കാണാതെപോയ കുഞ്ഞുകുട്ടൻ പൂച്ചയെ 18 ദിവസങ്ങൾക്ക് ശേഷം തിരികെ കിട്ടി.. സന്തോഷത്തോടെ ഡെയ്സി വാക്കുപാലിച്ചു, പൂച്ചയെ കണ്ടെത്തിയ ആൾക്ക് അയ്യായിരം രൂപ പാരിതോഷികം നൽകി
കാഞ്ഞിരപ്പള്ളി: ഒന്നരവര്‍ഷമായി തന്റെ കൂടെയുള്ള കുഞ്ഞുകുട്ടൻ എന്ന് ഓമനപേർ വിളിക്കുന്ന, അരുമയായ വളര്‍ത്ത് പൂച്ചയെ കാണാതെപോയത്തിൽ വിഷമിച്ചിരുന്ന ഡെയ്സിയ്ക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന എറണാകുളം സ്വദേശിനിയയായ ഡെയ്സി, തന്റെ അരുമയായ പൂച്ചയെ ഒപ്പം കൂട്ടിയാണ് ആശുപത്രിയിൽ എത്തിയത്. അവിടെ നിന്നുമാണ് പൂച്ചയെ കാണാതെ പോയത്. കാണാതെപോയ പൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് 5000 രൂപ ഡെയ്സി പരിതോഷികം പ്രഖ്യാപിച്ച് വഴിയിലുടനീളം പോസ്റ്റർ പതിച്ചിരുന്നു. പൂച്ചയെ കണ്ടെത്തുവാൻ നാട്ടുകാരും, മറ്റുള്ളവരും ഏറെ അന്വേഷണങ്ങൾ നടത്തിയിരുന്നു. എന്തായാലും, 18 ദിവസങ്ങൾക്ക് ശേഷം കുഞ്ഞുകുട്ടനെ സുരക്ഷിതമായി കണ്ടെത്തി, ഡെയ്സിയെ തിരികെ ഏൽപ്പിച്ചു.
കാണാതായ സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ ദൂരെയുള്ള കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിൽ പ്രവർത്തിക്കുന്ന മറ്റത്തിൽ മീറ്റ് ആൻ ഡ് ചിക്കൻ സെന്റർ ഉടമ ജോമോനാണ് മീൻ തിന്നുവാൻ തന്റെ കടയിലെത്തിയ പൂച്ചയെ പിടിച്ച് കൂട്ടിലാക്കി ഡെയ്സിക്ക് കൈമാറിയത്. തുടര്‍ന്ന് താൻ പ്രഖ്യാപിച്ചിരുന്ന പാരിതോഷിക തുകയായ അയ്യായിരം രൂപ ഡെയ്സി, ജോമോന് വളരെ സന്തോഷത്തോടെ നല്കി.
.
പൂച്ചയെ തിരികെ ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഡെയ്സി പറഞ്ഞു. എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്സി ആയുര്‍വേദ ചികിത്സയ്ക്കായാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. ഫ്ളാറ്റിലെ തന്റെ സന്തത സഹചാരിയായ കുഞ്ഞുകുട്ടനെയും ഇവര്‍ ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍വച്ച് ഒരു ദിവസം കുഞ്ഞുകുട്ടനെ കാണാതായി. തുടര്‍ന്നാണ് തന്റെ വളര്‍ത്തു പൂച്ചയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇവര്‍ വഴിയിലുടനീളം പോസ്റ്റര്‍ പതിച്ചതു മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തിരികെ കിട്ടിയ കുഞ്ഞുകുട്ടനുമായി എറണാകുളത്തേക്കു യാത്ര തിരിക്കാനൊരുങ്ങുകയാണ് ഡെയ്സി.