കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് രൂക്ഷമാകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ വീണ്ടും കോവിഡ് രൂക്ഷമാകുന്നു. ഇന്നലെ 412 പേർക്കാണ് താലൂക്കിൽ കോവിഡ് സ്ഥിരീകരിച്ചത്. എല്ലാ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്.
എരുമേലി പഞ്ചായത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. 97 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
ചിറക്കടവ് – 75, മുണ്ടക്കയം – 65, കാഞ്ഞിരപ്പള്ളി – 53, പാറത്തോട് – 46, മണിമല – 37, എലിക്കുളം – 24, കോരുത്തോട് – ഒന്പത്, കൂട്ടിക്കൽ – ആറ് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കോവിഡ് കണക്കുകൾ.
താലൂക്കിൽ വീണ്ടും കോവിഡ് രൂക്ഷമായതോടെ ഏറെ ആശങ്കയിലാണ് ജനങ്ങൾ. കോവിഡ് സെന്ററുകൾ ഇല്ലാത്തതിനാൽ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൽ ഏഴു പേർക്കും മുണ്ടക്കയം, എരുമേലി പോലീസ് സ്റ്റേഷനുകളിൽ നാല് ഉദ്യോഗസ്ഥർക്കും പൊൻകുന്നം സ്റ്റേഷനിൽ രണ്ടുപേർക്കും ഹൈവേ പോലീസിലെ രണ്ട് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എരുമേലിയിൽ പരിശോധന വർധിപ്പിക്കും
എരുമേലി പഞ്ചായത്തിൽ കോവിഡ് രോഗികൾ വർധിച്ചതോടെ കോവിഡ് പരിശോധന ആഴ്ചയിൽ മൂന്നു ദിവസമാക്കി വർധിപ്പിക്കാൻ തീരുമാനമായി. ആഴ്ചയിൽ രണ്ടു ദിവസമാണ് കോവിഡ് പരിശോധന എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി സർക്കാർ ആശുപത്രിയിൽ നടന്ന കോവിഡ് പരിശോധനകളിൽ ദിവസവും നൂറിലധികം പേരാണ് എത്തിയത്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ അടച്ചുപൂട്ടിയ കോവിഡ് ചികിത്സാ കേന്ദ്രം ഉടനെ പുനരാരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് ഇപ്പോൾ രോഗവ്യാപനം എത്തിനിൽക്കുന്നത്.