സുമനസ്സുകളുടെ സഹായം വിഫലമായി..; പ്രതീക്ഷകൾ ബാക്കിയാക്കി ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മ കൃഷ്ണപ്രിയ യാത്രയായി
കാഞ്ഞിരപ്പള്ളി : ജീവൻ നിലനിർത്തുന്നതിനായി സുമനസ്സുകളുടെ സഹായവും, പ്രാർഥനയും ഫലം കാണാതെ, ദിവസങ്ങൾ മാത്രം പ്രായമുള്ള, തന്റെ പൊന്നോമനകളായ ഇരട്ടക്കുട്ടികളെ തനിച്ചാക്കി കൃഷ്ണപ്രിയ ഇനിയൊരു മടങ്ങിവരവ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. തമ്പലക്കാട് പാറയിൽ ഷാജിയുടെ മകൾ കൃഷ്ണപ്രിയ, രണ്ടാഴ്ച മുൻപ് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു .ജനുവരി 29ന് പ്രസവാനന്തരം ഉണ്ടായ രക്തസ്രാവവും അനുബന്ധ രോഗങ്ങളും ആണ് യുവതിയുടെ ജീവന് ഭീഷണിയായത്. കൃഷ്ണപ്രിയയുടെ ജീവൻ നിലനിർത്തുന്നതിയായി നിരവധി സുമനസ്സുകൾ സഹായവുമായി എത്തിയെങ്കിലും, അതെല്ലാം വിഫലമാക്കികൊണ്ട്, ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രാജഗിരി ആശുപത്രിയിൽ കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങി .
ഈ 24 കാരിയുടെ മരണത്തോടെ രണ്ടു കുഞ്ഞു പൈതങ്ങൾക്ക് അമ്മയെ നഷ്ടമായി.മൂവാറ്റുപുഴ ആശുപത്രിയിൽ വച്ച് ഓപ്പറേഷനിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും,രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർച്ചയായി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നിരുന്നത്.
മൂവാറ്റുപുഴ ആയവന പാലനിൽക്കുംപറമ്പിൽ പ്രവീണാണ് കൃഷ്ണപ്രിയയുടെ ഭർത്താവ്. ഡ്രൈവർ ജോലി മാത്രമുള്ള പ്രവീണിന് കുടുംബം പോറ്റാൻ തന്നെ ഏറെ വിഷമിക്കുമ്പോഴാണ് ഭാര്യയെ രോഗം പിടികൂടിയത് -രോഗികളായ കൃഷ്ണപ്രിയയുടെ മാതാപിതാക്കൾ മകളുടെ വേർപാട് താങ്ങാനാവാത്ത അവസ്ഥയിലാണ്.
ചികിത്സയ്ക്ക് പണം ഇല്ലാതെ വന്നപ്പോൾ നാട് ഒന്നടങ്കമാണ് സഹായവുമായി എത്തിയത്. തമ്പലക്കാട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 6 ആം തിയതി രാവിലെ 9 മണി മുതൽ വീടുകൾ കേന്ദ്രികരിച്ചു ചികിത്സ സഹായ ഫണ്ട് ശേഖരിച്ചിരുന്നു. ഒടുവിൽ കന്നി പ്രസവത്തിൽ ഉണ്ടായ ഇരട്ടകുട്ടികളെ ഒരുനോക്ക് കാണാൻ കഴിയാതെയാണ് ആ അമ്മ യാത്രയാവുന്നത്
മൃതദേഹം രാവിലെ 10 – മണിയോടെ തമ്പലക്കാട്ടെ വീട്ടിൽ എത്തിക്കും. സംസ്ക്കാരം ഇന്ന് ഞായറാഴ്ച കഴിഞ്ഞ് മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പിൽ.