സഹകരണ മേഖലയിൽ റിസർവ് ബാങ്ക് ‘ഇടപെടൽ’: അറിയേണ്ടതെല്ലാം
സഹകരണ ബാങ്കുകളിൽ റിസർവ് ബാങ്ക് ഇടപെടാൻ പോവുകയാണെന്നും നിക്ഷേപത്തിനു നിയന്ത്രണം വരുമെന്നുമുള്ള പ്രചാരണം ആയിരക്കണക്കിനു സഹകാരികളെയും ലക്ഷക്കണക്കിനു നിക്ഷേപകരെയുമാണ് ആശങ്കപ്പെടുത്തിയിരിക്കുന്നത്. എന്താണ് യഥാർഥത്തിൽ ഇതു സംബന്ധിച്ച ആർബിഐ ഉത്തരവ്? എന്താണ് ഈ ഉത്തരവിന് സഹകരണ മേഖലയിൽ ഇത്രയേറെ പ്രാധാന്യം?
ആർക്കാണ് റിസർവ് ബാങ്ക് നിർദേശം ബാധകം?
സഹകരണ സൊസൈറ്റികൾക്കു ബാങ്കുകൾ എന്ന പേരിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന റിസർവ് ബാങ്ക് നിർദേശം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ (പിഎസിഎസ്) ബാധിക്കുന്നതല്ല. ഇത്തരം സംഘങ്ങൾക്കു നിക്ഷേപം സ്വീകരിക്കുന്നതിന് ഒരു നിയന്ത്രണവും റിസർവ് ബാങ്ക് ഏർപ്പെടുത്തിയിട്ടില്ല. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനും വിലക്കില്ല. ഈ മേഖലയിലെ വ്യത്യസ്ത സംഘങ്ങളെ വേർതിരിച്ചു മനസ്സിലാക്കാത്തതിനാലാണ് റിസർവ് ബാങ്ക് നിർദേശം ആരെയെല്ലാം ബാധിക്കുമെന്നു തിരിച്ചറിയാനാവാത്തത്. അതിനാൽതന്നെ സഹകാരികളും നിക്ഷേപകരും ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല.
മാത്രമല്ല, റിസർവ് ബാങ്ക് ഉത്തരവ് കേരളത്തിലെ സഹകരണ സംഘങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; രാജ്യത്തെ മൊത്തം സഹകരണ സ്ഥാപനങ്ങൾക്കു ബാധകമായതാണ്. റിസർവ് ബാങ്ക് മാർഗനിർദേശം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നു മാത്രമല്ല, സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവരെ സഹായിക്കുന്നതുമാണ്. സഹകരണ മേഖലയിൽ നിക്ഷേപം നടത്തുന്നവരെ ജാഗരൂകരാക്കാൻ റിസർവ് ബാങ്ക് ഇടയ്ക്കിടെ ഇത്തരം മാർഗനിർദേശം പുറപ്പെടുവിക്കുക പതിവുള്ളതുമാണ്.
വ്യത്യസ്ത സഹകരണ സ്ഥാപനങ്ങളെ തിരിച്ചറിയുകയാണ് നിക്ഷേപകരും വായ്പയെടുക്കുന്നവരും പ്രഥമമായും പ്രധാനമായും വേണ്ടത്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്), പ്രാഥമിക വായ്പാ സംഘങ്ങൾ (പിസിഎസ്), മറ്റു സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ (ഭൂപണയ ബാങ്ക്), പ്രാഥമിക സഹകരണ ബാങ്കുകൾ, കേന്ദ്ര സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിങ്ങനെ വിവിധതരം സഹകരണ സ്ഥാപനങ്ങളുണ്ട്.
പ്രാഥമിക കാർഷിക സഹകരണ സംഘം (പിഎസിഎസ്)
നിശ്ചിത വില്ലേജ് അല്ലെങ്കിൽ പഞ്ചായത്ത് പ്രദേശം പ്രവർത്തന മേഖലയാക്കി, നിശ്ചിത ശതമാനം തുക കാർഷിക വായ്പ വിതരണം ചെയ്യുമെന്നു നിയമാവലിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നവയാണ് പ്രാഥമിക കാർഷിക സഹകരണ സംഘം (പിഎസിഎസ്). ഇവയാണു പൊതുവേ സർവീസ് സഹകരണ ബാങ്കുകൾ എന്ന് അറിയപ്പെടുന്നത്. ബൈലോയിൽ പറയുന്ന വില്ലേജ് അല്ലെങ്കിൽ പഞ്ചായത്ത് പരിധിയിലുള്ളവർക്കേ ഈ സംഘങ്ങൾക്കു വായ്പ നൽകാനാവൂ. എന്നാൽ, നിക്ഷേപം എവിടെനിന്നും സ്വീകരിക്കാം.
