ചക്ക … ഇത്തവണ മികച്ച വരുമാനം; കിലോയ്ക്ക് 20 മുതൽ 35 രൂപ വരെ

പൊൻകുന്നം ∙ അത്യുൽപാദന ശേഷിയുള്ള പ്ലാവു നട്ട കർഷകർക്ക് ഇത്തവണ മികച്ച വരുമാനം. നല്ല ആകൃതിയുള്ള ചക്ക കിലോയ്ക്ക് 20 മുതൽ 35 വരെ വിലയ്ക്കാണ് എറണാകുളത്തു നിന്നുള്ള വ്യാപാരികൾ ശേഖരിക്കുന്നത്. വിയറ്റ്നാം ഏർളി വിഭാഗത്തിൽപെടുന്ന ഒരു ചക്ക ശരാശരി 6– 8 കിലോ വരും. പച്ചയ്ക്കും പഴുപ്പിച്ചും കഷണങ്ങളാക്കി വിൽക്കുകയാണു ചെയ്യുന്നത്. വലുപ്പം അനുസരിച്ചാണ് വില. പൾപ്പ്, സ്ക്വാഷ് നിർമാണ കമ്പനികളും വിളഞ്ഞ ചക്ക ശേഖരിക്കുന്നു.

5 കിലോഗ്രാം വരെയുള്ള ഇടിച്ചക്കയ്ക്കും നല്ല ഡിമാൻഡാണ്. ഉത്തരേന്ത്യയിലേക്കാണ് ലോഡ് പോകുന്നത്. കിലോയ്ക്ക് ശരാശരി 45 – 50 രൂപ നിരക്കിൽ വിൽപന നടത്തുന്നു. മുൻവർഷത്തെ അത്ര വിൽപന ഇത്തവണ എത്തിയിട്ടില്ലെന്നു വ്യാപാരി കുമളി ഒന്നാം മൈൽ പുതുപ്പറമ്പിൽ ബിബിൻ തോമസ് പറഞ്ഞു. കോതമംഗലം, കോഴഞ്ചേരി, പിറവം മേഖലകളിലെ ചക്ക പ്രോസസിങ് യൂണിറ്റുകളും ഇടിച്ചക്ക ശേഖരിക്കുന്നുണ്ട്. ഒന്നര കിലോ വരെയുള്ള കിലോയ്ക്ക് 24 മുതൽ 29 രൂപ വരെ നിരക്കിലാണ് ഇവർ വാങ്ങുന്നത്.

error: Content is protected !!