കാഞ്ഞിരപ്പള്ളി രൂപത കുടുംബനവീകരണ ധ്യാനം ഞായർ (5.12.2021) മുതൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കുടുംബ നവീകരണ ധ്യാനം ഡിസംബർ 5 മുതൽ ഡിസംബര്‍ 8 ബുധനാഴ്ച വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രലി വച്ച് നടത്തപ്പെടും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആമുഖസന്ദേശം നൽകി ഉദ്ഘാടനം ചെയ്യുന്ന ധ്യാനം റവ.ഡോ.ജോസഫ് കടുപ്പിൽ നയിക്കും.
വിശ്വാസപരിശീലനത്തിന്റെ പ്രഥമകളരിയായ കുടുംബങ്ങളുടെ വിശുദ്ധീകരണത്തിലൂടെയാണ് വിശ്വാസത്തിൽ വളരുവാനും പക്വത പ്രാപിക്കുവാനും വ്യക്തികള്‍ക്കാവുന്നത്. രൂപതയിലെ കുടുംബങ്ങളൊരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിനും വചനവിചിന്തനത്തിനും ലഭിക്കുന്ന അവസരം രൂപതാകുടുംബത്തിന്റെ കൂട്ടായ്മയുടെ പ്രകാശനമാണെന്നും കുടുംബാംഗങ്ങളൊരുമിച്ച് ഞായറാഴ്ച മുതൽ ആരംഭിക്കുന്ന രൂപതാ വാര്‍ഷികധ്യാനത്തിൽ ഒരുക്കത്തോടെ സംബന്ധിക്കണമെന്നും മാര്‍ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു.
മാര്‍ യൗസേപ്പിന്റെ വര്‍ഷാചരണത്തിന്റെ സമാപനദിനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന കുടുംബ നവീകരണ ധ്യാനം വൈകുന്നേരം 6 മണിക്കുള്ള റംശ നമസ്‌കാരത്തോടെയാണ് ആരംഭിക്കുന്നത്. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ. പയസ് കൊച്ചുപറമ്പില്‍, ഫാ. കാര്‍ലോസ് കീരഞ്ചിറ എന്നിവര്‍ വിവിധ ദിവസങ്ങളിലെ റംശ നമസ്‌കാരത്തിന് കാര്‍മ്മികത്വം വഹിക്കും.
വൈകുന്നേരം 6.00 മുതല്‍ 8.00 വരെ നടത്തപ്പെടുന്ന ധ്യാനം സോഷ്യല്‍ മീഡിയ അപ്പസ്‌തോലേറ്റ്, ദര്‍ശകന്‍, നസ്രാണി യുവശക്തി, അക്കരയമ്മ എന്നീ യൂട്യൂബ് ചാനലുകളിലും, എച്ച്.സി.എന്‍., ഇടുക്കിവിഷന്‍, ന്യൂവിഷന്‍, എ.സി.വി. ഇടുക്കി, ഇടുക്കി നെറ്റ് എന്നീ ചാനലുകളിലും തല്‍സമയം ലഭ്യമാണ്.
രൂപതാ വികാരിജനറാളുമാരായ റവ.ഡോ.ജോസഫ് വെള്ളമറ്റം, റവ. ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ.കുര്യന്‍ താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്.