എരുമേലി ബസ് സ്റ്റാൻഡിന്റെ നിയന്ത്രണം വളയിട്ട കൈകളിലായി
എരുമേലി: ഇന്നലെ ആദ്യമായി എരുമേലിയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉച്ചഭാഷിണിയിലൂടെ സ്ത്രീശബ്ദം മുഴങ്ങി. ബസുകളുടെ സമയവും റൂട്ടും വിശദമായി മൈക്കിലൂടെ പറഞ്ഞുകൊണ്ടിരുന്നു ഉഷയും അജിതയും. ഒപ്പം ബസുകളുടെ ടോൾ പിരിവും കംഫർട്ട് സ്റ്റേഷന്റെ ചുമതലയും ഇവർ നിർവഹിച്ചു. സ്റ്റാൻഡിന്റെ നിയന്ത്രണം ഏറ്റെടുത്ത കുടുംബശ്രീ പ്രവർത്തകരെ പഞ്ചായത്ത് ഭരണസമിതി പിന്തുണയും ആശംസകളും അറിയിച്ചു.
സ്റ്റാൻഡിലെ ടോൾ പിരിവും നിയന്ത്രണ ചുമതലയും പല തവണ ലേലം ചെയ്തിട്ടും പരാജയമായിരുന്നു ഫലം. ഇതോടെയാണ് കുടുംബശ്രീ വനിതകളെ ഏൽപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളും ഹരിത കർമസേനയിലെ അംഗങ്ങളുമായ ഉഷയ്ക്കും അജിതയ്ക്കും ഇന്നലെ ആദ്യ ഡ്യൂട്ടി നൽകുകയായിരുന്നു. ഇവർക്ക് ദിവസവേതനം പഞ്ചായത്ത് നൽകും.
ബസുകളിൽ നിന്നുള്ള ടോൾ ഫീസ് വാങ്ങി രസീത് നൽകുകയും ടോൾ പിരിവും കംഫർട്ട് സ്റ്റേഷനിലെ വരുമാനവും ഇവർ പഞ്ചായത്തിന് നൽകണം. കൂടാതെ യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങളും നൽകണം. നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും ഉൾപ്പടെ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സഹായത്തോടെ നിയമ നടപടികൾ സ്വീകരിക്കണം. അനധികൃത പാർക്കിംഗ് അനുവദിക്കരുത്. പരിസരങ്ങൾ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കണം. ഇങ്ങനെ ഒട്ടേറെ ചുമതലകളാണ് ഇവരുടെ ഡ്യൂട്ടിയിലുള്ളത്.