കോട്ടയം ജില്ല ‘സി’ കാറ്റഗറിയിൽ ; കടുത്ത നിയന്ത്രണങ്ങൾ ; പൊതുപരിപാടികൾ പാടില്ല, ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രം ..
കാഞ്ഞിരപ്പള്ളി : മേഖലയിൽ കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ “എ” കാറ്റഗറിയിൽ ആയിരുന്ന കോട്ടയം ജില്ലയെ ‘സി’ കാറ്റഗറിയിലേക്ക് മാറ്റി. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോട്ടയം ജില്ലയിൽ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവസാന സെമസ്റ്റർ വിദ്യാർഥികൾക്കു മാത്രമേ ഓൺലൈൻ ക്ലാസുകൾ നടത്താൻ പാടുള്ളു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുക. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെയാണ് ഇന്ന് ‘സി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.