കുഞ്ഞിനെ വെള്ളത്തില്‍ മുക്കാന്‍ അമ്മ പറഞ്ഞു; മകളുടെ മൊഴി
കോട്ടയം: അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തില്‍ ഇട്ടതെന്ന് മകളുടെ മൊഴി. കുഞ്ഞിനെ കന്നാസിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും മൂത്ത മകളായ 15 കാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആറാമത്തെ കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം കന്നാസിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിന് അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ സഹായിച്ചതിനാണ് പത്താം ക്ലാസുകാരിയായ മകളെ ഇന്നലെ കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
‘കുഞ്ഞിനെ വെള്ളത്തില്‍ മുക്കാന്‍ അമ്മ ആവശ്യപ്പെട്ടു. അതു വേണോ അമ്മേ എന്നു പലപ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളര്‍ത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു’- എന്നായിരുന്നു കുട്ടിയുടെ മൊഴി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോഴിക്കോട്ടെ പെണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി.
പാറത്തോട് ഇടക്കുന്നം മുക്കാലിയില്‍ വാടകയ്‌ക്കു താമസിക്കുന്ന മാരൂര്‍മലയില്‍ സുരേഷിന്റെ ഭാര്യ നിഷയാണ് അറസ്‌റ്റിലായത്. റിമാന്റിലായ നിഷ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. ഇവരുടെ ഇടതുകാലിന് ജന്മനാ ശേഷിക്കുറവുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച 11നാണ് ദമ്പതികളുടെ ആറാമത്തെ കുഞ്ഞിനെ ശൗചാലയത്തില്‍ വെള്ളം ശേഖരിക്കുന്ന മേല്‍ഭാഗം മുറിച്ച ജാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം അമ്മ നിഷയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 15, അഞ്ച്, മൂന്ന് വയസുകാരായ മൂന്നു പെണ്‍കുട്ടികളും ഒന്‍പത്, ഒന്നര വയസ് വീതമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്.
ആറാമത്തെ കുട്ടിയുണ്ടായതിലുള്ള നാട്ടുകാരുടെ പരിഹാസം ഭയന്നും കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു പോലീസിനു നിഷ മൊഴി നല്‍കി.