ആശ്വാസ വാർത്ത : പമ്പാവാലിയിലെ ഭൂമിക്ക് പട്ടയം നൽകി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്, റവന്യൂ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി

കണമല : കിട്ടിയ പട്ടയം അസാധുവായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തോളം വരുന്ന നാട്ടുകാർക്ക് നീതി തേടി അഞ്ച് പൊതു പ്രവർത്തകർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഭൂമിയുടെ കരം നികുതി റവന്യൂ വകുപ്പ് സ്വീകരിച്ച് രസീത് നൽകാനാണ് ഉത്തരവ്. കോടതിയിലെ കേസിൽ ഇനി താമസിയാതെ അന്തിമ വിധി വരുമ്പോൾ അതും അനുകൂലമായാൽ തലമുറകളോളം നീണ്ട നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമാണ് സഫലമാവുക. പി ജെ സെബാസ്റ്റ്യൻ, സിബി സെബാസ്റ്റ്യൻ കൊറ്റനെല്ലൂർ, ജോസഫ് പുതിയത്ത്, ജോസ് താഴത്ത് പീടിക, റോയ് പി ആന്റോ എന്നീ അഞ്ച് പേരാണ് നാട്ടുകാർക്കുവേണ്ടി കോടതിൽ ഹർജി നൽകിയത്

കരം സ്വീകരിക്കണമെന്ന കോടതി ഉത്തരവിനെ തുടർന്ന് സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥർ പമ്പാവാലിയിലെത്തി തെളിവെടുപ്പ് നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ബാബു, കാഞ്ഞിരപ്പള്ളി താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർമാരായ ഷാജി, സിബി എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. ഇനി ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കാൻ നടപടികൾ ആരംഭിക്കും.

കരം രസീത് ഹാജരാക്കിയാൽ കർഷകർക്ക് പ്രധാനമന്ത്രിയുടെ കാർഷിക പദ്ധതിയിൽ രണ്ടായിരം രൂപ ലഭിക്കുന്ന സ്ഥാനത്ത് പമ്പാവാലിയിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കരം ഇല്ലാത്തതിനാൽ ഈ ആനുകൂല്യങ്ങൾ ഉൾപ്പെടെ സർക്കാർ പദ്ധതികളും ബാങ്ക് വായ്പകളും കിട്ടുന്നില്ല. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് നാടിന് പുതുജീവൻ പകർന്നു നൽകിയിരിക്കുകയാണ്.

error: Content is protected !!