ശമ്പളം ഒരു ലക്ഷത്തിലേറെ; 2 വർഷം ജോലി ചെയ്താൽ അടുത്ത മാസം മുതൽ പെൻഷൻ
∙ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കു പെൻഷൻ ലഭിക്കുക 60 വയസ്സിനു ശേഷം. സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷനെങ്കിലും കിട്ടണമെങ്കിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്യണം. എന്നാൽ, രാഷ്ട്രീയ താൽപര്യവും വ്യക്തി താൽപര്യവും നോക്കി മാത്രം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ഓഫിസിൽ നിയമിക്കുന്ന പഴ്സനൽ സ്റ്റാഫിനു വിരമിച്ചാൽ പിറ്റേ മാസം മുതൽ കിട്ടും പെൻഷൻ. ഇൗ വിചിത്രമായ ആചാരം രാജ്യത്തെ പല സംസ്ഥാനങ്ങളും നടപ്പാക്കാൻ ധൈര്യപ്പെടാത്തപ്പോഴാണ് ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിട്ടും കേരളം പിന്തുടരുന്നത്.
2 വർഷം ജോലി ചെയ്താൽ പെൻഷൻ വാങ്ങാൻ കഴിയുന്നതിനാൽ ഓരോ മന്ത്രിമാരും 2 വർഷം ഒരാളെയും അടുത്ത 2 വർഷം മറ്റൊരാളെയും നിയമിച്ച് 5 വർഷത്തിനിടെ ഒരു തസ്തികയിൽ 2 പേർക്ക് വീതം പെൻഷൻ വാങ്ങാൻ അവസരമൊരുക്കി കൊടുക്കുകയാണ്. പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 30ൽ നിന്ന് 25 ആക്കി കുറച്ചെന്ന് അവകാശപ്പെടുമ്പോഴും ആവർത്തിച്ചുള്ള നിയമനം ഫലത്തിൽ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം ഇരട്ടിയാക്കുകയാണ്. 18 വയസ്സിൽ പഴ്സനൽ സ്റ്റാഫിൽ കയറിയ ആൾ 20 വയസ്സിൽ അവിടെ നിന്നിറങ്ങിയാൽ മരണം വരെ പെൻഷൻ വാങ്ങാം. ഓരോ പെൻഷൻ പരിഷ്കരണത്തിലും പെൻഷൻ വർധിപ്പിച്ചു നൽകുകയും ചെയ്യും. 2400 രൂപയായിരുന്ന മിനിമം പെൻഷൻ കഴിഞ്ഞ പരിഷ്കരണത്തോടെ 3550 രൂപയായി.
30 വർഷം സർവീസ് ഉള്ളവർക്ക് മുഴുവൻ പെൻഷൻ ലഭിക്കും. പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിക്കും ഒപ്പം മാറിമാറി പഴ്സനൽ സ്റ്റാഫിൽ എത്തിയ ഒരാൾ ഇപ്പോൾ തന്നെ 30 വർഷം സേവനം പിന്നിട്ടു. അദ്ദേഹത്തിനു വിരമിക്കുമ്പോൾ മുഴുവൻ പെൻഷൻ ലഭിക്കുമെന്നു മാത്രമല്ല സർക്കാർ ജീവനക്കാരെപ്പോലെ 56 വയസ്സിൽ വിരമിക്കേണ്ടതുമില്ല. സർക്കാർ തുടരും വരെ സർവീസിൽ വാഴാം. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലെ സർക്കാർ ജീവനക്കാർ വിരമിച്ച ശേഷം മരിച്ചു പോയാൽ കുടുംബ പെൻഷനില്ല. എന്നാൽ, പഴ്സനൽ സ്റ്റാഫിന് കുടുംബ പെൻഷനും അർഹതയുണ്ട്.
ഒടുവിൽ 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്ത ശമ്പള, പെൻഷൻ പരിഷ്കരണം അതിവേഗമാണ് പഴ്സനൽ സ്റ്റാഫിനും അനുവദിച്ച് ഉത്തരവിറക്കിയത്. ഇവരുടെ ക്ഷേമത്തിനായുള്ള ഫയലുകൾ അതിവേഗം വകുപ്പുകളിൽനിന്നു വകുപ്പുകളിലേയ്ക്കു നീങ്ങും. 1250 പേർ ഇപ്പോൾ പഴ്സനൽ സ്റ്റാഫ് പെൻഷൻ സർക്കാർ ഖജനാവിൽ നിന്നു കൈപ്പറ്റുന്നു. സർക്കാർ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കും.
ശമ്പളം 1.25 ലക്ഷം വരെ
സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറിക്കു തുല്യമായ ശമ്പളമാണ് പഴ്സനൽ സ്റ്റാഫിനു ലഭിക്കുന്ന ഉയർന്ന ശമ്പളം. പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാർക്കുമാണ് ഇൗ ശമ്പളം ലഭിക്കുക. തൊട്ടു താഴെയുള്ള പഴ്സനൽ സ്റ്റാഫിന് സർക്കാർ സർവീസിലെ തത്തുല്യമായ റാങ്കിലെ ജീവനക്കാരനു ലഭിക്കുന്ന ശമ്പളം കിട്ടും. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനു മാത്രം ശമ്പളം ഒന്നര ലക്ഷം രൂപയാക്കി കഴിഞ്ഞ സർക്കാരിന്റെ കാലത്തു വർധിപ്പിച്ചു നൽകി. ശമ്പളം വാങ്ങുന്നത് സർക്കാരിൽനിന്നാണെങ്കിലും ചില പഴ്സനൽ സ്റ്റാഫ് ജോലി ചെയ്യുന്നത് പാർട്ടി ഓഫിസിലും നേതാക്കളുടെ വീട്ടിലും ഒക്കെയാണ്.
