വിദ്യാർഥികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്
:കോവിഡ് മൂന്നാംതരംഗത്തിന് അയവു വന്നതോടെ വിദ്യാർഥികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു. ജില്ലയിൽ 912 സ്കൂളുകളിലാണ് അധ്യയനം ആരംഭിക്കുന്നത്.
സ്കൂളുകളെല്ലാം കഴിഞ്ഞ ദിവസം വൃത്തിയാക്കിയിരുന്നു. സ്കൂൾ പരിസരങ്ങളിലെ പുല്ലും പടർപ്പും ഒക്കെ വെട്ടിനീക്കി. ക്ലാസ് മുറികൾ വൃത്തിയാക്കി. പൊടിപിടിച്ചു കിടന്ന മേശയും കസേരയുമെല്ലാം കഴുകിത്തുടച്ചാണ് കുട്ടികളെ വരവേൽക്കാൻ സ്കൂളുകളിൽ ഒരുക്കങ്ങൾ നടത്തിയത്. മുന്പത്തേപോലെ തെർമൽ സ്കാനറും സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്.
അതേസമയം കുട്ടികൾക്ക് സന്തോഷമാണെങ്കിലും രക്ഷിതാക്കളുടെ ആശങ്ക ബാക്കിയാണ്. മൂന്നാം തരംഗം മൂർധന്യത്തിലെത്തിയതോടെയാണ് വീണ്ടും ഓണ്ലൈൻ ക്ലാസുകളിലേക്കു നീങ്ങിയത്. 10, 11, 12 ക്ലാസുകൾ ഒരാഴ്ച മുന്നേ തുടങ്ങിയിരുന്നു. മുന്പത്തേ പോലെ 50 ശതമാനം കുട്ടികളാണ് ആദ്യം ക്ലാസുകളിലെത്തുക.
സ്കൂളുകളിലെത്തുന്ന കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നത് അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരേപോലെ ആശങ്കയുമുണ്ടാക്കുന്നുണ്ട്.
ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും ഇപ്പോഴും കോവിഡ് ബാധിതരാണ്. അധ്യാപകരുടെ കുറവ് ക്ലാസിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. അതേപോലെ ക്ലാസുകൾ സാമൂഹിക അകലം പാലിച്ചാകണമെന്നത് എത്രമാത്രം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.
ഇന്ധനവില ഏറിനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ ബസുകൾ പല ട്രിപ്പ് നടത്തുന്നതും പ്രായോഗികമല്ല. ഉൾപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ബസുകളുടെ കുറവ് ഇപ്പോഴുമുണ്ട്. ഇതു വിദ്യാർഥികളുടെ യാത്രയെ ബാധിക്കും.
പ്രധാന പരീക്ഷകൾക്ക് മുന്നേ കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവം കിട്ടുന്നത് പരീക്ഷാ ഒരുക്കത്തെ മെച്ചമാക്കുമെന്നും വീട്ടിനുള്ളിൽ അടച്ചിരുന്നതുമൂലമുള്ള മാനസിക സമ്മർദം കുറയ്ക്കാൻ നേരിട്ടുള്ള ക്ലാസ് സഹായിക്കുമെന്നും അധ്യാപകർ പറയുന്നു