നിരീക്ഷണ ക്യാമറയുടെ മിഴി തുറക്കാൻ വഴി തെളിയുമോ?
മുണ്ടക്കയം / പൊൻകുന്നം / കാഞ്ഞിരപ്പള്ളി / എരുമേലി ∙ താലൂക്കിലെ പ്രധാന നഗരങ്ങൾ നിരീക്ഷണ ക്യാമറയുടെ സുരക്ഷാ വലയത്തിൽ ആക്കണം എന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങൾ, മോഷണം, സാമൂഹിക വിരുദ്ധ ശല്യം, സംഘർഷങ്ങൾ തുടങ്ങിയവ പതിവാകുമ്പോൾ ക്യാമറ കണ്ണുകൾ വഴിയുള്ള പൊലീസ് നിരീക്ഷണം ശക്തമായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ടൗണുകളിൽ അതിവേഗം പദ്ധതി നടപ്പാക്കണം എന്നാണ് ആവശ്യം. ശബരിമല ഇടത്താവളമായ എരുമേലിയിൽ മാത്രമാണ് നിലവിൽ ക്യാമറ നിരീക്ഷണം ഉള്ളത്.
മുണ്ടക്കയത്ത് മിഴി തുറക്കാൻ വഴി തെളിയുമോ
വിജനമായി കിടക്കുന്ന ബൈപാസ് റോഡിൽ ഉൾപ്പെടെ സാമൂഹിക വിരുദ്ധ ശല്യം വ്യാപകമാണ്. ടൗണിൽ ഉണ്ടാകുന്ന പല അപകടങ്ങളിലും സംഘർഷ സംഭവങ്ങളിലും പൊലീസ് വ്യാപാര സ്ഥാപനങ്ങളിലെ ക്യാമറകളാണു ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടു. എവിടെയൊക്കെ ക്യാമറകൾ വേണം എന്ന് പഠനം നടത്തി പൊലീസ് സ്റ്റേഷനിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും ലക്ഷ്യമിട്ട പദ്ധതിക്ക് പക്ഷേ, ഡിപിസി അംഗീകാരം ലഭിച്ചില്ല. പഞ്ചായത്ത് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
“ക്യാമറ പദ്ധതി നടപ്പാക്കാൻ സ്വകാര്യ കമ്പനി തയാറാണ് ഇതിനായി തുക കണ്ടെത്തണം എങ്കിൽ വ്യാപാരി വ്യവസായികൾ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണം വേണം.ഇതിനായി ശ്രമങ്ങൾ തുടരുകയാണ് ” – രേഖ ദാസ്, പഞ്ചായത്ത് പ്രസിഡന്റ്
പൊൻകുന്നത്ത് പൊളിയുന്നു പദ്ധതികൾ
രാഷ്ട്രീയ സംഘർഷങ്ങളുടെ സ്ഥിരം വേദിയായ പൊൻകുന്നത്ത് പദ്ധതി തയാറാണ് പക്ഷേ,അത് പലപ്പോഴും പൊളിയുകയായിരുന്നു പതിവ്. ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പൊലീസ് പദ്ധതി രാഷ്ട്രീയ കക്ഷികളുടെ നിസ്സംഗത മൂലം നടപ്പാകുന്നില്ല എന്നാണ് ആക്ഷേപം. 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്. 2018ൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചിറക്കടവ് പഞ്ചായത്തിലെ 11 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ പൊലീസ് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി കെൽട്രോൺ പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നു.
മേഖലയിലെ രാഷ്ട്രീയ പാർട്ടികൾ പദ്ധതിയോട് മുഖം തിരിച്ചതോടെ ഫണ്ട് ലഭ്യത അനിശ്ചിതത്വത്തിലായി. പൊലീസിന് സ്വന്തമായി പദ്ധതി നടപ്പാക്കാൻ സംവിധാനമില്ലാതെ വന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു.സിപിഎം– ബിജെപി സംഘർഷം കൂടുതലായി അരങ്ങേറിയ തെക്കേത്തുകവലയിലും സമീപ പ്രദേശങ്ങളിലും തിരക്കേറിയ പൊൻകുന്നം ടൗണിലും മറ്റ് പ്രധാന ജംക്‌ഷനുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതോടെ മേഖലയിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനാകും എന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷിച്ചിരുന്നത്.
