ചക്ക കഴിക്കണോ? വലിയ വില കൊടുക്കേണ്ടി വരും

പൊൻകുന്നം ∙  സംസ്ഥാന ഫലമായി സ്ഥാനക്കയറ്റം കിട്ടിയ ചക്ക ഇത്തവണ ഇത്തിരി ഗമയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മിക്കയിടങ്ങളിലും വിളവ് തീരെക്കുറവ്. ല്ലാ വർഷവും നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രം.നാടൻ പ്ലാവിൽ ഇത്തവണ ചക്ക ഉൽപാദനം 20 – 25% മാത്രമാണെന്നും പ്ലാവ് പ്ലാന്റേഷനിൽ കാര്യമായ പ്രശ്നമില്ലെന്നും പത്തനംതിട്ട കൃഷി വിജ്ഞാനം കേന്ദ്രം ഹോട്ടികൾച്ചർ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ.റിൻസി കെ.ഏബ്രഹാം പറയുന്നു. നാടൻ പ്ലാവുകളിൽ ചക്കയില്ലാതെ വന്നതിനാൽ അന്യ നാട്ടിലേക്കുള്ള ചക്ക വണ്ടി കാണാൻ പോലുമില്ല. നാട്ടിലെ ഉൽപാദനം കുറഞ്ഞതിനാൽ ചക്ക വിലയും കൂടി. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് വിപണനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ചക്ക ഉൽപാദനം തീരെ കുറഞ്ഞത്.

കാലം തെറ്റി പെയ്ത മഴ വില്ലനായി

തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ ചക്ക പൊട്ടേണ്ട പൂക്കളെല്ലാം തളിർത്തു. എന്നാൽ കൃത്യമായ പരിചരണം ഉണ്ടായിരുന്നതിനാൽ പ്ലാന്റേഷനുകളിൽ ഇത്തരം പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ പറയുന്നു. കഴിഞ്ഞ വർഷവും കാലാവസ്ഥ വ്യതിയാനം ചക്ക ഉൽപാദനത്തെ ബാധിച്ചിരുന്നു. എന്നാൽ മഴ നിന്നതോടെ വൈകി ചക്ക വിരിഞ്ഞു തുടങ്ങിയത് കാര്യമായ പ്രശ്നം സൃഷ്ടിച്ചിട്ടില്ല. ഇത്തവണയും അതുതന്നെ  സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറയുന്നു.

ഒരു ലോഡ് ‍പോലും പോയില്ല

കാലടി മാർക്കറ്റിൽ ഇത്തവണ ഒരു ലോഡ് പോലും കൊണ്ടു പോകാനായില്ലെന്ന് ചക്ക മൊത്ത വ്യാപാരികൾ പറയുന്നു. ഡിസംബറിലാണ് ചക്ക കൂടുതലായി വിരിയുന്നത്. 2 വർഷമായി ഇത് വളരെ കുറഞ്ഞു. കഴിഞ്ഞ സീസണിലും ചക്ക ഉൽപാദനം കുറവായിരുന്നു. ഒപ്പം കോവിഡ് നിയന്ത്രണം കൂടി വന്നതോടെ കച്ചവടം കാര്യമായി നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

വില എത്രയായാലും വേണ്ടില്ല

ചക്ക കിട്ടാനുണ്ടെങ്കിൽ വില എത്രയായാലും വേണ്ടില്ലെന്നാണ് ആവശ്യക്കാർ പറയുന്നത്. ലോക് ഡൗൺ കാലത്ത് മലയാളികളുടെ ഇഷ്ടമായി മാറിയ ചക്ക വിഷമില്ലാത്ത പ്രകൃതി വിഭവമായതിനാൽ ആവശ്യക്കാർ ഏറെയാണ്. സാധാരണ വരിക്ക ചക്കയ്ക്കാണു പ്രിയമെങ്കിലും കിട്ടാനില്ലാത്തതിനാൽ ഇത്തവണ ചക്ക ഏതെങ്കിലും മതിയെന്നാണ് ആവശ്യക്കാരുടെ പക്ഷം. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ പല കമ്പനികളും ചക്ക പ്രൊസസിങ് യൂണിറ്റുകളും ചക്കയ്ക്കായി നെട്ടോട്ടത്തിലാണ്.

ചക്ക ഇവിടെ ചവറുപോലെ

കൃത്യമായ പരിചരണം നൽകിയാൽ പ്ലാവ് ചക്ക പോലെ  വരുമാനം നൽകുമെന്ന് കർഷകനായ ചെങ്ങളം വയലുങ്കൽ പുതുവയലിൽ സലേഷ് ആന്റണി പറയുന്നു. 3 ഏക്കറിൽ 310 വിയറ്റ്നാം ഏർളി പ്ലാവുകളുണ്ട്. ഒരു പ്ലാവിൽ നിന്ന് 6 കിലോ വലിപ്പമുള്ള 4 ചക്ക ലഭിക്കും. കൂടുതലായും ഇടിഞ്ചക്കയാണ് വിൽപന . സെപ്റ്റംബർ പകുതി മുതൽ വിളവെടുപ്പ് തുടങ്ങി. 3–ാം ഘട്ടം വിളവെടുപ്പ് ഇന്നലെ അവസാനിച്ചു. അടുത്ത ഘട്ടം ചക്ക പൊട്ടാൻ തുടങ്ങി. കൂടുതലും ഇടിഞ്ചക്കയാണ് വിൽക്കുന്നത്. ഇടിഞ്ചക്ക 4 ലോഡ് പോകുമ്പോൾ വലിയ ചക്ക ഒരു ലോഡാണ് പോകുന്നത്.

error: Content is protected !!