അത്ഭുതം, അവിശ്വസനീയം.. ദൈവം കൈക്കുള്ളിൽ ഒതുക്കി രക്ഷപെടുത്തിയതുപോലെ…
June 11, 2018 By
സംഹാരതാണ്ഡവമാടിയ ചുഴലികൊടുങ്കാറ്റിന്റെ നടുവിൽ മൂന്നു കുട്ടികൾക്കൊപ്പം അകപെട്ടുപോയ ഷാജി, അനിവാര്യമായ വൻദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അദ്ഭുതകരമായ സംഭവം വിവരിക്കുന്നു.. ഞെട്ടലോടെയല്ലാതെ ഇത് കേൾക്കുവാൻ സാധിക്കില്ല..
കാഞ്ഞിരപ്പള്ളി / പൊടിമറ്റം : ദൈവം കൈക്കുള്ളിൽ ഒതുക്കിപിടിച്ചു വൻദുരന്തത്തിൽ നിന്നും രക്ഷപെടുത്തി എന്നൊക്കെ പലരും മേനി പറയുമെങ്കിലും പൊടിമറ്റം പുൽകുന്ന് വണ്ടൻപാറ സ്വദേശി പറപ്പള്ളിൽ ഷാജിയ്ക്കും കുട്ടികൾക്കും അത് നേരിട്ട് അനുഭവമായി. ജീവിതം ദയനീയമായി അവസാനിച്ചു എന്നുറപ്പിച്ചു ഷാജി തന്റെ മകളെയും കൊച്ചുമകനെയും കെട്ടിപിടിച്ചു അനിവാര്യമായ മരണത്തെ സ്വീകരിക്കുവാൻ തയ്യാറെടുത്തെങ്കിലും അത്ഭുതങ്ങൾ അവിടെ സംഭവിച്ചപ്പോൾ ഒരു പോറൽ പോലും എല്ലാവരും ഏൽക്കാതെ രക്ഷപെട്ടു..
പൊടിമറ്റം ഭാഗത്തു തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ പെട്ട് മരങ്ങളും വൈദുതി പോസ്റ്റുകളും ചുറ്റും ചുഴറ്റി എറിയപെട്ടപ്പോൾ അതിന്റെ നടുവിൽ പെട്ടുപോയ നാല് പേർ അത്ഭുതകരമായി അവിശ്വസനീയമായി രക്ഷെപ്പട്ടു.
സംഭവം ഇങ്ങനെ : എരുമേലി എം ഈ എസ് കോളേജിൽ പഠിക്കുന്ന മകൾ ശബാനയെയും, കൂട്ടുകാരി കൃപയെയും ഇരുപത്തി ആറാം മൈലിൽ നിന്നും തന്റെ ഓട്ടോ റിക്ഷയിൽ കയറ്റി പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്‌കൂളിൽ പഠിക്കുന്ന കൊച്ചു മകൻ ആമിർ ഷിഹാബിനെയും ഒപ്പം കൂട്ടി വീട്ടിലേക്കു പോവുകയായിരുന്നു പൊടിമറ്റം പുൽകുന്ന് വണ്ടൻപാറ സ്വദേശി പറപ്പള്ളിൽ പി എസ് ഷാജി. പൊടിമറ്റത്തു നിന്നും ഇടത്തോട്ടു തിരിഞ്ഞു ആനക്കല്ലിനുള്ള റോഡിൽ കൂടി മുൻപോട്ടു പോവുകയായിരുന്ന ഷാജി, ഞാവള്ളിപടിയ്ക്കൽ എത്തിയപ്പോൾ റോഡിൽ കിടന്നിരുന്ന ഉണക്ക കമ്പു എടുത്തു മാറ്റുവാൻ വേണ്ടി വണ്ടി നിർത്തി പുറത്തിറങ്ങി കമ്പു വഴിയിൽ നിന്നും മാറ്റി.
