പൊൻകുന്നം ബസ് സ്റ്റാൻഡിൽ സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ നടന്ന തർക്കം കയ്യാങ്കളിയുടെ വക്കിലെത്തി; ഒരാൾ അറസ്റ്റിൽ
പൊൻകുന്നം : ബസ് സ്റ്റാൻഡിൽ സമയത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെതുടർ ന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുടെ വക്കിലെത്തി. ടുട്ടു ബസിന്റെ ഡ്രൈവറേ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നിരപ്പേൽ ബസ് ഡ്രൈവർ അറസ്റ്റിലായി .
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ രണ്ടു സ്വകാര്യ ബസുകൾ പാലാ റോഡിലൂടെ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ കയറി വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരു ബസുകളിലേയും ജീവനക്കാർ തമ്മിൽ അസഭ്യവർഷം തുടങ്ങി. പാലായിൽ നിന്നും എരുമേലിക്ക് പോയ ടുട്ടു എന്ന സ്വകാര്യ ബസും മുണ്ടക്കയത്തിനുള്ള കെഎസ്ആർടിസിയും, പൊൻകുന്നം വരെയുള്ള നിരപ്പേൽ എന്ന സ്വകാര്യ ബസും പാലാ റൂട്ടിൽ നിന്ന് 1.15 ഓടെ സ്റ്റാന്റിൽ കയറി വന്നിരുന്നു.
ആദ്യം കയറി വന്ന ടുട്ടു എന്ന ബസ്സിന്റെ മുൻപിൽ നിരപ്പേൽ എന്ന ബസ്സ് വിലങ്ങിയിട്ട് ഡ്രൈവർ പൂവരണി സ്വദേശി അഥുൽ ഇറങ്ങി സമയം തെറ്റി നേരത്തെ സ്റ്റാന്റിൽ കയറി വന്നു വന്നുവെന്ന് ആരോപിച്ച് ടുട്ടു ബസിന്റെ ഡ്രൈവറേ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്റ്റാന്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് ശ്രീകുമാറിനെ അധിക്ഷേപിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെയാണ് നടപടിയെടുത്തത്. ഡ്രൈവർക്ക് പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിലും സ്വകാര്യബസ്സുകാർ തമ്മിൽ അസഭ്യവർഷം നടന്നിരുന്നു. പാലാ റൂട്ടിലെ ബസ്സുകളാണ് സമയത്തെച്ചൊല്ലി തർക്കത്തിലേർപ്പെടുന്നത്.