എരുമേലി സെന്റ് തോമസ് സ്കൂൾ വരാന്തയിൽ നിന്നും വമ്പൻ മൂർഖൻ പാമ്പിനെ പിടികൂടി

എരുമേലി : വീണ്ടും സ്കൂളിൽ രാത്രിയിൽ വന്ന മൂർഖൻ പാമ്പ്‌ പൂച്ചയുമായി മല്ലിട്ടപ്പോൾ കയ്യോടെ പിടിച്ചു കൂട്ടിലാക്കി വനപാലകർ. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ എരുമേലി സെന്റ് തോമസ് സ്കൂൾ വളപ്പിലാണ് സംഭവം.

ഒരു മാസം മുമ്പ് സ്കൂൾ വളപ്പിൽ കല്ലുകൾക്കിടെ മൂർഖനെ കണ്ട് അധികൃതർ വനപാലകരെ വിളിച്ചു വരുത്തിയെങ്കിലും പിടിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് മുതൽ ജാഗ്രതയിലായിരുന്നു ജീവനക്കാർ. കഴിഞ്ഞ ദിവസം രാത്രിയിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ സ്കൂളിന്റെ മുറ്റത്ത് ചീറ്റൽ ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. സ്കൂൾ മുറ്റത്ത് പൂച്ചയെ കണ്ട് പിടികൂടാൻ ശ്രമിക്കുകയായിരുന്നു പാമ്പ്‌. പിടി കൊടുക്കാതെ പാമ്പിന്റെ നീക്കങ്ങൾ കണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു പൂച്ച.

ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതോടെ എരുമേലി റേഞ്ച് ഓഫിസർ ജയകുമാറിന്റെ നിർദേശപ്രകാരം പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം പി ജയനും സംഘവും എത്തി. പാമ്പ്‌ പിടുത്ത വിദഗ്ദ്ധനും വനം വകുപ്പ് ജീവനക്കാരനുമായ അജീഷ് പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആറ് അടിയോളം നീളമുള്ള മൂർഖനെ പിടികൂടി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിപിൻ ചന്ദ്രൻ, ഡ്രൈവർ അജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. കൂട്ടിലാക്കിയ മൂർഖനെ പ്ലാച്ചേരിയിൽ റെസ്‌ക്യു ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. പാമ്പുകളെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പിലെ ടീമിന്റെ സേവനം എപ്പോഴും ലഭ്യമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8547601183(പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസ് ),9847021726 (കോട്ടയം ഓഫിസ് )

error: Content is protected !!