സംസ്ഥാനത്ത് ഇത്തരം 1625 സംഘങ്ങളുണ്ട്. ഈ സംഘങ്ങൾ വഴിയാണു സഹകരണ മേഖലയിലെ നിക്ഷേപം പ്രധാനമായും വരുന്നത്. വായ്പയും അതുപോലെത്തന്നെ. 1949ൽ ബാങ്കിങ് നിയന്ത്രണ നിയമം നിലവിൽ വന്നപ്പോൾ, അന്നുവരെ ബാങ്കിങ് പ്രവർത്തനം നടത്തിയിരുന്ന സഹകരണ സംഘങ്ങൾക്ക് ഇളവ് നൽകിയിരുന്നു. അതിൽപെട്ടതാണ് ഈ സംഘങ്ങൾ. ഇവയ്ക്ക് 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം ബാധകമല്ലെന്നു വകുപ്പ് 3ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസൻസില്ലാതെ ബാങ്കിങ് നടത്താമെന്നും ഈ വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊരു മാറ്റവും ഇന്നേവരെ ഉണ്ടായിട്ടില്ല.
ബാങ്കിങ് നിയന്ത്രണ നിയമം1966ലും 2012ലും 2020 സെപ്റ്റംബർ 16നും ഭേദഗതി ചെയ്തപ്പോഴും, മൂലനിയമം വകുപ്പ് 3 പ്രകാരം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. 1966ലെ ഭേദഗതിയിലൂടെ ഇളവ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്), പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ (ഭൂപണയ ബങ്ക്) എന്നിവയ്ക്കു മാത്രമായി ചുരുക്കി. 2020 സെപ്റ്റംബർ 16നു ഭേദഗതി ചെയ്തപ്പോൾ ഭൂപണയ ബാങ്കുകളെയും ഇളവിൽ നിന്ന് ഒഴിവാക്കി.
1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 3 പറയുന്നത് നോക്കൂ:
Section 3 in BANKING REGULATION ACT
3. Act to apply to co-operative societies in certain cases:-
Nothing in this Act shall apply to –
(a) a primary agricultural credit society:
(b) a co-operative land mortgage bank: and
(c) any other co-operative society, except in the manner and to the extent specified in Part V
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും (പിഎസിഎസ്) ഭൂപണയ ബാങ്കുകൾക്കും മറ്റു സഹകരണ സംഘങ്ങൾക്കും ബാങ്കിങ് നിയന്ത്രണ നിയമം ബാധകമല്ലെന്നു ഇതിൽ വ്യക്തമാണല്ലോ.
2020ൽ ഭേദഗതി ചെയ്തത്:
Substitution of new section for section 3
In the Banking Regulation Act, 1949 (hereinafter referred to as the principal Act) for section 3, the following section shall be substituted, namely:-
Act not to apply to certain cooperative societies.
3. Notwithstanding anything contained in the National Bank for Agirculcture and Rural Development Act, 1981, this Act shall not apply to –
(a) a primary agricultural credit society: or
(b) a co-operative society whose primary object and principal business is providing of long-term finance for agricultural development, if such society does not use as part of its name, or in connection with its business, the words “bank”, “banker”, or “banking” and does not act as drawee of cheques.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു (പിഎസിഎസ്) ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഇളവ് തുടരുമെന്നു ഇതിൽ നിന്നു വ്യക്തമല്ലേ. എന്നാൽ, ഭൂപണയ ബാങ്കുകൾക്കുണ്ടായിരുന്ന ഇളവ് പരിമിതപ്പെടുത്തി. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു (പിഎസിഎസ്) ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കരുതെന്നും ചെക്കിന്റെ ഡ്രോയി ആകാൻ പാടില്ല എന്നു പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞിട്ടുള്ളത് ഭൂപണയ ബാങ്കുകളുടെ കാര്യത്തിലാണ്.
