കോരൂത്തോട് കൊമ്പുകുത്തിയിൽ കാട്ടനക്കൂട്ടമിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചു

മുണ്ടക്കയം: കോരൂത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി മൈനാകുളത്ത് ജനവാസമേഖലയോട് ചേർന്ന് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. മൈനാകുളം കല്ലുംതലയ്ക്കൽ ബെന്നി, കാഞ്ഞിരത്തിങ്കൽ സജി, സാബു കാഞ്ഞിരത്തിങ്കൽ, വിലങ്ങുപാറയിൽ വി.ഡി. ബിജി, കടപുരക്കൽ ജോസ് എന്നിവരുടെ കൃഷിയാണ് ആനക്കൂട്ടം തകർത്തത്. റബ്ബർ, വാഴ, കപ്പ, ചേന, കമുക്, ഇഞ്ചി തുടങ്ങിയ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.

ചൊവ്വാഴ്ച രാവിലെയും ആനകൾ ജനവാസമേഖലയോടു ചേർന്ന് ഉണ്ടായിരുന്നു. ഫോറസ്റ്റ് അധികൃതരെത്തിയാണ്‌ ആനകളെ ജനവാസകേന്ദ്രത്തിൽനിന്ന് ഓടിച്ചത്. ഒരു കുട്ടിയാന ഉൾപ്പെടെ ഇരുപതോളം ആനകൾ മേഖലയിൽ ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കുറച്ചുനാളായി കാട്ടനക്കൂട്ടം മേഖലയിലിറങ്ങുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

മടുക്ക-കൊമ്പുകുത്തി റോഡിലടക്കം കാട്ടാനകളിറങ്ങുന്നത് പ്രദേശവാസികളുടെ സഞ്ചാരങ്ങൾക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ജനവാസകേന്ദ്രത്തിൽനിന്ന് കാട്ടാനക്കൂട്ടം വിട്ടുപോകാത്തതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാനക്കൂട്ടമിറങ്ങുന്നത് തടയാൻ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്താണ് കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടുപന്നികളുടെ ശല്യവും ഏറെയുള്ള പ്രദേശത്ത് കൃഷി നശിപ്പിക്കുന്നത് ഇത് ആദ്യമല്ല. കുലയ്ക്കാറായ വാഴകൾ ഉൾപ്പെടെയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇനിയും ജനവാസ മേഖലയിലേക്കിറങ്ങി കാട്ടനക്കൂട്ടം നാശമുണ്ടാക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

error: Content is protected !!