കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർക്ക് കോവിഡ്; പ്രവർത്തനം പ്രതിസന്ധിയിൽ..
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ അഞ്ച് ഡോക്ടർമാർ, നഴ്‌സുമാർ , എക്‌സ റേ, ലാബ്, ഫാർമസി ജീവനക്കാർ ഉൾപ്പടെ ആരോഗ്യ പ്രവർത്തകരായ 24 ജീവനക്കാർക്ക് കോവിഡ് സ്ഥിരികരിച്ചു. സൂപ്രണ്ട് ഉൾപ്പടെ 24 ഡോക്ടർമാർ, 33 നഴ്‌സുമാർ , നാല് എൻ.എച്ച്.എം. ജീവനക്കാർ എന്നിങ്ങനെയാണ് ആശുപത്രിയിലുള്ളത്. 14 ഡോക്ടർമാരാണ് ഒ.പി. വിഭാഗത്തിലുള്ളത്. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ നിലവിലുള്ള ഡോക്ടർമാർക്ക് കൂടുതൽ സമയം ജോലിയെടുക്കേണ്ട സ്ഥിതിയാണ്. കൂടുതൽപേർ കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചു.
24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിച്ചു. നിലവിൽ പ്രത്യേത കോവിഡ് ചികിത്സാ വിഭാഗങ്ങളില്ലാത്തത് ആശുപത്രിയിൽ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി പരാതി ഉയരുന്നത്. ജീവനക്കാരുടെ കുറവാണ് പ്രത്യേകവിഭാഗം തുറക്കാൻ തടസ്സമായി നിൽക്കുന്നത്. കോവിഡ് രോഗബാധിതരും രോഗലക്ഷണങ്ങളുള്ളവരും അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടുന്നത്. മുൻപ് കോവിഡ് ബ്രിഗേഡിയേഴ്‌സ് ജീവനക്കാരെ വിനിയോഗിച്ചാണ് ആശുപത്രിയിൽ സി.എഫ്.എൽ.ടി.സി., കോവിഡ് ഒ.പി. എന്നിവ പ്രവർത്തിച്ചിരുന്നത്.
കൂടുതൽപേർ കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു. എക്‌സ റേ വിഭാഗത്തിന്റെ പ്രവർത്തനം പകുതിയായി വെട്ടിക്കുറച്ചു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്.
കോവിഡ് കിടത്തിച്ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികൾ മാത്രമാണ് ആശ്രയം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഐസലേഷൻ വാർഡ് മാത്രമാണുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ കിടത്തി ചികിത്സിക്കുന്നില്ല. ഇതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ജനറൽ ആശുപത്രി ഒ.പിയിൽ എത്തുന്നവർക്ക് ആന്റിജൻ പരിശോധന നടത്തുന്നുണ്ടെങ്കിലും ആർ.ടി.പി.സി.ആർ. പരിശോധനയില്ല. മേഖലയിലെ മറ്റു സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആന്റിജൻ, ആർ.ടി.പി.സി.ആർ. പരിശോധന നിലവിലില്ല.