ജെസ്ന എവിടെ..?

മുക്കൂട്ടുതറ : എല്ലാവരും ഒരേ ചോദ്യം ഉന്നയിക്കുന്നു. ജെസ്ന എവിടെയാണ്. ഊഹാപോഹങ്ങളും അന്വേഷണങ്ങളും വിവാദങ്ങളും നിറഞ്ഞ മൂന്നുമാസം കടന്നുപോകുമ്പോഴും ഈ വിദ്യാർഥിനി എവിടെയെന്ന് ഒരു സൂചനയുമില്ല. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയം ജയിംസി(20)നെ കാണാനില്ലെന്ന് മാർച്ച് 22-നാണ് വെച്ചൂച്ചിറ, എരുമേലി പോലീസ് സ്‌റ്റേഷനുകളിൽ പരാതി ലഭിച്ചത്.

ആദ്യ പരാതി

കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയാണ് ജെസ്‌ന. പരീക്ഷയ്ക്ക്‌ മുന്നോടിയായി പഠനാവധിയിലായിരുന്ന കുട്ടി അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ 9.30-ന് ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലേക്ക്‌ പോയത്. എന്നാൽ, ജെയിംസിന്റെ മുണ്ടക്കയത്തെ സഹോദരിയുടെ വീട്ടിൽ എത്തിയില്ല. കൂട്ടുകാരോടും ഒന്നും പറഞ്ഞിരുന്നില്ല.

അച്ഛൻ പറയുന്നത്

ജെസ്നയെ അലട്ടിയിരുന്ന പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അച്ഛൻ ജെയിംസ് പറഞ്ഞു. സന്തോഷത്തോടെയാണ് മകളെ 22-ന് രാവിലെയും കണ്ടത്. ജീവനോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. പലയിടങ്ങളിൽ കണ്ടു എന്ന മട്ടിലുള്ള പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമാണോ എന്നു സംശയമുണ്ട്. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചവന്നെന്നും പറയുന്നു.

ബൃഹത്തായ അന്വേഷണം

ആക്ഷേപങ്ങളുണ്ടെങ്കിലും നൂറുപേരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിലുള്ളത്. മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും നിരീക്ഷണ ക്യാമറകളും പോലീസ് പരിശോധിച്ചു. പരുന്തുംപാറയിലും മറ്റും കൊക്കയിൽ ഇറങ്ങിനോക്കി. ജെയിംസ് പണിത കെട്ടിടങ്ങളിൽ ‘ദൃശ്യം’ മാതൃകയിൽ പരിശോധിച്ചു. ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചു. ബന്ധുക്കൾ അടക്കമുള്ളവരുടെ മൊഴി പലവട്ടം എടുത്തു. ‘താൻ മരിക്കാൻ പോകുന്നു’ എന്ന് ജെസ്ന സുഹൃത്തിനയച്ച സന്ദേശവും മറ്റും ഫോണിൽനിന്ന് കണ്ടെടുത്തു. സൗഹൃദം മാത്രമാണ് ജെസ്നയുമായി ഉണ്ടായിരുന്നതെന്ന് സുഹൃത്ത് പറയുന്നു. ഐ.ജി. മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല.

ആക്ഷൻ കൗൺസിൽ

പ്രദേശത്ത് രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ ഡി.ജി.പി.യെ കണ്ട് പരാതി നൽകിയിരുന്നു. ജെസ്നയുടെ കുടുംബമടക്കം ആർക്കെതിരേയുമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളെ സംശയനിഴലിൽ നിർത്താനാണ് ആക്ഷൻ കൗൺസിലിന്റെ ശ്രമമെന്ന് ജെസ്നയുടെ കുടുംബം പറയുന്നു.

error: Content is protected !!