപ്പള്ളി രൂപത മുന്നിട്ടിറങ്ങുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ നേതൃത്വത്തിൽ രൂപത നേരിട്ടും, ഒപ്പം സുമനസ്സുകളുടെ സഹായത്താലും, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്, സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി, പാർപ്പിടങ്ങൾ നിർമ്മിച്ച് നൽകുവാനാണ്‌ പദ്ധതി. “റെയിൻബോ 2021 ” എന്ന പേരിൽ തുടക്കം കുറിച്ച ഈ സംരംഭം, സർക്കാർ സംവിധാനങ്ങളോടും, പദ്ധതികളോടും സഹകരിച്ചായിരിക്കും പ്രവർത്തനം നടത്തുന്നത്. പദ്ധതിയുടെ വിജയത്തിനായി, ഏവരുടെയും സഹായവും, സഹകരണവും, പ്രാർത്ഥനയും മാർ ജോസ് പുളിക്കൽ അഭ്യർത്ഥിച്ചു .

രൂപതയുടെ കീഴിലുള്ള മുണ്ടക്കയം MMT ആശുപത്രിയിൽ, പ്രളയത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയാണ് നൽകിവരുന്നത് .

കാഞ്ഞിരപ്പള്ളി: നാടിനെ കണ്ണീരിലാഴ്ത്തിയ പ്രളയദുരന്തത്തില്‍ തലമുറകളുടെ അധ്വാനവും കരുതലും ഒഴുകിപ്പോയ  കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളുടെ  പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും സഹായ സമാശ്വാസ പദ്ധതികളുമായി  കാഞ്ഞിരപ്പള്ളി രൂപത.
രൂപതയുടെയും ഇടവകകളുടെയും സ്ഥലങ്ങളില്‍ അനുയോജ്യമായവ കണ്ടെത്തിയും സുമനസുകളുടെ സ്ഥലങ്ങള്‍ സംഭാവനയായി സ്വീകരിച്ചും പുനരധിവാസ ഭവന നിര്‍മാണ പദ്ധതിക്കായി രൂപത  ഒരു ഭൂനിധി  രൂപീകരിക്കും. ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിലും വീട് നഷ്ടപ്പെട്ടവര്‍ക്ക്പുനരധിവാസവും  അറ്റകുറ്റപണികളും നഷ്ടങ്ങളുണ്ടായവരെ  ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വിവിധ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുമാണ്
നടപ്പിലാക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തിപാര്‍പ്പിടങ്ങള്‍ നിര്‍മിക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരുന്നു. പുനരധിവാസ പദ്ധതിയുടെ രൂപരേഖ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്  മാര്‍ ജോസ് പുളിക്കല്‍ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു.
പ്രളയപ്പാച്ചില്‍ ഒഴിഞ്ഞതിനു പിന്നാലെ എല്ലാം നഷ്ടമായവര്‍ക്ക് ആശ്വാസവും സഹായവുമായി ഇതോടകം  രൂപതയിലെ  സന്യാസസമൂഹങ്ങളും അത്മായസംഘടനകളും ഇടവകകളും സ്ഥാപനങ്ങളും വ്യക്തികളും സഹായസംരംഭങ്ങളില്‍ സഹകാരികളായിട്ടുണ്ട്.


നിലവില്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടു  ചേര്‍ന്ന് മനസിലും ശരീരത്തിലും മുറിവേറ്റവരുടെ ദീര്‍ഘകാലപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രൂപതയും സഹകാരികളാവുകയാണ്.  ഓരോ വര്‍ഷവും കാഞ്ഞിരപ്പള്ളി രൂപത 20 കോടിയോളം രൂപ രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റി, ജീവന്‍ ദശാംശ പദ്ധതി തുടങ്ങിയ രൂപത സംവിധാനത്തിന്‍റെ ഏകോപിപിച്ചുള്ളപ്രവര്‍ത്തനത്തിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ചെലവഴിക്കുന്നുണ്ട്.
നമ്മുടെ പ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരിടേണ്ടിവന്ന മഹാദുരന്തത്തില്‍ 18 മനുഷ്യരുടെ ആള്‍നാശത്തിനു പുറമെ സ്വന്തമെന്നു  പറയാന്‍ ഒന്നുമില്ലാത്തവിധം നഷ്ടങ്ങള്‍ സംഭവിച്ച
കുടുംബങ്ങളാണ് സഹായങ്ങള്‍ അര്‍ഹിക്കുന്നതും അഭ്യര്‍ഥിക്കുന്നതും.അടിയന്തിരസാഹചര്യത്തെ നേരിടാന്‍ കാഞ്ഞിരപ്പള്ളി രൂപത വിഭാവനം ചെയ്യുന്ന ഭവന നിര്‍മ്മാണ പുനരധിവാസപദ്ധതിയില്‍ സ്ഥലം, സാമഗ്രികള്‍,  സാമ്പത്തികം ഉള്‍പ്പെടെ ആവുന്ന സഹായങ്ങള്‍ നല്‍കി റെയിന്‍ബോ  പദ്ധതിയില്‍ സഹകരിക്കുവാന്‍ വിശ്വാസസമൂഹത്തോട്  മാര്‍ ജോസ് പുളിക്കല്‍ ആഹ്വാനംചെയ്തു.


കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കൊക്കയാര്‍,  അഴങ്ങാട്, മേലോരം, മുക്കുളം, വടക്കേമല, ഏന്തയാര്‍,മുണ്ടക്കയം, പാലൂര്‍ക്കാവ്, തെക്കേമല, കാഞ്ഞിരപ്പളി, അഞ്ചലിപ്പ, പഴയിടം, ചേനപ്പാടി, കൊരട്ടി, ആനക്കല്ല്, കപ്പാട്, എരുമേലി, ചെറുവള്ളി തുടങ്ങിയ ഗ്രാമീണ പ്രദേശങ്ങളിലാണ് നൂറ്റാണ്ടിലെതന്നെ അത്യപൂര്‍വമായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുംകോടികളുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.മണ്ണിടിഞ്ഞും റോഡുകള്‍ മുറിഞ്ഞും  ഒറ്റപ്പെട്ടുപോയ അഴങ്ങാട്, മുക്കുളം, വടക്കേമല മലയോരഗ്രാമങ്ങളിലെ കുടിയേറ്റ കര്‍ഷകര്‍ക്കുണ്ടായ വന്‍കഷ്ടനഷ്ടങ്ങള്‍ തുടക്കത്തില്‍ മാധ്യമങ്ങളില്‍  വരാതിരുന്നതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ല.  കുടുംബത്തിനോ  ഗ്രാമത്തിനോ പ്രദേശത്തിനോ  അവരുടെ തനിച്ചുള്ള അധ്വാനത്തിലും സംഭാവനയിലും നാടിനെയുംവീടിനെയും തിരികെപ്പിടിക്കാന്‍ സാധിക്കില്ലാത്ത സാഹചര്യമാണുള്ളത്. പ്രളയം പിന്‍വാങ്ങിയ മണിക്കൂറുകളില്‍ തന്നെ രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് പുളിക്കലിന്‍റെ  അധ്യക്ഷതയില്‍  വിവിധ അജപാലന സമിതികളും സാമൂഹിക സേവന വിഭാഗങ്ങളും അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കു രൂപംനല്‍കിയിരുന്നു. തുടര്‍ന്ന് വിവിധ സന്യാസ സന്യാസിനി സമൂഹങ്ങളുടെ യോഗങ്ങള്‍ചേര്‍ന്ന് നിര്‍ദേശങ്ങള്‍ വിലയിരുത്തി. അപ്രതീക്ഷിതപ്രളയത്തില്‍  പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും   ഗതാഗതതടസത്തില്‍ ഏറെപ്പേര്‍ വഴിമധ്യേ കുരുങ്ങുകയും ചെയ്തവേളയില്‍ വിവിധദേശക്കാരായ യാത്രക്കാര്‍, ശബരിമല തീര്‍ഥാടകര്‍ തുടങ്ങിയവര്‍ക്കുംദുരിതത്തില്‍ അകപ്പെട്ടവര്‍ക്കും  കുട്ടിക്കാനം മരിയന്‍ കോളജ,് കൂവപ്പള്ളിഅമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും വിവിധ ഇടവകളിലെ പാരീഷ് ഹാളുകളിലും സ്കൂള്‍കെട്ടിടങ്ങളിലും  ഭക്ഷണവും സുരക്ഷിത  താമസവും ക്രമീകരിച്ചിരുന്നു.  സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം)ആരംഭിച്ച ഹെല്‍പ് ഡെസ്കിലൂടെ  ഒറ്റപ്പെട്ടുപോയവരുടെ വിവിധ അഭ്യര്‍ത്ഥനകള്‍ക്കും ആവശ്യങ്ങള്‍ക്കും കാര്യക്ഷമമായ രീതിയില്‍സഹായങ്ങള്‍  നല്‍കിയിരുന്നു. വൈദികരുടെയും സന്യാസ്തരുടെയും അത്മായ സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രളയ ബാധിതമേഖലകളില്‍ ശുചീകരണം ഉള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുവദീപ്തി -എസ്എംവൈഎം, എ.കെ.സി.സി, പിതൃവേദി, മാതൃവേദി, ജീസസ് യൂത്ത്, വിന്‍സെന്‍റ്ഡി പോള്‍, മിഷന്‍ലീഗ് എന്നിവ തുടര്‍ന്നുവരികയാണ്.രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി,പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റി എന്നിവയിലൂടെ സഹായങ്ങള്‍  ആവശ്യമായ സ്ഥലങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അടിയന്തിര  ചികിത്സാ  സൗകര്യങ്ങള്‍ലഭ്യമാക്കാന്‍  രൂപതയുടെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  പ്രളയദുരന്തത്തില്‍പരിക്കേറ്റവര്‍ക്ക് ആദിവസങ്ങളില്‍ മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ സൗജന്യചികിത്സ നല്‍കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നും ലഭ്യമാകുന്ന   വിവരങ്ങളുടെ അടിസ്ഥാനത്തില്‍രൂപതയിലെ സംഘടനകളുടെയും  അജപാലന സാമൂഹ്യസേവന വിഭാഗങ്ങളുടെയും കൂട്ടായസഹകരണത്തോടെ ആശ്വാസ സഹായ പദ്ധതികള്‍ ഏകോപിപ്പിക്കുകയാണ്.