സഹകരണ ബാങ്കുകൾ
സഹകരണ ബാങ്കുകൾ എന്ന നിർവചനത്തിൽപെടുന്ന സംസ്ഥാന സഹകരണ ബാങ്ക് (കേരളത്തിൽ കേരള ബാങ്ക്), സെൻട്രൽ (ജില്ലാ) സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയ്ക്കു മാത്രമാണ് സഹകരണ മേഖലയിൽ ബാങ്കിങ് ലൈസൻസ് ലഭിക്കാൻ അർഹതയുള്ളത്. ഇതിലെ പ്രാഥമിക സഹകരണ ബാങ്കുകളാണ് അർബൻ ബാങ്കുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ മലപ്പുറത്ത് ഒഴികെ മറ്റു ജില്ലകളിലൊന്നും ജില്ലാ സഹകരണ ബങ്കുകളില്ല. ഉണ്ടായിരുന്ന 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ലയിച്ചു.
ചുരുക്കത്തിൽ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും (പിഎസിഎസ്) റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിനും റിസർവ് ബാങ്കിന്റെ ലൈസൻസുള്ള അർബൻ ബാങ്കുകൾക്കും ഒഴികെ മറ്റു സഹകരണ സംഘങ്ങൾക്കൊന്നും പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കാനോ ബാങ്ക് എന്ന പേര് ഉപോയഗിക്കാനോ അനുവാദമില്ല. ഇതാണ് റിസർവ് ബാങ്ക് ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
മറ്റു സഹകരണ സംഘങ്ങൾ
മറ്റു സഹകരണ സംഘങ്ങൾ എന്ന ഗണത്തിൽപെടുന്ന പതിനയ്യായിരത്തോളം സംഘങ്ങൾ കേരളത്തിൽ ഉണ്ടെന്നാണു വിവരം. ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന സംഘങ്ങൾ, കമ്പനികളിലെ ജീവനക്കാർക്കായുള്ള സംഘങ്ങൾ, മൾട്ടിപർപ്പസ് സഹകരണ സംഘങ്ങൾ, പട്ടികവിഭാഗം ക്ഷേമ സംഘങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ തുടങ്ങി പല പേരുകളിലും പല രീതികളിലുമാണ് ഇവ പ്രവർത്തിക്കുന്നത്. എംപ്ലോയീസ്, വനിത, മൾട്ടിപർപ്പസ്, മിസലേനിയസ്, അർബൻ സഹകരണ സംഘങ്ങൾ, മറ്റു കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ എന്നിങ്ങനെയാണ് നിയമഭേദഗതികളിൽ ഇവയെ പരാമർശിച്ചിട്ടുള്ളത്.
ഓഹരി മൂലധനം ഒരു ലക്ഷം രൂപയ്ക്കു താഴെയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതിനാൽ തന്നെ ഇവയ്ക്കു റിസർവ് ബാങ്കിന്റെ ഉത്തരവുകളോ നിർദേശങ്ങളോ ബാധകമാവുന്നില്ല. ഇവ പൂർണമായും സംസ്ഥാന സഹകരണ നിയമത്തിനു വിധേയമായി രൂപം കൊണ്ടവയും പ്രവർത്തിക്കുന്നവയുമാണ്. ഈ സംഘങ്ങൾക്ക് 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പാർട്ട് 5ൽ പറയുന്ന ഇളവുകൾ മാത്രമാണുള്ളത്. ഈ സംഘങ്ങൾക്ക് അംഗങ്ങളിൽ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാനാവൂ. പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കാൻ പാടില്ല. പതിനയ്യായിരത്തോളം സംഘങ്ങളുള്ളതിൽ 90 ശതമാനവും ഈ വിധത്തിൽ തന്നെ പ്രവർത്തിക്കുന്നവയാണ്.
തെറ്റിദ്ധരിക്കപ്പെടുന്നത്
എംപ്ലോയീസ്, വനിത, മൾട്ടിപർപ്പസ്, മിസലേനിയസ്, അർബൻ സഹകരണ സംഘങ്ങൾ, മറ്റു കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ എന്നിങ്ങനെയുള്ള സംഘങ്ങളിൽ ചുരുക്കം ചിലത് ലൈസൻസില്ലാതെ ബാങ്കിങ് പ്രവർത്തനം നടത്തുന്നുണ്ട്. ഇതിനെതിരെയാണ് റിസർവ് ബാങ്ക് ഉത്തരവ്. ഇവ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കരുതെന്നും ചെക്കിന്റെ ഡ്രോയി ആകാൻ പാടില്ല എന്നും ആണ് റിസർവ് ബാങ്ക് നിർദേശം.
