നൊന്പരമായി ഇവാൻ
കാഞ്ഞിരപ്പള്ളി: അനാഥത്വത്തിൽ നിന്നും സ്നേഹത്തണലിലേക്ക് കൂടുകൂട്ടിയ ഒന്നര വയസുകാരൻ ഇവാന്റെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. മണിമല പൂവത്തോലി തുങ്കുഴി ജിജോ-മഞ്ജു ദമ്പതികളുടെ മകൻ ഇവാനാണ് (ഒന്നര) വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്നലെ മരണമടഞ്ഞത്. ഇവാന്റെ മരണവാർത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും ഞെട്ടലോടയാണ് ഉൾക്കൊണ്ടത്.
ജിജോയ്ക്കും മഞ്ജുവിനും കുട്ടികൾ ഇല്ലാത്തതിനെത്തുടർന്ന് ഒരു വർഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് ഇവാൻ. ജിജോയുടെ പൂവത്തോലിയിൽ പണിത പുതിയ വീടിന്റെ പാൽകാച്ചൽകർമം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. പുതിയ വീടിന് ഇവാൻ എന്നായിരുന്നു പേരിട്ടിരുന്നത്. ജിജോ-മഞ്ജു ദമ്പതികൾക്ക് നിറമുള്ള സ്വപനങ്ങൾ നൽകി, കുടുംബത്തിന്റെ തണലിൽ സ്നേഹം അനുഭവിച്ചു വളർന്നു വരികെയാണ് ഇവാന്റെ വിയോഗം.
ജിജോയും കുടുംബവും അർത്തുങ്കൽ പള്ളിയിൽ പോയി വരുന്നവഴി കുമരകം കവണാറ്റിൻകരയ്ക്കു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇവാന്റെ പിതാവ് ജിജോ (46), അമ്മ മഞ്ജു (45), മുത്തശി മോളി സെബാസ്റ്റ്യൻ (70) എന്നിവർക്കും പരിക്കേറ്റിരുന്നു.
ജിജോയും മഞ്്ജുവും ഇവാനും കോഴിക്കോട്ടായിരുന്നു താമസം. മഞ്ജു കോഴിക്കോട് മൈത്ര ആശുപത്രിയിൽ നഴ്സാണ്. പുതിയ വീടിന്റെ പാൽകാച്ചൽ കർമത്തിനായി കഴിഞ്ഞ ആഴ്ചയാണ് വീട്ടിലെത്തിയത്. ഇവാന് പിന്നാലെ ഇന്നലെ വൈകുന്നേരം മുത്തശി മോളി സെബാസ്റ്റ്യനും മരണമടഞ്ഞു.