ചിട്ടിതട്ടിപ്പ്: പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ
പൊൻകുന്നം : മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വനിതാക്കൂട്ടായ്മ നടത്തിയ ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പൊൻകുന്നം പോലീസ് സ്റ്റേഷനിൽ. നേരത്തേ സ്റ്റേഷനിൽ നടത്തിയ ഒത്തുതീപ്പർനുസരിച്ച് പണം കൊടുത്തുതീർക്കുമെന്നറിയിച്ച വെള്ളിയാഴ്ച ഇന്നലെ നടപടിയുണ്ടാകാഞ്ഞതിനാലാണ് പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പോലീസ്സ്റ്റേഷനിൽ എത്തിയത്.
ഇന്നലെ ചിട്ടിനടത്തിപ്പുകാർ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാർക്ക് മൂവായിരം രൂപ വീതം നൽകാൻ മാത്രമേ ഇത് തികഞ്ഞുള്ളൂ. അയൽക്കൂട്ടത്തിന്റെ പേരിൽ അനൗദ്യോഗികമായി ചിറക്കടവ് രണ്ടാംവാർഡിൽ മുൻ പഞ്ചായത്തംഗമായ വനിത ഉൾപ്പെടെ ഒന്പത് വനിതകൾ ചേർന്നു നടത്തിയ ചിട്ടിയിലാണ് മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടത്.
അനൗദ്യോഗികമായി നടത്തിവന്ന ചിട്ടി പിന്നീട് ഏതാനും സ്ത്രീകൾ സ്വന്തനിലയിൽ കൈകാര്യം ചെയ്യുകയായിരുന്നു. കുടുംബശ്രീയുടെ പേരിൽ രജിസ്ട്രേഷനില്ലാതെ മുൻ പഞ്ചായത്തംഗമുൾപ്പെടെയുള്ളവർ നടത്തിയ ഒന്നരലക്ഷം രൂപയുടെ ചിട്ടിയിൽ 154 പേർ ചേർന്നിരുന്നു.
ഒരു ലക്ഷം രൂപയോളം അംഗങ്ങൾ അടച്ചിരുന്നു. ചിട്ടി കിട്ടിയവർക്കാർക്കും പണം നൽകിയില്ല. മുൻപഞ്ചായത്തംഗം 20 ലക്ഷം രൂപയിലേറെയും മറ്റൊരു സ്ത്രീ 37 ലക്ഷം രൂപയും മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക മറ്റുള്ളവരുടെ കൈയിലുമായി. ഇവരിൽ ചിലർ പണം കിട്ടാനുള്ളവർക്ക് പ്രോമിസറി നോട്ടെഴുതി നൽകാൻ തയാറായതോടെയാണ് താത്കാലിക പരിഹാരമായത്.