തിരികെ വണ്ടിയിൽ കയറുവാൻ തുടങ്ങിയപ്പോൾ എവിടെ നിന്നോ വലിയ മൂളലോടെ ഒരു വലിയ കൊടുങ്കാറ്റ് വരുന്നതായി അനുഭവപെട്ടു. മരങ്ങൾ പെട്ടെന്ന് ആടി ഉലയുവാൻ തുടങ്ങി. സംഭവം പന്തിയല്ലെന്ന് കണ്ടു, മുൻപോട്ടു പോയാൽ സുരക്ഷിതമല്ല എന്ന തോന്നലിൽ തിരികെ മെയിൻ റോഡിലേക്ക് പോയേക്കാം എന്ന് കരുതി ഷാജി ഓട്ടോ പെട്ടെന്ന് തിരിച്ചു. മുന്പോട്ടു നീങ്ങിയ സമയത്തു തൊട്ടടുത്ത് നിന്നിരുന്ന വൈദുതി പോസ്റ്റ് വലിയ ശബ്ദത്തോടെ ഓട്ടോയുടെ ഒരു അടി പിറകിലക്ക് ആർത്തലച്ചു വീണു. ഓട്ടോയുടെ പുറത്തുകൂടി വീണ വൈദുതി കമ്ബിയിൽ നിന്നും തീ പാറി.. ഒരു വശത്തേക്ക് മറിയുവാൻ തുടങ്ങിയ ഓട്ടോ വൈദുതി പ്രവഹിക്കുന്ന കമ്പിയിൽ തൂങ്ങി നിന്നു. ആ നിമിഷം തന്നെ തൊട്ടു മുൻപിൽ വലിയെ ശബത്തോടെ വലിയ ഒരു റബർ മരവും ഒടിഞ്ഞു വീണു.. അവരുടെ വണ്ടിയുടെ ഇടവും വലവും, മുൻപിലും, പിറകിലും മരങ്ങൾ തുരുതുരെ ഒടിഞ്ഞു വീഴുവാൻ തുടങ്ങി..
ചുഴലിക്കാറ്റ് മരങ്ങളെ അടിയോടെ പിഴുതെടുത്തു തോണ്ടി എറിയുകയായിരുന്നു .. ഏതു നിമിഷവും തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായ ആ നാലുപേർ പരസ്പരം കെട്ടിപിടിച്ചുകൊണ്ടു ഈശ്വരനെ വിളിച്ചു നിലവിളിച്ചു .. മറ്റെന്തു ചെയ്യുവാൻ .. വൈദ്യതി പാസ്സുചെയ്യുന്ന കമ്പിയിൽ തൂങ്ങി നിൽക്കുന്ന ഓട്ടോയുടെ ഉള്ളിൽ കിടന്ന അവർ മരണത്തെ മുഖാമുഖം കണ്ടു. അത് കണ്ടു വണ്ടിയിൽ ഉണ്ടായിരുന്ന ഒരു കുട്ടി ബോധംകെട്ടു വീണു..
അടുത്ത നിമിഷം ദൈവം അവരെ ദുരന്തത്തിൽ നിന്നും താങ്ങിയെടുക്കുന്ന തരത്തിലുള്ള അത്ഭുതം അവിടെ നടന്നു. ഒരു മരം കൂടി വൈദുതി കമ്പിയുടെ മേൽ വീണതോടെ ആ ശക്തിയിൽ അടുത്തുണ്ടായിരുന്ന ട്രാസ്‌ഫോർമേർ പറിഞ്ഞുവീണു. അതോടെ വൈദുതി വിശ്ചേദിക്കപ്പെട്ടു . കമ്പിയിൽ നിന്നും വിട്ടുമാറിയ ഓട്ടോ നേരെ നിന്നു.
മിനിറ്റുകൾ മാത്രം നീണ്ടു നിന്ന കൊടുംകാറ്റിന്റെ സംഹതാണ്ഡവം അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് എല്ലാം തകർത്തുകൊണ്ട് നീങ്ങിയപ്പോൾ മരണത്തിന്റെ കൈയിൽ നിന്നും തങ്ങളുടെ ജീവൻ രക്ഷപെട്ടുവെന്ന യാഥാർഥ്യം അവർ അത്ഭുതത്തോടെ മനസ്സിലാക്കി. റംസാൻ പുണ്യം പോലെ ഷാജിയ്ക്കും കുട്ടികൾക്കും തങ്ങൾക്കു ഏറ്റവും വിലപ്പെട്ടത് തന്നെ ഈ പുണ്യമാസത്തിൽ തിരികെ കിട്ടി .. “തങ്ങളെ ആ അപകടത്തിൽ നിന്നും രക്ഷിച്ചു പടച്ചൻ തന്നെ” റംസാൻ നോമ്പ് കൃത്യമായി നോക്കുന്ന ഷാജിയ്ക്ക് നൂറുശതമാനവും ഉറപ്പുണ്ട് ആ കാര്യത്തിൽ ..