വീടും സ്ഥലവും നഷ്ടപ്പെട്ടവരും ഇപ്പോഴും അപകടസാധ്യതാ മേഖലയിലുള്ളവരും വിവിധയിടങ്ങളില്‍ പള്ളികളുടെ സ്ഥാപന സംവിധാനത്തില്‍ കഴിയുന്നുണ്ട്. ഈ ദിവസങ്ങളില്‍  മാര്‍ ജോസ് പുളിക്കല്‍ ദുരിതബാധിതമേഖലകളില്‍ തുടര്‍ച്ചയായി  സന്ദര്‍ശനം നടത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നു. ഒപ്പം ഉറ്റവരെ നഷ്ടപ്പെടുകയും ജീവിതത്തിന്‍റെ കരുതല്‍ കൈവിട്ടുപോവുകയും ചെയ്തതിന്‍റെ ദുഖത്തില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് സാന്ത്വനവുംപ്രത്യാശയും പകരാനും മാര്‍ ജോസ് പുളിക്കല്‍ സന്ദര്‍ശനങ്ങള്‍ തുടരുകയാണ്.
 വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ എല്ലാവര്‍ക്കും മാനുഷികവും ധാര്‍മികവിമായ ഉത്തരവാദിത്തമുണ്ടെന്നും  നിസഹായരായഉറ്റവര്‍ക്ക് സാന്ത്വനവും കരുതലും നല്‍കുന്ന വിധത്തില്‍ രൂപതയുടെ ബൃഹത്തായ പുനരധിവാസ സംരംഭത്തില്‍ സംഘടനകളും  വിശ്വാസികളും സ്ഥാപനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ  ഒരുമയുടെ കരുതലായി കൈകോര്‍ക്കേണ്ടതുണ്ട്.


രൂപതയുടെ ശുശ്രൂഷാ സംവിധാനങ്ങള്‍ സാഹചര്യത്തിനൊത്തുയര്‍ന്ന് നല്‍കിവരുന്ന വലിയ സേവനങ്ങളെ ബഹുമതിക്കുന്നതായും വിപുലമായ പുനരധിവാസ പദ്ധതിയില്‍പങ്കുചേരാന്‍ ഏവരും മുന്നോട്ടുവരാന്‍ അഭ്യര്‍ഥിക്കുന്നതായും മാര്‍ ജോസ്പുളിക്കല്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ വികാരി ജനറാള്‍  ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി  റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, മലനാട് ഡെവല്മെന്‍റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍,   പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍, ഫിനാന്‍സ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. സോണി തോമസ് പുരയിടത്തില്‍ എന്നിവരും പങ്കെടുത്തു.
   

error: Content is protected !!