“ടൗണിലെ നിയമലംഘനം കണ്ടെത്താൻ പൊലീസിന് ആകെയുള്ള ആശ്രയം പൊൻകുന്നം പൊലീസ് സ്റ്റേഷന് മുൻപിലുള്ള ക്യാമറ മാത്രമാണ്. വ്യാപാര സ്ഥാപനങ്ങളിലെ ക്യാമറകളാണ് പൊലീസിന് മറ്റൊരു സഹായം . തിരക്ക് ഏറെയുള്ള ട്രാഫിക് ജംക്‌ഷൻ, പുനലൂർ റോഡിലേക്ക് തിരിയുന്ന ഭാഗം, ബസ് സ്റ്റാൻഡ്, കെവിഎംഎസ് ജംക്‌ഷൻ എന്നിവിടങ്ങളിൽ ക്യാമറ അത്യാവശ്യമാണ്.” – ടോമി ഡൊമിനിക്, യൂണിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി” –
കാഞ്ഞിരപ്പള്ളിയിൽ കാടു കയറി ക്യാമറ കണ്ണുകൾ
ഒന്നും രണ്ടുമല്ല 16 ക്യാമറകളാണ് താലൂക്ക് ആസ്ഥാനത്ത് ഉള്ളത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഉണ്ടായ ജ്വല്ലറി മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പൊലീസിന് ആശ്രയം വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലുള്ള ക്യാമറകളിലെ ദൃശ്യങ്ങളായിരുന്നു. 2013ൽ 6,57,236 രൂപ മുതൽ മുടക്കി സ്ഥാപിച്ച ക്യാമറകളിൽ ഒരെണ്ണം പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ക്യാമറകൾ തകരാറിലാകാൻ കാരണം.
2017ൽ തകരാർ പരിഹരിക്കുന്നതിന് 4.80 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടത്തി എന്നാൽ ഒരു വർഷം തികയും മുൻപേ ക്യാമറകൾ വീണ്ടും മിഴിയടച്ചു. പ്രധാന ജംക്‌ഷനുകളായ പേട്ടക്കവല, ബസ് സ്റ്റാൻഡ് ജംക്‌ഷൻ സിവിൽ സ്റ്റേഷൻ പരിസരം, കുരിശുങ്കൽ , പുത്തനങ്ങാടി റോഡ് , കെഎസ്ഇബി ജംക്‌ഷൻ ,ഗ്രോട്ടോ , തുടങ്ങിയ സ്ഥലങ്ങളിലായി ഇപ്പോൾ 16 ക്യാമറകൾ കാടു കയറിയും തുരുമ്പെടുത്തും നശിക്കുകയാണ്.
“ലക്ഷങ്ങളുടെ പദ്ധതിയാണ് നശിക്കുന്നത്. ടൗണിലെ ക്രമസമാധാന പാലനത്തിന് ഒരു പരിധിവരെ പൊലീസിന് സഹായമായ ക്യാമറ പദ്ധതി വീണ്ടെടുക്കാനും യഥാസമയം അറ്റകുറ്റപ്പണി നടത്തി നിലനിർത്താനും പദ്ധതി വേണം. കഴിഞ്ഞ ദിവസം ടൗണിൽ പാർക്ക് ചെയ്ത ബസിൽ നിന്നും ബാറ്ററി മോഷണം പോയതായും ക്യാമറ ഉണ്ടായിരുന്നു എങ്കിൽ ഇത്തരം സംഭവങ്ങൾ തടയാൻ കഴിയും” – ടി.എ.സിറാജ് തൈപ്പറമ്പിൽ, സ്വകാര്യ ബസ് ഉടമ
എരുമേലിയിൽ എല്ലാം ക്ലിയർ
സംസ്ഥാനത്ത് ആദ്യമായി ആധുനിക രീതിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പട്ടണത്തിൽ വൻ വിജയമായി. 34 ക്യാമറകളിൽ പകൽ പോലെ ദൃശ്യങ്ങൾ പതിയുന്നുണ്ട്. ശബരിമല തീർഥാടനത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിലാണു എരുമേലി പൊലീസ് സ്റ്റേഷനിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തിയത്. കൊരട്ടി മുതൽ കരിങ്കല്ലുമ്മൂഴി വരെയാണു സിസിടിവിയുടെ പ്രവർത്തന പരിധി. എരുമേലി പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിൽ 24 മണിക്കൂറും സംവിധാനം സജ്ജമാണ്.
മോഷണം, തിരോധാനം, വിവിധ വസ്തുക്കൾ നഷ്ടപ്പെടൽ, അനധികൃതമായി വാഹനമോടിക്കൽ, അടക്കമുള്ള വിവിധ കാര്യങ്ങളിൽ തുമ്പ് ലഭിക്കാൻ സിസിടിവി ദൃശ്യങ്ങൾ സഹായകമായി. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത ക്യാമറകളും ടിവികളും 2 കോടി മുടക്കിയാണു വാങ്ങിയത്. ശബരിമല സീസണിലാണ് ഇവ ഏറെ പ്രയോജനം ലഭിക്കുന്നത്. 2 കിലോമീറ്റർ വരെ വാഹനങ്ങൾ അടക്കമുള്ളവ സൂം ചെയ്യാം എന്ന സവിശേഷതയുമുണ്ട്.