ചേനപ്പാടിക്കാർക്ക് ആശ്വാസവാർത്ത .. കടവനാൽകടവ് പാലത്തിന്റെ തകരാർ പരിഹരിക്കുന്നതിന് 68.3 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ചേനപ്പാടി: കഴിഞ്ഞ നാലു മാസക്കാലമായി ചേനപ്പാടിക്കാർ അനുഭവിക്കുന്ന യാത്രദുരിതത്തിന് അറുതിയാകുന്നു. ഒക്ടോബർ 16 നു നടന്ന മഹാപ്രളയത്തിൽ , മണിമലയാറിനു കുറുകെ വിഴിക്കിത്തോട്, ചേനപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കടവനാൽകടവ് പാലം ഗുരുതരമായ അപകടത്തിലായിരുന്നു. . നാലുമാസമായി ഭാരവണ്ടികളും വലിയവാഹനങ്ങളും ഇതുവഴി കടത്തിവിടുന്നില്ല. അതോടെ ചേനപ്പടിയിലേക്കുള്ള ഗതാഗതം താറുമാറായി.

പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ സ്പാനുകൾ തെന്നിമാറി അപകടത്തിലായ ചേനപ്പാടി കടവനാൽകടവ് പാലത്തിന്റെ തകരാർ പരിഹരിക്കുന്നതിന് 68.3 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ് അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു . ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനാൽ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ടെൻഡർ നടപടിയുണ്ടാവുമെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.

പ്രളയജലത്തിന്റെ സമ്മർദ്ദം മൂലവും ഒഴുകിയെത്തിയ തടികളിടിച്ചും വിഴിക്കിത്തോടുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്പാനാണ് രണ്ടരയടിയിലേറെ തെന്നിമാറിയത്. മറ്റ് സ്പാനുകൾ ഏതാനും ഇഞ്ചുവീതം തെന്നിയകന്നിട്ടുണ്ട്. ഇതോടെ പാലത്തിന്റെ ഉപരിതലത്തിൽ സ്പാനുകൾ കൂടിച്ചേരുന്നിടം അകന്നുമാറി. തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന സ്പാനുകൾ ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തിമാറ്റി തമ്മിൽ കൂടിച്ചേരുംവിധം ഉറപ്പിക്കും. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ബെയറിങ്ങുകളും മാറ്റും. പാലത്തിന്റെ അടിത്തട്ടിൽ കൽക്കെട്ടിടിഞ്ഞിട്ടുണ്ട്. അതുകൂടി ചേർത്താവും നിർമാണപ്രവർത്തനമെന്ന് പൊതുമരാമത്ത്(പാലം) വിഭാഗം കോട്ടയം എക്‌സി.എൻജിനീയർ അറിയിച്ചു.

error: Content is protected !!