പമ്പയാറ്റിൽ ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി. വാരിയെല്ലിനേറ്റ ഗുരുതരമായ മുറിവുകൾ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കണമല : മൂലക്കയത്ത് പമ്പയാറ്റിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന്റെ ജഡം വനത്തിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുഴിയെടുത്ത് മറവ് ചെയ്തു. വീഴ്ചയിൽ ഏറ്റ ഗുരുതരമായ മുറിവുകൾ മൂലമാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രളയത്തിലോ ഉരുൾപൊട്ടലിലോ അകപ്പെട്ട് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വീണപ്പോൾ വാരിയെല്ലുകൾക്ക് പരിക്കുകൾ ഉണ്ടായെന്നും ഇത് മൂലം ശ്വസിക്കുന്നതിന് കഴിയാത്ത വിധം ശാസകോശത്തിൽ മുറിവുണ്ടായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. നാല് വാരിയെല്ലുകൾക്ക് ആഴത്തിൽ മുറിവുകളുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് റാന്നി- പെരുനാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മൂലക്കയത്ത് പമ്പയാറ്റിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്. വെള്ളം താഴ്ന്നപ്പോഴാണ് കുട്ടിക്കൊമ്പന്റെ ജഡം കണ്ടത്. തുടർന്ന് കണമല ഫോറസ്ററ് സ്റ്റേഷനിൽ നിന്ന് വനപാലകർ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ജഡം കരയിലേക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് ജഡം ടിപ്പർ ലോറിയിൽ കയറ്റി തുലാപ്പള്ളി വട്ടപ്പാറ വനമേഖലയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വനത്തിൽ കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു.
വനം വകുപ്പിന്റെ കോന്നി ഓഫിസിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. പുനലൂർ ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണൻ, റാന്നി ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ ശരത് ചന്ദ്രൻ, കണമല റേഞ്ച് ഓഫിസർ കെ മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഷാജിമോൻ എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി. ചെരിഞ്ഞ കുട്ടിക്കൊമ്പന് മൂന്ന് വയസ് പ്രായമാണ് കണക്കാക്കിയിരിക്കുന്നത്.