വരൾച്ചയിലേക്ക്; സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഏറ്റവും അധികം ചൂട് കോട്ടയത്ത്
കോട്ടയം ∙ കനത്ത ചൂടിൽ ജല സ്രോതസ്സുകൾ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷം. ജില്ലയിൽ ഏറ്റവും അവസാനമായി മഴ പെയ്തത് ജനുവരി ഒൻപതിനാണ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ 28 ന് കോട്ടയത്തു രേഖപ്പെടുത്തിയത് സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഏറ്റവും അധികം ചൂടാണ്. 36.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അടുത്ത 3 മാസം കനത്ത വേനൽ സാധ്യതയാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിക്കുന്നത്. എന്നാൽ, വരൾച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഇതുവരെ യോഗം ചേർന്നിട്ടില്ല.
പമ്പിങ് ജല സ്രോതസ്സുകൾ പ്രതിസന്ധിയിൽ
മീനച്ചിലാറിൽ ജലഅതോറിറ്റിക്ക് പ്രധാനമായും 11 പമ്പിങ് കേന്ദ്രങ്ങളാണുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ കേന്ദ്രങ്ങളെ ആശ്രയിച്ചുകഴിയുന്നത്. വേമ്പനാട്ടു കായലിൽ നിന്ന് ഉപ്പുവെള്ളം കയറി ജല സ്രോതസ്സുകൾ മലിനമാകുന്നതിന്റെ സാധ്യതയും നിലനിൽക്കുകയാണ്. മെഡിക്കൽ കോളജ്, 2 നഗരസഭകൾ 12 പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കു ശുദ്ധജലം പമ്പു ചെയ്യുന്ന പേരൂർ, പൂവത്തുംമൂട് പമ്പിങ് കേന്ദ്രങ്ങളിൽ ആറ്റിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാൽ നിലവിൽ പ്രതിസന്ധിയില്ലെന്നു ജലഅതോറിറ്റി അധികൃതർ പറയുന്നു. താഴത്തങ്ങാടി, വെള്ളൂപ്പറമ്പ്, ടാപ്പുഴ, കിടങ്ങൂർ, മുത്തോലി, പാലാ, ഈരാറ്റുപേട്ട, തേവരുപാറ, പൂഞ്ഞാർ, തലനാട് പമ്പിങ് കേന്ദ്രങ്ങളിലും ജലനിരപ്പു കാര്യമായി കുറയുന്നുണ്ട്.
താൽക്കാലിക ബണ്ടുകളുടെ നടപടി തുടങ്ങി
മീനച്ചിലാറ്റിലെ ജലനിരപ്പു താഴുമ്പോൾ ജലഅതോറിറ്റിയുടെ പമ്പിങ് കിണറുകളിൽ ഉപ്പുവെളളം കയറാതിരിക്കാൻ 5 താൽക്കാലിക ബണ്ടുകളാണ് സ്ഥാപിക്കുന്നത്. താഴത്തങ്ങാടി, കുടമാളൂർ, അറുത്തൂട്ടി, അഞ്ചുണ്ണി, കല്ലുമട എന്നിവിടങ്ങളിലാണ് ബണ്ടുകൾ സ്ഥാപിക്കുന്നത്. 35 ലക്ഷം രൂപയുടെ സാമ്പത്തിക അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വേനൽ കനത്തതോടെ തോടുകളിലെയും കായലിലെയും ജലനിരപ്പു താഴ്ന്നു. മഴ പെയ്തില്ലെങ്കിൽ ഫെബ്രുവരി പകുതിയോടെ ഇടത്തോടുകൾ പൂർണമായും വറ്റുന്ന സ്ഥിതിയുണ്ടാകും. വേമ്പനാട്ടു കായലിൽ ജല നിരപ്പു കുറയുന്നതു മൂലം തണ്ണീർമുക്കം ബണ്ടിന്റെ വടക്കു ഭാഗത്തു നിന്ന് ഉപ്പ് വെള്ളം കയറാൻ സാധ്യതയുണ്ട്. ഷട്ടറുകൾ അടച്ചിരിക്കുകയാണെങ്കിലും ഓരു മുട്ട് ഇല്ലാത്തതാണ് ഉപ്പ് എത്താൻ കാരണം.
ഭൂഗർഭ ജലനിരപ്പ് താഴുന്നു
കിഴക്കൻ പഞ്ചായത്തുകളിലാണ് അതിവേഗം ഭൂഗർഭ ജലനിരപ്പ് താഴുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ കിണറുകളിലെ നിരീക്ഷണ കിണറുകളിൽ ഒരു മാസത്തിനുള്ളിൽ ഒരു മീറ്ററിൽ അധികം താഴ്ന്നു. 44 നിരീക്ഷണ കിണറുകളാണു ജില്ലയിലുള്ളത്. ഇതിൽ 21 സാധാരണ കിണറുകളും 23 കുഴൽ കിണറുകളും.
ആറ്റിൽ മണൽത്തിട്ടകൾ
കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിന്റെ ഫലമായി മീനച്ചിലാറ്റിൽ പലയിടത്തും മണൽത്തിട്ടകളും വലിയ കല്ലുകളും മണ്ണും എക്കലും അടിഞ്ഞിട്ടുണ്ട്. ചെക്ഡാമുകളിൽ നിന്ന് അരകിലോമീറ്ററോളം നീളത്തിലാണ് മണൽ അടിഞ്ഞത്. ഇനി ശക്തമായി മഴ പെയ്താൽ ഇതു വെള്ളത്തിന്റെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കും. മീനച്ചിലാർ കരകവിഞ്ഞൊഴുകും.
മുൻകരുതൽ വേണമെന്ന് എംഎൽഎമാർ
കോട്ടയം ∙ വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിനു മുൻകരുതൽ വേണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിർദേശം. കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ യോഗത്തിലാണ് എംഎൽഎമാർ പ്രശ്നം ഉന്നയിച്ചത്.