SAPS ന്റെ പ്രിയപ്പെട്ട തോക്കനാട്ടച്ചൻ വീണ്ടും SAPS ന്റെ പ്രിൻസിപ്പാളായി ചുമതലയേറ്റു
കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിനെ, ഇന്ത്യയിലെ അറിയപ്പെടുന്ന സ്‌കൂളാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന, 1996 മുതൽ 2010 വരെയുള്ള വർഷങ്ങളിൽ വൈസ് പ്രിൻസിപ്പാളായും, പ്രിൻസിപ്പാളായും 15 വർഷത്തോളം മികവാർന്ന സേവനം ചെയ്ത ഫാ. ആന്റണി തോക്കനാട്ട്, പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും SAPS ന്റെ പ്രിൻസിപ്പാളായി ചുമതലയേറ്റു. നാലായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സെന്റ് ആന്റണീസ് സ്‌കൂളിലെ ഒരോ കുട്ടിയേയും പേരെടുത്തുവിളിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു . 2010 -ൽ സ്‌കൂളിലെ സേവനത്തിൽ നിന്നും മറ്റൊരു ദൗത്യവുമായി മാറിയ ശേഷം കഴിഞ്ഞ പത്തു വർഷങ്ങളായി അമേരിക്കയിലെ ഒരു ഇടവകയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തായിരുനെങ്കിലും, തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളുമായി വളരെ അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം അവരുടെ ജീവിതവിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചിരുന്ന വ്യകതിയാണ്.
കോവിഡ് ഉയർ ത്തിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ അനിതരസാധാരണമായ തന്മയത്വത്തോടും ആത്മവിശ്വാസത്തോടുംകൂടി കഴിഞ്ഞ രണ്ടു വർഷം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ഫാ. ജോഷി സെബാസ്റ്റ്യൻ ഉപരിപഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് ഫാ. ആന്റണി തോക്കനാട്ട് പ്രിൻസിപ്പലായി വീണ്ടും ചുമതലയേറ്റത്.