പൊൻകുന്നത്ത് ബസ്സപകടം : ആറുപേർക്ക് പരിക്ക്
പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നത്തിന് സമീപം കടുക്കാമല വളവിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്.
കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവർ പുഞ്ചവയൽ പ്രമോദ് ഭവനിൽ പ്രമോദ് (45), വാഴൂർ സ്വദേശികളായ മുല്ലക്കര വീട്ടിൽ വിജയകുമാർ (58), എലിസബത്ത്(56), കൊച്ചാംപറമ്പിൽ സുജാത നന്ദകുമാർ (48), എരുമേലി വെണ്ണക്കുഴിയിൽ ബിലാ ജോയി (47), അണക്കര പുത്തൻപുരയ്ക്കൽ ഡീനാ (21) എന്നിവർക്കാണ് പരിക്ക്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും ചങ്ങനാശേരിയിൽ നിന്നും മുണ്ടക്കയത്തേക്ക് പോയ ഐശ്വര്യ ബസുമാണ് അപകടത്തിൽപെട്ടത്. അപകടത്തിന് തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.