മന്ത്രിക്കു വയ്ക്കാം 30 പേരെ
മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് എന്നിവർക്ക് നിയമിക്കാവുന്ന പഴ്സനൽ സ്റ്റാഫ് ഇങ്ങനെ
പ്രൈവറ്റ് സെക്രട്ടറി 1
അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി 3
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 4
പഴ്സനൽ അസിസ്റ്റന്റ് 1
അഡിഷനൽ പഴ്സനൽ അസിസ്റ്റന്റ് 1
ക്ലാർക്ക് 2
അസിസ്റ്റന്റ് 1
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 2
ടൈപ്പിസ്റ്റ് 2
ഷോഫർ/പ്യൂൺ/കുക്ക് 13
ആകെ 30
(*30 പേരെ നിയമിക്കാമെങ്കിലും 27 പേരെ മതിയെന്നാണ് എൽഡിഎഫ് തീരുമാനം. അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരിൽ 2 പേരെയും സെക്‌ഷൻ ഒാഫിസറെയും സർക്കാർ സർവീസിൽനിന്നു ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നു വ്യവസ്ഥയുണ്ട്.)
30 പോരാഞ്ഞിട്ട് 37 ആക്കി മുഖ്യമന്ത്രി
30 പേരെ നിയമിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടെങ്കിലും ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി 25 പേരെ നിയമിച്ചാൽ മതിയെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നത്. എന്നാൽ, ഭരണത്തിന്റെ അവസാന കാലയളവിൽ ചട്ടം ഭേദഗതി ചെയ്ത് മുഖ്യമന്ത്രിക്ക് 37 പേരെ നിയമിക്കാൻ മന്ത്രിസഭ അവസരമൊരുക്കി. ഭരണത്തിലേറിയപ്പോൾ നിയമിച്ച 7 പേരെക്കൂടി പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നതിനു വേണ്ടിയായിരുന്നു ഇൗ ചട്ടം മാറ്റിയെഴുതൽ. പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫിൽപെട്ട ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താനായിരുന്നു ഇത്. ഇനിയുള്ള സർക്കാരുകൾക്കും 37 പേരെ നിയമിക്കാനുള്ള അവസരവും അങ്ങനെ പിണറായി സർക്കാർ ഒരുക്കിക്കൊടുത്തു.
പഴ്സനൽ സ്റ്റാഫ് 4 മാത്രമെങ്കിലും രാജ്ഭവനിൽ വൻ ഉദ്യോഗസ്ഥ സന്നാഹം
ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ 4 പേർ മാത്രമേയുള്ളൂവെങ്കിലും രാജ്ഭവനിലെ ഉദ്യോഗസ്ഥ സന്നാഹം വളരെ വിപുലമാണ്. ഗവർണറുടെ സെക്രട്ടറി തസ്തികയിലുള്ളത് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഓൾ ഇന്ത്യ സർവീസിൽ നിന്നുള്ള 2 എഡിസിമാർ, 60,900- 1,03,600 ശമ്പള സ്കെയിലിൽ ഒരു കൺട്രോളർ, ഒരു ലക്ഷത്തിനു മേൽ ശമ്പളമുള്ള 2 ഡപ്യൂട്ടി സെക്രട്ടറിമാർ, 90,000 ശമ്പളമുള്ള 2 അണ്ടർ സെക്രട്ടറിമാർ, പ്രൈവറ്റ് സെക്രട്ടറി, പിആർഒ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, പിഎ, അഡീഷനൽ പിഎ, ഒരു ഹയർ ഗ്രേഡ് സെക്‌ഷൻ ഓഫിസർ, 2 സെക്‌ഷൻ ഓഫിസർ, ഒരു ടൂർ സൂപ്രണ്ട്, 12 അസിസ്റ്റന്റുമാർ, 4 ടൈപ്പിസ്റ്റ്, 2 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, 22 ഓഫിസ് അറ്റൻഡന്റ്, 2 ഡഫേദാർ, ഒരു ബൈൻഡർ, 2 മോട്ടർ സൈക്കിൾ ഡെസ്പാച്ച് റൈഡർ, ഒരു തയ്യൽക്കാരൻ, 2 കുക്ക്, തുണി കഴുകാൻ 2 അലക്കുകാർ, അവർക്ക് ഒരു സൂപ്പർവൈസർ, ഒരു കാർപെന്റർ, 12 ഗാർഡനർമാർ, 5 ലാസ്കർ, 4 വെയ്റ്റർ എന്നിങ്ങനെ പോകുന്ന ഗവർണറുടെ സഹായികൾ.
10.83 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം ബജറ്റിൽ രാജ്ഭവനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമേ മെഡിക്കൽ ഓഫിസർ അടക്കം ആരോഗ്യവകുപ്പിൽ നിന്ന് 6 ജീവനക്കാരുമുണ്ട്. ഗവർണറുടെ ശമ്പളത്തിനായി 42 ലക്ഷവും ആവശ്യാനുസരണം ചെലവഴിക്കാൻ 25 ലക്ഷവും പ്രതിവർഷം വകയിരുത്തിയിട്ടുണ്ട്. രാജ്ഭവനിലേയ്ക്ക് എന്തു വേണമെന്ന് ആവശ്യപ്പെട്ടാലും അപ്പോൾ അനുവദിച്ച് സർക്കാർ ഉത്തരവുമിറക്കും.