റിസർവ് ബാങ്ക് മേൽനോട്ടത്തിലുള്ള ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ ഇത്തരം സംഘങ്ങളിലെ ഇടപാടുകൾക്കു ലഭിക്കില്ലെന്നും, ഈ മാസം 22നു റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘങ്ങൾ നോമിനൽ, അസോഷ്യേറ്റ് അംഗങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാവൂ എന്നും റിസർവ് ബാങ്ക് പറയുന്നുണ്ടെങ്കിലും സഹകരണം സംസ്ഥാന വിഷയമായതിനാൽ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ അംഗങ്ങളെക്കുറിച്ച് നിർവചനമില്ല.
വോട്ടവകാശം ഉള്ളവർ പേരിനു മാത്രം
കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനൽ, അസോഷ്യേറ്റ് അംഗങ്ങൾ എന്ന വേർതിരിവില്ലാതെ എല്ലാവരെയും അംഗങ്ങളായിട്ടാണു നിർവചിച്ചിരിക്കുന്നത്. വോട്ടവകാശം അടക്കം ചിലതിൽ മാത്രമാണു നിയന്ത്രണമുള്ളത്. ഈ അടിസ്ഥാനത്തിൽ ഇത്തരം സംഘങ്ങൾ നോമിനൽ, അസോഷ്യേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കും. ഇത്തരം സംഘങ്ങളിൽ ഭൂരിപക്ഷത്തിലും നോമിനൽ, അസോഷ്യേറ്റ് അംഗങ്ങളാണു കൂടുതലും. വോട്ടവകാശം ഉള്ളവർ പേരിനു മാത്രമായിരിക്കും.
വോട്ടവകാശമുള്ളവരെ എ ക്ലാസ് അംഗങ്ങളായും വായ്പ, പണയം എന്നിവയ്ക്കായി സമീപിക്കുന്നവരെ സി ക്ലാസ് അംഗങ്ങളായും ആണു ചേർക്കുന്നത്. ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ജീവനക്കാർ രൂപീകരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തിൽ ജീവനക്കാർ മാത്രമായിരിക്കും അംഗങ്ങൾ. ജീവനക്കാർ വിരമിച്ചാൽ അവരെ അസോഷ്യേറ്റ് അംഗങ്ങളായി ഉൾപ്പെടുത്തുകയാണു ചെയ്തുവരുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ബാങ്ക് എന്നു പേരിട്ടു പ്രവർത്തിക്കുന്നവയ്ക്ക് റിസർവ് ബാങ്ക് നോട്ടിസ് നൽകിയിട്ടുള്ളതാണ്. പലരും ഇതിനകം പേരിലെ ബാങ്ക് എന്നതു മാറ്റിയിട്ടുമുണ്ട്.
റിസർവ് ബാങ്ക് ഇടപെടൽ
പ്രാഥമിക വായ്പാ സംഘങ്ങൾ, മറ്റു സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ എന്നീ വിഭാഗത്തിലുളള സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കരുതെന്നും ചെക്കിന്റെ ഡ്രോയി ആകാൻ പാടില്ല എന്നും ഉള്ള റിസർവ് ബാങ്ക് നിർദേശം നിക്ഷേപകരുടെ സുരക്ഷയ്ക്കു കൂടിയാണ്. പൊതുജനങ്ങൾ തങ്ങൾ അംഗങ്ങളായിട്ടുള്ളത് ഏതു തരം സംഘത്തിലാണെന്ന് അറിഞ്ഞിരിക്കുന്നതും നിക്ഷേപം നടത്തുന്നതും വായ്പ എടുക്കുന്നതും ഏതു വിഭാഗം സംഘങ്ങളിൽ നിന്നാണെന്നു മനസ്സിലാക്കിയിരിക്കുന്നതും നല്ലതാണ്.
അതിനാൽ, റിസർവ് ബാങ്ക് ഉത്തരവ് സഹകരണ മേഖലയ്ക്ക് എതിരാണെന്ന് ആക്ഷേപിക്കാനാവില്ല. മറിച്ച്, പൊതുജനങ്ങളെ ജാഗരൂകരാക്കുകയെന്ന ലക്ഷ്യമാണ് ബാങ്ക് നിറവേറ്റുന്നത്. റിസർവ് ബാങ്ക് മേൽനോട്ടത്തിലുള്ള ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ ഇത്തരം സംഘങ്ങളിലെ ഇടപാടുകൾക്കു ലഭിക്കില്ലെന്നും, ഈ മാസം 22നു റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ ഉത്തരവ് 2017 നവംബർ 29നും റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു. അതിൽ നിന്നു തന്നെ ഇത് കേരളത്തിലെ സഹകരണ മേഖലയെ മാത്രം ഉദ്ദേശിച്ചല്ലെന്നു വ്യക്തം.