ഞള്ളമറ്റം എലൈറ്റ് ലൈബ്രറി മന്ദിരം ശിലാസ്ഥാപനം നടത്തി
കാഞ്ഞിരപ്പള്ളി : അറുപതു വർഷം പഴക്കമുള്ള ഞള്ളമറ്റം എലൈറ്റ് ലൈബ്രറിക്കു പുതിയ മന്ദിരം ഒരുങ്ങുന്നു. ബലക്ഷയം മൂലം അപകടവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കഞ്ഞിരപ്പള്ളി പഞ്ചായത്ത് 19 – ആം വാർഡിൽ ഞള്ളമറ്റം കവലയിലാണ് കെട്ടിടം.
കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം ഈ നാടിന്റെ സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുവാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. പൊതു തെരഞ്ഞെടുപ്പുകൾക്ക് പോളിങ് ബൂത്തായും ഉപയോഗിക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ്ക്ല്‌ബും കർഷക മാർക്കറ്റും ഈനാട്ടിലെ കർഷകർക്ക് വലിയ ആശ്വാസമാണ്.ലൈബ്രറിക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി വസ്തു നൽകിയത് കരിമ്പാനൽ കുടുംബക്കാരാണ്. ലൈബ്രറി കൗൺസിലിന്റെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആണിത്.
ജില്ലാപഞ്ചത്താണ് കെട്ടിട നിർമാണത്തിനുള്ള ഇരുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചത്.
കാഞ്ഞിരപ്പള്ളി പഞ്ചയാത്തു പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെസി ഷാജൻ ശീലസ്ഥാപനകർമം നിർവഹിച്ചു. വാർഡ് മെമ്പർ റിജോ വളാന്തറ, ജോളി മടുക്കക്കുഴി,കെ.എസ് എമഴ്സൺ, ജെസി മലയിൽ, റോസമ്മ തോമസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി പി രാധാകൃഷ്ണൻ, സജി തോമസ്, സെബാസ്റ്റ്യൻ ജോസഫ് ഒറ്റപ്ലാക്കൽ, പി എം ജെയിംസ്,ഷാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.