കാഞ്ഞിരപ്പള്ളി രൂപതയിൽ വിപുലമായ രീതിയിൽ ദനഹാ തിരുനാൾ ആചരണം നടത്തും

കാഞ്ഞിരപ്പള്ളി രൂപതാ വിശ്വസജീവിതപരിശീലന കേന്ദ്രത്തിന്റെയും, ലിറ്റർജിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും, നസ്രാണി മാർഗ്ഗം കൂട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതയിലെ ഭവനങ്ങളും, ഇടവകപ്പള്ളികളും, സ്ഥാപനങ്ങളും ദനഹാതിരുന്നാൾ വിപുലമായ രീതിയിൽ ആചരിക്കുന്നു.

ദനഹാ എന്ന സുറിയാനി വാക്കിന്റെ മലയാള അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണ് ദനഹാ തിരുനാളിലൂടെ.

കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമാണ് ദനഹാ തിരുനാൾ അഥവാ ‘പിണ്ടി കുത്തി’ തിരുനാള്‍. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്.

വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു.

കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ റംശാ നമസ്കാരത്തിന് കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകുകയും പിണ്ടിയിൽ ദീപം തെളിച്ച് ദനഹാതിരുനാൾ ആചരണത്തിനു തുടക്കം കുറിയ്ക്കുകയും ചെയ്യും

കത്തീദ്രൽ പള്ളിയും, കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷൻമുതൽ കത്തീദ്രൽ വരെയുള്ള ടൗണിലെ കടകളും പിണ്ടികുത്തി തിരുനാളാചരണത്തിൽ പങ്കുചേരും.

കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കുട്ടിക്കാനം മരിയൻ കോളേജ്, മുണ്ടക്കയം എം.എം.റ്റി ഹോസ്പിറ്റൽ തുടങ്ങിയ രൂപതയിലെ വിവിധ സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളോടെ ദനഹാതിരുനാൾ ആചരണത്തിൽ പങ്കുചേരും.

കാഞ്ഞിരപ്പള്ളി രൂപതയിലെ സൺ‌ഡേ സ്കൂൾ കുട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രൂപതയിലെ എല്ലാ പള്ളികളിലും, ഭവനങ്ങളിലും തിരുനാൾ ആചരിക്കും.

ഏറ്റവും മനോഹരമായി ദനഹാത്തിരുനാൾ ആചരണത്തിൽ പങ്കുചേരുന്ന ഭവനങ്ങളെയും പള്ളികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിശ്വാസജീവിതപരിശീലനകേന്ദ്രത്തിന്റെയും നസ്രാണിമാർഗം കൂട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതാ തലത്തിൽ ‘ഓർമ്മയിലെ ദനഹാ’ എന്ന പേരിൽ പ്രൊജക്റ്റ്‌ നടപ്പിലാക്കി സമ്മാനങ്ങൾ നൽകുന്നതുമാണ്.

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി പിണ്ടിപ്പെരുന്നാളിനെ കാണാം.

ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്.

ജനുവരി അഞ്ചാം തിയതി, ഉച്ചതിരിയുമ്പോൾ തന്നെ വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. കത്തോലിയ്ക്കാ കുടുംബങ്ങളിൽ വൈകീട്ട് ഭക്തിയോടെ അർപ്പിക്കപ്പെടുന്ന കുടുംബപ്രാർത്ഥനയോട് ചേർന്നും പള്ളികളിൽ റംശാ പ്രാർത്ഥനയോടും ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്. പളളികളിൽ വൈദികരും കുടുംബങ്ങളിൽ കുടുംബനാഥനും തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു.
കുടുംബാംഗങ്ങൾക്കൊപ്പം പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തെളിക്കുന്നു. തുടർന്ന്
പിറ്റേ ദിവസം (ആറാം തീയ്യതി) പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കുന്നു.

ദനഹാ എന്ന സുറിയാനി വാക്കിന്റെ മലയാള അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. മിശിഹായുടെ മനുഷ്യത്വത്തിൽ പരിശുദ്ധ ത്രിത്വം പ്രകാശപൂരിതമാകുന്നതിന് സുവിശേഷത്തിൽ, മിശിഹായുടെ ജോർദ്ദാൻ നദിയിലെ മാമോദീസ വേള സുവ്യക്തമായ സാക്ഷ്യം നൽകുന്നുണ്ട്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണിവിടെ. ദനഹാ തിരുന്നാളിൽ സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി (പാലായിലെ രാക്കുളി പെരുന്നാൾ) നടത്തുന്ന പതിവ് നസ്രാണിപൂർവ്വികർക്കിടയിൽ ഉണ്ടായിരുന്നു.

error: Content is protected !!