പൊൻകുന്നം- പുനലൂർ സംസ്ഥാന ഹൈവേയിൽ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡിന്റെ തകരാർ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യം
മണിമല: നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തിരുന്ന പൊൻകുന്നം- പുനലൂർ സംസ്ഥാന ഹൈവേയിൽ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡിന്റെ തകരാർ പരിഹരിക്കാനോ അപകടാവസ്ഥയിലുള്ള ഭാഗത്ത് അപകട സൂചനാ ബോർഡ് സ്ഥാപിക്കാനോ നടപടി സ്വീകരിച്ചില്ല.
16-ന് വെള്ളപ്പൊക്കമുണ്ടായപ്പോൾ സംസ്ഥാന ഹൈവേയിൽ മൂലേപ്ലാവ് എസ്.സി.ടി.എം. സ്കൂളിനും മൃഗാശുപത്രിപ്പടിക്കും മധ്യേയാണ് തിട്ട താഴ്ന്ന് ടാറിട്ടത് തകർന്ന് റോഡിന് വശങ്ങളിൽ കുഴികളുണ്ടായത്. ടാറിട്ടത് തകർന്ന ഭാഗത്ത് രണ്ടര അടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. മറ്റ് ഭാഗങ്ങളിൽ റോഡിന് തകരാറില്ലാത്തതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ എതിരേ വരുന്ന വാഹനങ്ങൾക്ക് അരിക് കൊടുക്കുമ്പോൾ അപകടത്തിൽപ്പെട്ടേക്കാം.
രാത്രിയിൽവരുന്ന യാത്രക്കാർക്ക് റോഡ് സൈഡിലെ കുഴി പെട്ടെന്ന് കാണാൻ കഴിയാത്തതും ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡുകൾ തകർന്നതും അപകടം വർധിപ്പിക്കുമെങ്കിലും അധികൃതർ അപകട സൂചനാ ബോർഡ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
റോഡ് നിർമാണവേളയിൽ ആറ്റുതീരത്ത് നിർമിച്ച കരിങ്കൽക്കെട്ടിന്റെ അപാകം മൂലം തിട്ടലിലിട്ട മണ്ണ് വെള്ളപ്പൊക്കത്തിൽ താഴ്ന്നു ടാറിങ് തകരാൻ കാരണമായി. റോഡ് തകർന്ന ഭാഗത്ത് വീപ്പകൾ നിരത്തിയെങ്കിലും അപകട സൂചന നൽകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം