മാങ്ങാ വില കേട്ടാൽ പുളിയും എരിവും! ചക്ക വാങ്ങാൻ ചുള പോലെ വേണം പണം!
∙ റോഡരികിൽ ചെറിയ വണ്ടികളിൽ കൂട്ടിയിട്ടു നല്ല നാടൻ മാങ്ങ വിൽപന നടത്തിയിരുന്ന കാലത്തു വില ഇരുപതോ മുപ്പതോ രൂപ മാത്രം. സീസൺ ആകുമ്പോൾ വില പിന്നെയും കുറയും. അതു പഴയ കാലം. ഇപ്പോൾ മാങ്ങയുടെ വില ചോദിച്ചാൽ പുളിയും എരിവും ഒന്നിച്ച് അനുഭവിക്കും. കിലോഗ്രാമിനു 160 രൂപ. വില ഇത്രയും ഉയർന്ന കാലം ഉണ്ടായിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. ചക്കയുടെ കാര്യത്തിലും കഥ ഇതു തന്നെ. ഉൽപാദനം കുറഞ്ഞതോടെ ചക്കയുടെ വില കിലോഗ്രാമിന് 15 മുതൽ 20 വരെ രൂപ. നല്ല നാടൻ ചക്കയ്ക്കു ശരാശരി 20 കിലോഗ്രാം തൂക്കം. ഇക്കൊല്ലം ചക്ക വാങ്ങണമെങ്കിൽ കാശ് ചുള പോലെ എണ്ണി നൽകണം. ഒരു ചക്കയ്ക്കു 300 മുതൽ 500 വരെ രൂപ കൊടുക്കണം.
എന്താണ് സംഭവിച്ചത്?
പ്രതിസന്ധിക്കു കാരണം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം. മഴയുടെ അളവു കൂടിയപ്പോൾ മാവുകൾ പൂവിടാൻ വൈകി. ഓരോ വർഷവും മുടങ്ങാതെ നിറയെ കായ്ച്ചുനിൽക്കുന്ന പ്ലാവിൽ ഇത്തവണ ചക്കയുടെ എണ്ണം കുറഞ്ഞു. നാടൻമാവുകളിൽ കായ്ഫലം കുറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച മഴയുടെ കരുത്ത് കുറഞ്ഞതു ഡിസംബറിൽ. ഇടവിട്ടു പെയ്ത മഴയും അതിതീവ്ര മഴയും തിരിച്ചടിയായി. നാടൻ മൂവാണ്ടൻ മാങ്ങകൾ കിട്ടാക്കനിയായി. സീസൺ ആരംഭിച്ചാൽ ആദ്യം മാങ്ങ എത്തിയിരുന്നത് ആലപ്പുഴ ഭാഗത്തു നിന്നായിരുന്നു. ഇത്തവണ ഇതുവരെ നാടൻ മാങ്ങകൾ വിപണിയിൽ എത്തിയിട്ടില്ല. കണ്ണിമാങ്ങ കണി കാണാൻ പോലുമില്ല.
ചക്കയുടെ കഥ
സാധാരണ വരിക്കപ്ലാവിലെ ചക്കയ്ക്കാണു പ്രിയമെങ്കിലും ഇത്തവണ ചക്ക ഏതായാലും മതിയെന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്. വർഷം നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതി. ചിലയിടങ്ങളിൽ അതുമില്ല. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനികളും ചക്ക പ്രോസസിങ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയത്താണു പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവു കൊഴിഞ്ഞുപോയതാണു തിരിച്ചടിക്കു കാരണം.
കിട്ടാക്കനികൾ വേറെയും
വാളൻപുളി, പേരയ്ക്ക, ജാതി, മരച്ചീനി, നെല്ല് എന്നിവയുടെ ഉൽപാദനത്തെയും മഴ ബാധിച്ചു. 2018ലെ പ്രളയത്തിനു ശേഷം ഓരോ വർഷവും ഉൽപാദനം കുറയുകയാണെന്നു കർഷകർ പറയുന്നു. മഴയുടെ ഏറ്റക്കുറച്ചിലും ഇതുവരെയുണ്ടാകാത്ത കാലാവസ്ഥാ വ്യതിയാനവും കൃഷി മേഖലയിൽ ഉൽപാദനം ഗണ്യമായി കുറച്ചു. ഇതു കൃഷിയുടെ പതിവുരീതികളെ താളം തെറ്റിക്കും.
നീലൂർ പ്രൊഡ്യൂസർ കമ്പനിയിലെ കാഴ്ച
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ചക്ക വാങ്ങുന്ന സ്ഥാപനമാണു നീലൂർ പ്രൊഡ്യൂസർ കമ്പനി. സീസണിൽ ഇവിടെ എത്തിയിരുന്നത് 2 മുതൽ 3 വരെ ടൺ ചക്ക. ഇത്തവണ എത്തുന്നത് 200 മുതൽ 300 വരെ കിലോഗ്രാം. കിലോഗ്രാമിന് 20 രൂപ നൽകിയാണു കമ്പനി ആദ്യഘട്ടത്തിൽ കർഷകരിൽ നിന്നു ചക്ക സംഭരിച്ചത്. ഇപ്പോൾ നൽകുന്നത് 15 രൂപ. കൂടിയ വില നൽകാൻ തയാറാണ്.
പക്ഷേ ആവശ്യത്തിനു ചക്ക വേണം. പ്രതിവർഷം ടൺ കണക്കിനു ചക്ക മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനി ഇത്തവണ ഓർഡർ സ്വീകരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ. നാടൻ പ്ലാവുകളിൽ കായ്ഫലം കുറഞ്ഞു. 400 ടൺ ആവശ്യമുള്ള സ്ഥാനത്തു 4 ടൺ പോലും കിട്ടാത്ത അവസ്ഥയാണെന്നു കമ്പനി സിഇഒ സിബി മാത്യു പറയുന്നു. സീസണിൽ 6 മാസം മുടക്കമില്ലാതെ ചക്ക കിട്ടിയിരുന്നു. ഇത്തവണ ഒരു ചക്ക പോലും ലഭിക്കാത്ത ദിവസങ്ങൾ ഉണ്ട്.